പട്ടിക ജാതി, വര്‍ഗ, പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകണം: രാഹുല്‍ ഗാന്ധി

Posted on: May 30, 2019 12:04 pm | Last updated: May 30, 2019 at 4:42 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് വിപ്ലവകരായ മാറ്റം നിര്‍ദേശിച്ച് നിലവിലെ പ്രസിഡന്റ് രാഹുല്‍ ഗാന്ധി. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമം നടത്തുന്നതിനിടെയാണ് രാഹുല്‍ ആവശ്യം മുന്നോട്ടുവെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷ പദം രാജിവെക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.
ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്തവര്‍ അധ്യക്ഷപദത്തിലേക്ക് കടന്നുവരണമെന്ന് രാഹുല്‍ നേതാക്കളോട് പറഞ്ഞിരുന്നു.
അതേസമയം രാഹുലിനെ അനുനയിപ്പിക്കാന്‍ ഇന്ന് രാജ്യവ്യാപകമായി പാര്‍ട്ടിയുടെ പ്രകടനങ്ങള്‍ നടക്കുകയാണ്. യു പി എ ഘടകക്ഷികളും തീരുമാനം മാറ്റിക്കാന്‍ രാഹുലിന് പിന്നിലുണ്ട്.