ഒന്നു നടക്കൂ, ഒരിക്കല്‍ കൂടി…

Posted on: June 1, 2019 1:43 pm | Last updated: June 1, 2019 at 1:43 pm

ഇപ്പോള്‍ നിങ്ങള്‍ ബൈക്കില്‍ കുതിക്കുകയാണ്. എവിടേക്കാണെന്നറിയില്ല. ആ കുതിപ്പിനിടയില്‍ ആരെയും കാണണമെന്നില്ല. കണ്ടാല്‍ തന്നെ ഒരു കൈ വീശല്‍. വേണമെങ്കില്‍ ഹായ് കൊടുക്കാം. തീര്‍ന്നു, സൗഹൃദം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ബൈക്ക് ഉപേക്ഷിക്കൂ. രാവിലെ നടക്കൂ. കാണാം കാഴ്ചകള്‍. നാടും വീടും നാട്ടാരും…
റോഡരികില്‍ പാത്രങ്ങളുടെ നീണ്ടനിര. പല നിറത്തിലും തരത്തിലും. കുടിവെള്ളത്തിനാണ് ഗേറ്റിന് മുമ്പിലെ ഈ കാത്തിരിപ്പ്. വലിയ വീടാണ്, മതിലാണ്, ഗേറ്റാണ്. മുറ്റത്ത് കട്ട പതിച്ചതാണ്. പക്ഷേ, വെള്ളമില്ല. വണ്ടിയില്‍ കുടിവെള്ളമെത്തുന്നതും കാത്ത്. ഒന്നും മിണ്ടാതെ പാത്രങ്ങള്‍. കേരളത്തില്‍ 44ആണ് നദികള്‍. നല്ല മഴക്കാലവും. എന്നിട്ടെന്ത്?

നടന്നു പോകുമ്പോള്‍ സുഹൃത്ത് മുമ്പില്‍. ഏറെ നാളായി കണ്ടിട്ട്. നരച്ചു തുടങ്ങുന്ന താടിരോമങ്ങളില്‍ വിരലോടിച്ച് അയാള്‍ പറഞ്ഞു. നമുക്കൊക്കെ അമ്പത് വയസ്സായി. എന്നു വെച്ചാല്‍ അരനൂറ്റാണ്ട് കാലം നമ്മള്‍ ജീവിച്ചു.
ശരിയാണ്, കൂട്ടുകാരാ, കാലം പോയ പോക്ക്.

അയാള്‍ തുടര്‍ന്നു. ഇനിയെത്ര കാലം ഈ യാത്ര എന്നറിയില്ല. അന്നു നമ്മളോടൊപ്പമുണ്ടായിരുന്നവര്‍ ഇന്നെവിടെ എന്നുമറിയില്ല. എങ്കിലും ഒന്നറിയാം. നല്ല വെള്ളം കുടിച്ചും ശുദ്ധമായ വായു ശ്വസിച്ചുമാണ് നാം വളര്‍ന്നത്. ഇനിയുള്ള തലമുറക്ക് അതിനുള്ള ഭാഗ്യമുണ്ടോ എന്നാണ്.
അയാള്‍ യാത്ര പറഞ്ഞു.

അറിഞ്ഞോ, നമ്മുടെ കുഞ്ഞാലിക്ക മരിച്ചു. പത്രം വിതരണം ചെയ്യുന്ന ചന്ദ്രനാണ് പറഞ്ഞത്.
ഒരു നിമിഷം കുഞ്ഞാലിക്കയെ കുറിച്ചോര്‍ത്തു. നല്ല പെട പെടക്കുന്ന മീന്‍ ഞങ്ങള്‍ക്കെത്തിച്ചു തന്ന, കാല്‍നടയായി ഈ ജീവിതമത്രയും താണ്ടിയ കുഞ്ഞാലിക്ക.

അപകടമായിരുന്നു. വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. ഇടിച്ച ബൈക്കുകാരന്‍ നിര്‍ത്താതെ പോയി. ഇങ്ങനെയുമുണ്ട് ഒരു കൂട്ടര്‍, മനുഷ്യത്വം തീരെയില്ലാത്ത…

നടന്നു പോകുമ്പോഴാണ് നാടറിയുക. നന്മയുടെ വെളിച്ചം പരന്നു തുടങ്ങുക. റോഡ് നിറയെ വീണടിയുന്ന ചക്ക മാങ്ങകളുടെ സുഗന്ധത്തിന് സാക്ഷിയാവുക. ആര്‍ക്കും വേണ്ടാതായി ഈ ഫലങ്ങള്‍. ടിന്‍ പാനീയങ്ങളില്‍ ചുണ്ട് ചേര്‍ത്ത് നമ്മുടെ കുട്ടികള്‍.

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പോസ്റ്ററുകളും ബാനറുകളും ബാക്കി കിടക്കുകയാണ്. പലതും പൊതു സ്ഥലങ്ങളില്‍. മാലിന്യമായി. ചാലുകളില്‍ അടിഞ്ഞു കൂടുന്നു അവ.

പത്രത്തില്‍ ഒരു ഫോട്ടോ കണ്ടതോര്‍ക്കുന്നു. ജര്‍മന്‍ തിരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം പ്രചാരണ ബോര്‍ഡുകള്‍ മാറ്റുന്ന പ്രവര്‍ത്തകന്‍. മാറ്റിയില്ലെങ്കില്‍ അവിടെ പാര്‍ട്ടികള്‍ പിഴ നല്‍കണം. ഇവിടെയോ?

നടന്നു നടന്ന് കണാരേട്ടന്റെ ചായക്കടയെത്തി. എക്‌സിറ്റ് പോളുകാരുടെ പ്രധാന താവളമാണിത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്ന് കേട്ടപ്പോഴേ തുടങ്ങി പ്രവചനം.

ട്ടെടുപ്പൊന്നും വേണ്ട. മൂന്ന് വിധത്തിലാണ് പ്രവചനം. ഓരോ ഘട്ടം തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും പ്രവചനം വന്നു. പലവിധമായി എക്‌സിറ്റ് പോള്‍ ബഹളം. പതിനെട്ട് സീറ്റ് വരെയാകാം. മൂന്നില്‍ പ്രതീക്ഷ. ട്വന്റി ട്വന്റിയടിക്കുമെന്ന്.

ഇപ്പോള്‍ ബഹളമൊന്നുമില്ല. ഓരോരുത്തര്‍ കടയുടെ മൂലകളില്‍ ഒതുങ്ങിയിരിക്കുന്നു.

കണാരേട്ടന്‍ പറഞ്ഞു. കേന്ദ്രത്തില്‍ വാരിക്കൂട്ടി. ഇവിടെയൊന്നുമില്ല. ഒരു കൂട്ടരങ്ങനെ. ശരണമയ്യപ്പാ…
പത്തൊമ്പതില്‍ മിന്നും ജയം. പക്ഷേ, വയനാട്ടുകാരന്‍ പ്രധാനമന്ത്രിയായില്ല. അമേഠിയില്‍ ഠീം..! അതാ അങ്ങേ മൂലയില്‍ എക്‌സിറ്റ് പോളുകാരന്‍.

ഇപ്പുറത്തോ? ഒന്നേ ഒന്നു മാത്രം. ബംഗാളിലും ത്രിപുരയിലും വട്ട പൂജ്യം. ഒറ്റച്ചങ്കന്‍!