Connect with us

Kerala

വി മുരളീധരന് ഇനി പുതിയ ദൗത്യം

Published

|

Last Updated

തിരുവനന്തപുരം: ജനിച്ചത് കോൺഗ്രസ് കുടുംബത്തിൽ, പ്രവർത്തന മണ്ഡലമായത് സംഘ്പരിവാറും. കേന്ദ്രമന്ത്രിസഭയിലെത്തിയ വി മുരളീധരന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ ചുരുക്കി വായിക്കാം. കേരളത്തിൽ ബി ജെ പിയുടെ സ്വാധീനം വർധിപ്പിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ സ്ഥാനലബ്ധി.

വിദ്യാർഥി സംഘടനായിൽ തുടങ്ങിയ പ്രവർത്തനം ദേശീയ നേതൃത്വം വരെ ഉയർന്നു. സമാന്തരമായി ആർ എസ് എസിലും സജീവമായി.പടിപടിയായി പ്രവർത്തിച്ച് ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷപദവിയിൽ വരെയെത്തിയ അദ്ദേഹത്തിന് അർഹതക്കുള്ള അംഗീകാരം കൂടിയാണിത്. താഴെത്തട്ട് മുതലുള്ള സംഘടനാ പാടവമാണ് കരുത്ത്. എ ബി വി പി പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനത്തിലെത്തിയ വി മുരളീധരൻ സർക്കാർ ഉദ്യോഗം രാജിവെച്ചാണ് അതിന്റെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായത്. 1983മുതൽ സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 11 വർഷം ആ സ്ഥാനത്ത് തുടർന്നു. 87 മുതൽ മൂന്ന് വർഷം അഖിലേന്ത്യാ സെക്രട്ടറിയും 1994 മുതൽ രണ്ട് വർഷം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായി. 1998ൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി സെൻട്രൽ ഇലക്‍ഷൻ കൺട്രോൾ റൂമിന്റെ ചുമതല വഹിച്ചിരുന്ന വെങ്കയ്യനായിഡുവിന്റെ സഹായിയായി മുരളീധരനുമുണ്ടായിരുന്നു.

വാജ്‌പയി സർക്കാറിന്റെ കീഴിൽ നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയർമാനും ഡയറക്ടർ ജനറലുമായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിലാണ് എ ബി വി പി പ്രവർത്തനം തുടങ്ങുന്നത്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജോലി രാജിവച്ച് മുരളീധരൻ അപ്പോഴേക്കും മുഴുവൻ സമയപ്രവർത്തകനായി.
എ ബി വി പിക്ക് സംഘടനാ രൂപം കൈവരുന്നത് മുരളീധരൻ നേതൃത്വത്തിൽ വന്നതോടെയാണ്. പ്രീഡിഗ്രി ബോർഡ് സമരത്തിലും പോളിടെക്‌നിക് സമരത്തിലും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിനെതിരായ സമരത്തിനും നേതൃത്വം കൊടുത്തു.

മദൻദാസ് ദേവി, ഗോവിന്ദാചാര്യ, ബാൽ ആപ്‌തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപെഴകാൻ കഴിഞ്ഞ മുരളീധരൻ എ ബി വി പിയുടെ ദേശീയ നേതൃത്വത്തിലെത്തി. കേരളത്തിലെ ബി ജെ പി നേതൃത്വത്തിലെത്തിയതോടെയാണ് വി മുരളീധരന്റെ നേതൃപാടവം രാഷ്ട്രീയ രംഗത്ത് ദൃശ്യമാകുന്നത്. മുരളീധരൻ നേതൃത്വത്തിലിരുന്ന ആറ് വർഷം കൊണ്ട് കേരളത്തിന്റെ ഏതാണ്ട് പകുതി ബൂത്തുകളിൽ കമ്മിറ്റിയുണ്ടാക്കാൻ കഴിഞ്ഞു. ബി ജെ പി വോട്ടുകളിൽ ചോർച്ചയുണ്ടാവുന്നു എന്ന പതിവ് ആരോപണം ഉന്നയിക്കാൻ കഴിയാത്ത വിധത്തിൽ സംഘടനാ രംഗത്ത് ശക്തമായ മുന്നേറ്റം നടത്താനായി.

ദേശീയ നേതൃത്വത്തിന്റെ നിർദേശാനുസരണം വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ കാലികമായി ഇടപെടാനും ഏറ്റവും അടിത്തട്ടിൽ പ്രവർത്തകരുടെ കൂടെ അണിചേരാനും മുരളീധരന് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും സി പി എമ്മിലെ കടകംപള്ളി സുരേന്ദ്രനോട് പരാജയപ്പെട്ടു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയുടെ ചുമതലയായിരുന്നു.