Connect with us

Kerala

ജോസ്‌കോ റബ്ബേഴ്‌സിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്

Published

|

Last Updated

താമരശ്ശേരി :പുല്ലാഞ്ഞിമേട് ജോസ്‌കോ റബ്ബേഴ്‌സിലെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഫാക്ടറിയിലേക്ക് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സംഭവത്തില്‍ പോലീസിനും സ്ഥാപനത്തിനും നേരെ കല്ലേറുണ്ടായി. അഞ്ച് പോലീസുകാര്‍ക്കും നിരവധി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും പരുക്ക്.

അന്യായമായി പിരിച്ചു വിട്ട 33 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോസ് കോ റബ്ബേഴ്‌സിലെ തൊഴിലാളികള്‍ 24 ദിവസമായി നടത്തി വരുന്ന സമരിത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഡി വൈ എഫ് ഐ ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഫാക്ടറി കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ഉന്തും തള്ളും ആരംഭിച്ചു. പോലീസിനെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ ഫാക്ടറിക്കുള്ളില്‍ പ്രവേശിച്ചതോടെ പോലീസ് ലാത്തി വീശി. സ്ഥാപനത്തിനും പോലീസിനും നേരെ കല്ലേറും നടന്നു. നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മാര്‍ച്ച് കഴിഞ്ഞ് താമരശ്ശേരി ഭാഗത്തേക്ക് പോവുകായിരുന്ന പ്രവര്‍ത്തകരെ പോലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ താമരശ്ശേരി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇതിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്ന പോലീസിനെയും പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരെ സ്റ്റേഷനിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഇത് വീണ്ടും സംഘര്‍ഷത്തിന് കാരണമായി.

പോലീസ് കസ്റ്റഡിയിലുള്ള ഡി വൈ എഫ് ഐ നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. പോലീസിന്റെ മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയവരെ പോലും പോലീസ് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ ആരോപിച്ചു.
കല്ലേറില്‍ പരുക്കേറ്റ താമരശ്ശേരി എസ് ഐ ശറഫുദ്ദീന്‍, സി പി ഒ ഗിരീഷ്, എം എസ് പി യിലെ ശംസുദ്ദീന്‍, ഗിരീഷ്, അഖില്‍ എന്നിവരെ ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.