Connect with us

Articles

യൗവനം ഒരു ബഹുമതിയാണ്

Published

|

Last Updated

എക്കാലത്തും യൗവനം ഒരു പ്രശ്‌നമായാണ് പൊതുസമൂഹം വിലയിരുത്താറുള്ളത്. സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതും മദ്യപിച്ച് നിലമറക്കുന്നതും വിനോദങ്ങളിലഭിരമിക്കുന്നതുമുള്‍പ്പെടെ യൗവനത്തിന്റെ പല പ്രവണതകളും സമൂഹത്തെ അസ്വസ്ഥമാക്കുന്നു. അവരുടെ കുടുംബവും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹവും അതിന്റെ പേരില്‍ തീ തിന്നുന്നു. എന്നാല്‍ യൗവനം ഒരു സാധ്യതയാണെന്നും അവരുടെ ഊര്‍ജത്തെ ശരിയായ ദിശയിലേക്ക് വഴിതിരിച്ചുവിടാന്‍ സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കും കഴിയാതെ പോകുകയാണെന്നുമുള്ള ഒരു ബോധ്യമാണ് മേല്‍പറഞ്ഞ അസ്വസ്ഥതകളേക്കാളുപരി നമുക്കുണ്ടാകേണ്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണിന്ത്യ. ആരോഗ്യമുള്ള മാനുഷിക വിഭവത്തേക്കാള്‍ വലിയ സമ്പാദ്യമില്ല. ആ അര്‍ഥത്തിലാലോചിക്കുമ്പോള്‍ ഭാവിയെ കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നമുക്കവകാശമുണ്ട്. എന്നാല്‍ അതിനുപയുക്തമാകുന്ന അജന്‍ഡകള്‍ യുവതക്ക് നിര്‍ണയിച്ചു നല്‍കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നതാണ് ശരി. കക്ഷിരാഷ്ട്രീയത്തിന്റെ സംഘര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് വിശാലതയുള്ള രാഷ്ട്രീയമോ രാഷ്ട്രബോധമോ നമ്മുടെ യുവതക്കില്ല. വിവാദങ്ങളുടെ പേരിലല്ലാതെ നമ്മുടെ സര്‍വകലാശാലകള്‍ ചര്‍ച്ചയിലിടം പിടിക്കാറില്ല. ഒരു കായിക മത്സരത്തിന്റെ ഗ്യാലറിയിലിരിക്കുമ്പോഴും പുതുതായി റിലീസ് ചെയ്യുന്ന സിനിമയുടെ ആരവങ്ങള്‍ക്കിടയിലും പ്രകടിപ്പിക്കുന്ന ആവേശത്തേക്കാള്‍ അവര്‍ ഉത്തേജിതരാകുന്ന മറ്റൊരു നിമിഷവും നമുക്ക് കാണാനാകുന്നില്ല. യൗവനത്തിന് അജന്‍ഡ നല്‍കാനാകാത്ത സാമൂഹിക, ഭരണ സംവിധാനങ്ങളാണ് ഈ പരിതസ്ഥിതിയുടെ യഥാര്‍ഥ ഉത്തരവാദികള്‍.

യുവത്വം ഒരു ബഹുമതിയായാണ് ഇസ്ലാം കാണുന്നത്. യൗവനത്തിന്റെ മഹത്വം വിളംബരപ്പെടുത്തുന്ന ഖുര്‍ആന്‍ ശകലങ്ങളും നബി വചനങ്ങളും നിരവധിയാണ്. അനീതിയെ ചെറുത്തുനിന്ന അസ്ഹാബുല്‍ കഹ്ഫിന്റെ കഥപറയുമ്പോള്‍ “അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച യുവാക്കളായിരുന്നു” എന്നു പറഞ്ഞാണ് ഖുര്‍ആന്‍ തുടങ്ങുന്നത് തന്നെ. വാര്‍ധക്യത്തിലുള്ള ആരാധനയേക്കാള്‍ യുവത്വത്തിലുള്ള ആരാധനക്ക് കൂടുതല്‍ പ്രതിഫലമുണ്ടാകും എന്ന് ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിച്ച് തഫ്‌സീറുല്‍ കബീര്‍ എഴുതിവെക്കുന്നുണ്ട്.
യുവത്വത്തെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം അവരുടെ ദൗത്യത്തിലേക്ക് കൃത്യമായി ദിശനിര്‍ണയിക്കുന്നുമുണ്ട് ഇസ്ലാം. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: യുവാവായിരിക്കുമ്പോഴല്ലാതെ അല്ലാഹു ഒരാളെയും പ്രവാചകനായി നിയോഗിച്ചിട്ടില്ല. ഒരു പണ്ഡിതനെയും അദ്ദേഹം യുവാവായിരിക്കുമ്പോഴല്ലാതെ അറിവ് തേടിവന്നിട്ടില്ല. (മുഅ്ജമുല്‍ ഔസത്വ്). യൗവനത്തിന്റെ ദൗത്യത്തെ അടയാളപ്പെടുത്തുന്ന വാക്കുകളാണിത്.

അറിവന്വേഷണങ്ങളുടെ കാലമാണ് യുവത്വം എന്ന ബോധ്യമാണ് അത് നല്‍കുന്നത്. അപ്രകാരം തന്നെ എല്ലാ തിന്‍മകളെയും വകഞ്ഞുമാറ്റി സര്‍വതല സ്പര്‍ശിയായ മാറ്റങ്ങള്‍ സാധ്യമാക്കിയ പ്രവാചകന്‍മാര്‍ യുവത്വത്തിന്റെ പ്രതിനിധികളാണെന്ന പ്രഖ്യാപനം ഓരോ യുവാവിന്റെയും മനസില്‍ തുറന്നിടുന്ന പ്രവര്‍ത്തന വഴികള്‍ അനേകം തലങ്ങളിലേക്ക് പരന്നുകിടക്കുന്നുണ്ട്. അല്ലാഹുവിന്റെ ആരാധനയിലായി ജീവിക്കുന്ന യുവാവിന്, ഉഗ്രപ്രതാപിയായ സൂര്യന്‍ തലയോട് ചേര്‍ന്നുനിന്ന് കത്തിയാളുന്ന മഹ്ശറയില്‍ അര്‍ശിന്റെ തണലുണ്ടാകുമെന്ന നബി(സ്വ)യുടെ വാഗ്ദാനം ഓരോ യുവാവിനെയും തന്റെ പ്രവര്‍ത്തന വഴിയിലേക്കാണ് പ്രചോദിപ്പിക്കുന്നത്. നാഥന്റെ മുന്നില്‍ സുജൂദ് ചെയ്യുകയും അറിവിന്റെയും സേവനത്തിന്റെയും വഴിയില്‍ സമര്‍പ്പിതരാകുകയുമാണ് താന്‍ ചെയ്യേണ്ടത് എന്ന് എല്ലാ യുവാക്കള്‍ക്കും തിരിച്ചറിവ് നല്‍കാന്‍ ഈ തിരുവചനത്തിന് കരുത്തുണ്ട്.

അനസ്(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ഒരു യുവാവും ഒരു വൃദ്ധനെയും അയാളുടെ പ്രായത്തെ പരിഗണിച്ച് ബഹുമാനിക്കില്ല. അക്കാരണത്താല്‍ തന്റെ വാര്‍ധക്യത്തില്‍ ബഹുമാനിക്കുന്നവരെ അല്ലാഹു നിര്‍ണയിച്ചിട്ടല്ലാതെ (തുര്‍മുദി). യൗവനം വാര്‍ധക്യത്തിലേക്കുള്ള കരുതിവെപ്പാണ് എന്ന സത്യം യുവതയെ ബോധ്യപ്പെടുത്തുന്നു ഈ ഹദീസ്. അതോടൊപ്പം യൗവനവും ആരോഗ്യവും അഹങ്കരിക്കാനുള്ളതല്ലെന്നും മറ്റുള്ളവരുടെ വേദനപകുത്തെടുക്കാനുള്ളതാണെന്നും ഓര്‍മിപ്പിക്കുന്നു. അസാധ്യമാണെന്ന് തോന്നുന്നത് പോലും യാഥാര്‍ഥ്യമാക്കാന്‍ യുവത്വത്തിന്റെ ഊര്‍ജസ്വലതക്ക് കഴിയും എന്നും ഇസ്‌ലാം ചരിത്രത്തില്‍ പലകുറി വിളംബരപ്പെടുത്തുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാന്‍ തീരുമാനിച്ച് ഒന്നാം ഖലീഫ അബൂബക്കര്‍(റ) ആ ദൗത്യം സൈദ്ബ്‌ന് സാബിത്(റ)വിനെ ഏല്‍പ്പിച്ചപ്പോള്‍ സംശയിച്ച് നിന്ന അദ്ദേഹത്തിന് ഖലീഫ ആത്മവിശ്വാസം നല്‍കിയത് “നിങ്ങള്‍ ബുദ്ധിമാനായ യുവാവാണ്” എന്ന് പറഞ്ഞായിരുന്നു.
യൗവനം ഒരു ബഹുമതിയും ഒരവസരവുമാണ്.

അതുപയോഗപ്പെടുത്താന്‍ ഓരോ യുവാവും ശ്രദ്ധാലുവാകണം. അതോടൊപ്പം യുവത്വത്തിന്റെ കരുത്ത് നന്‍മയുടെ വഴിയില്‍ വിനിയോഗിക്കാനുള്ള ആലോചനയും കര്‍മ മണ്ഡലങ്ങളുടെ സൃഷ്ടിപ്പും ഭരണകൂടവും പൊതുസമൂഹവും ബാധ്യതയായി ഏറ്റെടുക്കണം.