Connect with us

National

സുഷമയും ജയ്റ്റ്‌ലിയും മനേകയുമില്ലാതെ മോദി മന്ത്രിസഭ; ഉള്‍പ്പെടാത്ത പ്രമുഖര്‍ വേറെയും

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ സര്‍ക്കാറിലെ പ്രമുഖ മന്ത്രിമാരില്‍ പലരും ഇല്ലാതെ രണ്ടാം മോദി മന്ത്രിസഭ. അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, മനേകാ ഗാന്ധി എന്നിവരുടെ അഭാവമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ജയ്റ്റ്‌ലിയും സുഷമയും ആരോഗ്യ കാരണങ്ങളാല്‍ സ്വയം പിന്മാറുകയായിരുന്നു. സുഷമ ഇത്തവണ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നില്ല. സദസ്സിലിരുന്നാണ് അവര്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീക്ഷിച്ചത്. ഒന്നാം മോദി സര്‍ക്കാറില്‍ വിദേശകാര്യ വകുപ്പു മന്ത്രിയായിരുന്ന സുഷമ വാജ്‌പെയിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാറിലും മന്ത്രിയായിരുന്നിട്ടുണ്ട്. ഒമ്പത് തവണ പാര്‍ലിമെന്റ് അംഗമായി.

കഴിഞ്ഞ സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മന്ത്രിസഭയിലേക്കു പരിഗണിക്കേണ്ടെന്നും വ്യക്തമാക്കി മോദിക്ക് കത്തു നല്‍കിയിരുന്നു. വാജ്‌പെയ് സര്‍ക്കാറിലും വിവിധ വകുപ്പുകളുടെ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. 2009 മുതല്‍ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്.

മുന്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടാതെ പോയി. അവര്‍ പ്രോ ടേം സ്പീക്കറായേക്കുമെന്നാണ് സൂചന. പുതിയ എം പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക, സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനു മുമ്പ് സഭാ നടപടികള്‍ നിയന്ത്രിക്കുക തുടങ്ങിയവയാണ് പ്രോ ടേം സ്പീക്കറുടെ മുഖ്യ ചുമതലകള്‍. ഇത്തവണ യു പിയിലെ സുല്‍ത്താന്‍പൂരില്‍ നിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മനേക നാല് മന്ത്രിസഭകളില്‍ അംഗമായിരുന്നു. എട്ടു തവണ എം പിയായിട്ടുണ്ട്.

ഇവര്‍ മൂന്നു പേരെ കൂടാതെ ജെ പി നദ്ദ, ഉമാഭാരതി, രാജ്യവര്‍ധന്‍ റാത്തോഡ്, സുരേഷ് പ്രഭു, വിജയ് ഗോയല്‍, രാധാ മോഹന്‍ സിംഗ്, ജയന്ത് സിന്‍ഹ, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും പുതിയ മന്ത്രിസഭയില്‍ തഴയപ്പെട്ടു.

Latest