Connect with us

National

രാഷ്ട്രീയ നിരീക്ഷകര്‍ മാറ്റങ്ങള്‍ കണ്ണ് തുറന്ന് കണ്ടില്ല; തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മറികടന്നത് കഠിന പ്രയത്‌നത്തില്‍- മോദി

Published

|

Last Updated

വാരണാസി: താന്‍ എക്കാലവും എളിയ പാര്‍ട്ടി പ്രവര്‍കന്‍ ആയിരിക്കുമെന്നും തന്റെയും പാര്‍ട്ടിയുടെയും വിജയം പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നതായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍ വിജയത്തിന് നന്ദി അറിയിക്കാനായി സ്വന്തം മണ്ഡലമായ വാരണാസിയിലെത്തിയ അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു.

രാഷ്ട്രീയ നിരീക്ഷര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് മോദി പ്രസംഗത്തില്‍ നടത്തിയത്. മാറ്റങ്ങള്‍ കണ്ണ് തുറന്ന് കാണാന്‍ ശ്രമിച്ചില്ല. മോശം കാഴ്ചപ്പാടുണ്ടാക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടത്തി. കേരളത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഇവര്‍ മിണ്ടാറില്ല. ബി ജെ പിയോട് അയിത്തമാണ്. ഇവരുടേത് പക്ഷപാതപരമായ മനുഷ്യത്വവാദമാണ്. ഇത്തരക്കാരുടെ എല്ലാ പ്രചാരണങ്ങളും മറികടന്നത് പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും കഠിന പരിശ്രമത്താലാണ്. വികസനമണ് ബി ജെ പി അജന്‍ഡ. വോട്ട്‌ബേങ്ക് രാഷ്ട്രീയമല്ലെന്നും മോദി പറഞ്ഞു.

വോട്ട് എണ്ണുന്നതിന് മുമ്പെ തന്റെ ജയം ഉറപ്പായിരുന്നു. കാശിയിലെ ജനങ്ങള്‍ ബി ജെ പിയില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. പ്രവര്‍ത്തകരുടെ സന്തോഷമാണ് തന്റെ ഊര്‍ജമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാവിലെ പത്ത് മണിക്ക് വാരണാസിയിലെത്തിയ മോദിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ദര്‍ശനത്തിനായി റോഡ് മാര്‍ഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. ഇന്ന് ഉച്ചക്ക് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും. വ്യാഴാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ.