ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നാളെ മോദിയുടെ രണ്ടാം പട്ടാഭിഷേകം; 60 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും

Posted on: May 29, 2019 2:58 pm | Last updated: May 29, 2019 at 8:02 pm

ന്യഡല്‍ഹി: അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി തുടര്‍ച്ചയായി വീണ്ടും അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്ന റെക്കോര്‍ഡ് നാളെയോടെ നരേന്ദ്രമോദിക്ക് സ്വന്തം. ജനം നല്‍കിയ വലിയ ഭൂരിഭക്ഷത്തിന്റെ ആത്മവിശ്വാസത്തോടെ, നാളെ വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍, ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ 17-ാമത് മന്ത്രിസഭ അധികാരമേല്‍ക്കും.

ആദ്യ മന്ത്രിസഭയില്‍ മോദിക്ക് പിന്നില്‍ രണ്ടാമനായി നിന്നിരുന്ന മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയില്‍ ഉണ്ടാകില്ല. ആരോഗ്യ പ്രശ്‌നത്താല്‍ അടുത്ത മന്ത്രിസഭയിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുന്‍ധമന്ത്രികൂടിയായ അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനായി ചികിത്സക്കും മറ്റും കൂടുതല്‍ സമയം ആവശ്യമാണ്. ഇതിനാല്‍ പുതിയ മന്ത്രിസഭയില്‍ ഒരു ഉത്തരവാദിത്വത്തിലേക്കും തന്നെ പരിഗണിക്കരുതെന്നാണ് ജയ്റ്റ്‌ലി മോദിയെ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയ വിവരം ട്വിറ്റര്‍ വഴി അരുണ്‍ ജെയ്റ്റ്‌ലി പങ്കുവെച്ചു.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശന സമയത്ത് നേരിട്ടും താന്‍ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.
കഴിഞ്ഞ 18 മസമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലാണ് അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലത്ത് മാസങ്ങളോളം ചികിത്സക്കായി അദ്ദേഹത്തിന് മാറ്റിവെക്കേണ്ടി വന്നിരുന്നു.

പുതിയ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായി പരിഗണിക്കുന്ന ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ ധനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. ധനം, ആഭ്യന്തരം അടക്കമുള്ള സുപ്രധാന വകുപ്പുകളിലേക്ക് അമിത് ഷായെ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. ധനവകുപ്പാണ് തനിക്ക് താത്പര്യമെന്ന് അമിത്ഷാ മോദിയെ അറിയിച്ചതായാണ് വിവരം. എന്നാല്‍ അമിത്ഷാ മന്ത്രിസഭയിലേക്ക് വരേണ്ടെന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും അഭിപ്രായം പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അമിത്ഷായുടെ തീരുമാനം തന്നെയാകും പ്രധാനം.

ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ നാളെ വൈകിട്ട് രാഷ്ട്രപതിഭവനിലാണ് മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഘടകക്ഷികളുടേത് അടക്കം 60 മന്ത്രിമാര്‍ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍ ആരെന്നത് സംബന്ധിച്ച് ഇന്ന് വൈകിട്ടോടെ തീരുമാനമാകും.

മന്ത്രിമാരെ തീരുമാനിക്കുന്നതിന്റെ ഭാഗായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നരേന്ദ്രമോദിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് വീണ്ടും ചര്‍ച്ച നടക്കുകയാണ്. വൈകിട്ടോടെ അന്തിമ തീരുമാനത്തിലെത്തി, രാത്രി രാഷ്ട്രപതിക്ക് മന്ത്രിമാരുടെ കത്ത് കൈമാറിയേക്കും. നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ അടക്കമുള്ളവര്‍ പുതിയ മന്ത്രിസഭയിലും സുപ്രധാന വകുപ്പുകളിലുണ്ടാകും. കഴിഞ്ഞ മന്ത്രിസഭയിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും അവസരം ലഭിക്കും. എന്നാല്‍ പുതുമുകങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാനാണ് മോദിയുടെ താത്പര്യമെന്നാണ് റിപ്പോര്‍ട്ട്. 50 ശതമാനം മന്ത്രിമാരെ പുതുമുഖങ്ങളാക്കാനും മോദിക്ക് താത്പര്യമുണ്ട്. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

2014 ലേതിനെക്കാള്‍ വിപുലമായ രീതിയിലാണ് സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ നടക്കുന്നത്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടഉണ്ട്. ഇവരില്‍ പലരും ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തും.

അതിനിടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മോദി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ച മമത കത്തയച്ചതായാണ് റിപ്പോര്‍ട്ട്. മമത പങ്കെടുക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ കൊലപതാകങ്ങള്‍ അടക്കം ബംഗാളിന്റെ പേരില്‍ പല പ്രചാരണങ്ങളും നടക്കുന്ന സാഹചര്യത്തില്‍ ചടങ്ങിലേക്ക് ഇല്ലെന്ന് മമത ഇന്ന് ഉച്ചയോടെ അറിയിക്കുകയായിരുന്നു.