Connect with us

Articles

നിരാശ വേണ്ട; അകമഴിഞ്ഞ് പശ്ചാതപിക്കാം

Published

|

Last Updated

ഐഹിക ജീവിതത്തില്‍ സൃഷ്ടികളനുഭവിക്കുന്ന മുഴുവന്‍ സൗകര്യങ്ങളും സുഖങ്ങളും സ്രഷ്ടാവിന്റെ കടാക്ഷങ്ങളാണ്. പരിപൂര്‍ണമായ വണക്കത്തോടെയും വിനയത്തോടെയും സ്രഷ്ടാവിന്റെ ഓരോ ഔദാര്യത്തിനും അനുഗ്രഹത്തിനും നന്ദി പ്രകടിപ്പിച്ച് കഴിയേണ്ടത് സൃഷ്ടികളുടെ ബാധ്യതയാണ്. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ പടച്ചവന് വഴിപ്പെട്ട് ജീവിക്കാന്‍ അവന്റെ സാധാരണ പടപ്പുകള്‍ക്ക് കഴിയാറില്ലെന്ന് മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അവന്റെ ചെയ്തികള്‍ ഉടമയോടുള്ള നന്ദികേടായി തീരുകയും ചെയ്യുന്നു. ഔദാര്യവാനായ ഉടമയോട് അടിമ ചെയ്യുന്ന ഓരോ നന്ദികേടും പാപമാണ്. നന്ദികേടിന്റെ രീതിയും തോതും അനുസരിച്ച് പാപത്തിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു.

ചെറുതും വലുതുമായി പാപങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. വന്‍ദോഷങ്ങളില്‍ ഏഴെണ്ണം മഹാ പാതകങ്ങളായി എണ്ണിയവയുമാണ്. നാഥനോടുള്ള നന്ദികേട് നിന്ദാ സ്വഭാവത്തിലെത്തിയാല്‍ വിശ്വാസം പിഴച്ചവനായി കണക്കാക്കുന്ന കുറ്റകൃത്യങ്ങള്‍ വരെയുണ്ട്.
കുറ്റകൃത്യങ്ങള്‍ ഏത് തരത്തിലുള്ളതായാലും പരിഹാരങ്ങളുണ്ട്. പാപം ചെയ്യുന്നവരെ പാടെ കൈയൊഴിയുന്ന മനസ്ഥിതിയല്ല അല്ലാഹുവിന്റെത്. തെറ്റ് സംഭവിച്ചവരില്‍ നിന്നുള്ള പശ്ചാത്താപം അവനിഷ്ടമാണ്. കേവലം ഖേദ പ്രകടനം മാത്രമല്ല; ഉള്ളുരുകിയുള്ള പശ്ചാത്താപം. അതേസമയം, ചെയ്ത തിന്മകള്‍ ചെറുതാണെങ്കില്‍ അവരുടെ സത്കര്‍മങ്ങളുടെ കണക്കനുസരിച്ച് പാപങ്ങളെ അവന്‍ മായ്ച്ചുകളയുന്നു. അടിയാറുകളുടെ പശ്ചാത്താപത്തിനായവന്‍ കാത്തുനില്‍ക്കുന്നില്ല. അടിമകളോട് ഇത്രമേല്‍ മാന്യമായി പെരുമാറുന്ന റബ്ബ് എത്ര പരിശുദ്ധനാണ്!.
“പറയുക. സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ച എന്റെ അടിമകളേ, അല്ലാഹുവിന്റെ കാരുണ്യത്തെതൊട്ട് നിങ്ങള്‍ നിരാശപ്പെടരുത്. നിശ്ചയം അല്ലാഹു എല്ലാ പാപങ്ങളും പൊറുത്ത് തരുന്നവനാണ്. തീര്‍ച്ചയായും ഏറെ പൊറുത്ത് തരുന്നവനും കാരുണ്യം പ്രവര്‍ത്തിക്കുന്നവനും തന്നെയാണവന്‍.

നിങ്ങളിലേക്ക് ശിക്ഷ വരുന്നതിന് മുമ്പ് നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിലേക്ക് താഴ്മയോടെ മടങ്ങുക, അവന് കീഴ്പ്പെടുകയും ചെയ്യുക. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.” (സൂറതുസ്സുമര്‍: 53,54)
സ്രഷ്ടാവിനോട് നന്ദികേട് കാണിച്ചവരോട് വിശുദ്ധ ഖുര്‍ആനിന്റെ ആജ്ഞയാണിത്. സദാസമയം തെറ്റിലായി ജീവിക്കുകയും ഒട്ടും ധര്‍മനിഷ്ഠയില്ലാതെ വര്‍ത്തിക്കുകയും ചെയ്യുന്നവന് പോലും അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെട്ട് കിടക്കുകയാണ്. ആര്‍ക്കും അവനിലേക്കടുക്കാനും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കാനും വിലക്കുകളേര്‍പ്പെടുത്തിയിട്ടില്ല. സംഭവിച്ചു പോയ തെറ്റുകളില്‍ കുറ്റബോധം തോന്നുകയും അതേറ്റു പറയാന്‍ സന്നദ്ധനാകുകയും ചെയ്യണമെന്ന് മാത്രം.
സ്വഹീഹ് മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം പറയാം. ഒരു സ്ത്രീ പ്രവാചകരുടെ സാന്നിധ്യത്തില്‍ ചെന്ന് പറഞ്ഞു: നബിയേ ഞാന്‍ അവിഹിത ഗര്‍ഭം ധരിച്ചിരിക്കുന്നു. അങ്ങ് അതിനുള്ള ശിക്ഷ നടപ്പാക്കണം. നബി (സ്വ) അവരുടെ രക്ഷിതാക്കളെ വിളിപ്പിച്ചു. ഇവളോട് നല്ല നിലയില്‍ പെരുമാറണമെന്ന് കല്‍പ്പിച്ചു. പ്രസവ ശേഷം വരാനാവശ്യപ്പെടുകയും ചെയ്തു. പ്രസവമെല്ലാം കഴിഞ്ഞതിന് ശേഷം ചെയ്ത പാതകത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങാനായി അവര്‍ വീണ്ടും നബിയുടെ അരികിലെത്തി. അവള്‍ക്കെതിരെ ഇസ്‌ലാമിക നിയമ പ്രകാരമുള്ള ശിക്ഷാമുറ സ്വീകരിച്ചു- എറിഞ്ഞ് കൊന്നു. തുടര്‍ന്ന് അവള്‍ക്കുവേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരം നടക്കാനിരിക്കെ ഉമര്‍ (റ) നബി (സ്വ) യോട് ചോദിച്ചു: നബിയേ, അവള്‍ വ്യഭിചാരിയല്ലേ? എന്നിട്ടും അവള്‍ക്കെന്തിനാണ് മയ്യിത്ത് നിസ്‌കരിക്കുന്നത്? നബി (സ്വ) മറുപടി പറഞ്ഞു: അവള്‍ ചെയ്ത തൗബ (പശ്ചാത്താപം) മദീനക്കാരില്‍പ്പെട്ട 70 പേര്‍ക്കിടയില്‍ വീതിക്കുകയാണെങ്കില്‍ അവര്‍ക്ക് മുഴുവന്‍ പാപമോചനത്തിനായി മതിയാകുമായിരുന്നു അത്. (മുസ്ലിം: 1696)

സമാനമായ വേറെയൊരു സംഭവവും ഹദീസില്‍ കാണാം. ഒരാള്‍ നബിയുടെ അരികില്‍ വന്ന് വ്യഭിചാരം ചെയ്തെന്ന് നാല് തവണ സത്യം ചെയ്ത് പറഞ്ഞു. ഓരോ തവണയും നബി അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹം പിന്മാറിയില്ല. ഞാന്‍ ചെയ്ത തെറ്റില്‍ നിന്ന് മുക്തനാകാന്‍ ആഗ്രഹിക്കുന്നുവെന്ന് അയാള്‍ നബിയോട് പറഞ്ഞു. അദ്ദേഹത്തിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു. സംഭവത്തിന് സാക്ഷിയായ രണ്ട് പേരുടെ സംസാരം നബി കേള്‍ക്കാനിടയായി: “അയാളുടെ അവസ്ഥ എന്താണ്? അല്ലാഹു മറച്ചുവെച്ച കാര്യം പരസ്യമായി പറഞ്ഞതിന്റെ പേരില്‍ ഏറ് കൊണ്ട് മരിക്കേണ്ടി വന്നില്ലേ?” അവരോട് നബി(സ്വ) പിന്നീട് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: “ആ മനുഷ്യനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ നിങ്ങള്‍ക്ക് നല്ലത് ചത്ത കഴുതയെ ഭക്ഷിക്കലായിരുന്നു. നിശ്ചയം അദ്ദേഹം സ്വര്‍ഗീയാരാമത്തിലെ നദികളില്‍ നീന്തിത്തുടിക്കുകയാണ്.”
കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് പാപ മോചനത്തിനായി പ്രവാചകരെ സമീപിച്ച രണ്ട് ധീര വിശ്വാസികളുടെ ചരിതത്തില്‍ നിന്ന് പാപമോചനം ആഗ്രഹിക്കുന്നവര്‍ക്കുണ്ടാകേണ്ട ഖേദത്തിന്റെ ആഴം മനസ്സിലാക്കാവുന്നതാണ്.
ഖേദപ്രകടനമാണ് പാപം ചെയ്തവന്‍ പശ്ചാത്തപിക്കുമ്പോഴുണ്ടാകേണ്ട ഒന്നാമത്തെ നിബന്ധന. രണ്ടാമതായി അവന്‍ ചെയ്തു കൊണ്ടിരിക്കുന്ന പാപത്തില്‍ നിന്ന് പരിപൂര്‍ണമായി മാറി നില്‍ക്കണം. മൂന്നാമത് ഇനി മേല്‍ പാപം ചെയ്യില്ലെന്ന് ദൃഢ നിശ്ചയം ചെയ്യണം. ഇവ അല്ലാഹുവിനോട് ചെയ്യുന്ന തെറ്റു കുറ്റങ്ങളില്‍ നിന്ന് മുക്തമാകാന്‍ ചെയ്യുന്ന പശ്ചാത്താപത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍, മറ്റു വ്യക്തികളുമായി പ്രതിബദ്ധതയുള്ള കാര്യങ്ങളാലാണ് തെറ്റു സംഭവിച്ചതെങ്കില്‍ അതിന് പരിഹാരം കാണണമെന്ന നിബന്ധന കൂടി കടന്നു വരുന്നുണ്ട്. സാമ്പത്തിക ബാധ്യതയാണെങ്കില്‍ കൊടുത്തുവീട്ടണം. പരദൂഷണവും അപവാദ പ്രചാരണവും നടത്തിയവന്‍ വ്യക്തിയോട് നേരിട്ട് ക്ഷമ ചോദിച്ച് പൊരുത്തപ്പെടിയിക്കണം. പ്രസ്തുത വ്യക്തിയെ അഭിമുഖീകരിക്കാന്‍ ഏതെങ്കിലും നിലക്ക് പ്രയാസം നേരിടുകയോ അയാള്‍ മരിച്ച് പോകുകയോ ചെയ്താല്‍ അദ്ദേഹത്തിന് വേണ്ടി പൊറുക്കല്‍ തേടലാണതിനുള്ള പരിഹാരം.
തൗബ സ്വീകരിക്കുന്നതിനെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്ന ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക:
“നിശ്ചയം അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നത് വിവരമില്ലായ്മ കാരണം തെറ്റ് ചെയ്യുകയും പിന്നീട് അധികം വൈകാതെ പശ്ചാത്തപിക്കുകയും ചെയ്തവരുടേത് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തന്ത്രജ്ഞാനിയുമാകുന്നു.
തെറ്റുകള്‍ പ്രവര്‍ത്തിക്കുകയും എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നുവെന്ന് പറയുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം. സത്യ നിഷേധികളായി മൃതിയടയുന്നവര്‍ക്കുള്ളതുമല്ല. അത്തരക്കാര്‍ക്ക് വേദനയുള്ള ശിക്ഷയാണ് നാം ഒരുക്കി വെച്ചിട്ടുള്ളത്.” (സൂറതുന്നിസാഅ്: 17, 18)

അബ്ദുസ്സമദ് സഖാഫി വാളക്കുളം