Connect with us

Kerala

കേരളത്തിലെ മികച്ച ജയത്തിന് കാരണം ശബരിമലയെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിനുണ്ടായ മികച്ച വിജയത്തിന് കാരണം ശബരിമലയാണെന്ന് യു ഡി എഫ് വിലയിരുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും തുണയായായി. മോദിയോടും പിണറായിയോടുമുള്ള വിയോജിപ്പ് ജനം പ്രകടിപ്പിച്ചതും യു ഡി എഫിന് മികച്ച വിജയം സമ്മാനിച്ചതായി അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അധികാരം ലഭിച്ചാല്‍ വിശ്വാസ സംരക്ഷണത്തിനായി നിയമംകൊണ്ടുവരും. വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ യു ഡി എഫ് പൂര്‍ണമായി സംരക്ഷിക്കും.
ഈ തിരഞ്ഞെടുപ്പോടെ കേരളം സമ്പൂര്‍ണായി ഇടതുപക്ഷത്തെ തള്ളിക്കളഞ്ഞു. സംഘ്പരിവാറിനെ തടഞ്ഞുനിര്‍ത്തിയത് യു ഡി എഫാണ്. എല്‍ ഡി എഫിനേക്കാള്‍ 12 ശതമാനം വോട്ട് അധികം പിടിക്കാന്‍ യു ഡി എഫിന് കഴിഞ്ഞു. 1977ല്‍ മുഴുവന്‍ സീറ്റും യു ഡി എഫ് നേടിയപ്പോള്‍ ഇത്ര അധികം വോട്ട് വിഹിതം ഉണ്ടായിരുന്നില്ല.

യു ഡി എഫിന് എല്‍ ഡി എഫിനേക്കാള്‍ 24.2 ലക്ഷം വോട്ട് കൂടുതല്‍ ലഭിച്ചു. 123 മണ്ഡലങ്ങളില്‍ മുന്നിലെത്തി. എല്‍ ഡി എഫിന് 16 ഇടത്ത് മാത്രമാണ് ഭൂരിഭക്ഷം ഉള്ളത്. കേരളത്തിലെ ഇടത് സര്‍ക്കാറിന് ഭരിക്കാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.