Connect with us

Malappuram

കേരളീയ ശില്‍പ്പ ഭംഗിയില്‍ കുന്നാഞ്ചേരി ജുമുഅ മസ്ജിദ്

Published

|

Last Updated

കുന്നാഞ്ചേരി ജുമുഅ മസ്ജിദ്

കണ്ണമംഗലം: കേരളീയ ഇസ്്ലാമിക തനിമയും പാരമ്പര്യവും വിളിച്ചോതുന്ന പള്ളിയാണ് കുറ്റൂര്‍ കുന്നാഞ്ചേരി ജുമുഅ മസ്ജിദ്. മൂന്നൂറിലധികം വര്‍ഷം പഴക്കമുള്ള ഈ പള്ളി കുറ്റൂരിലെ കൂളിപ്പിലാക്കല്‍ എടത്തോളം കുടുംബത്തിലെ പൂര്‍വികരാണ് നിര്‍മിച്ചത്. (ഈ പള്ളിയുടെ തുടക്കം മുതലുള്ള മുതവല്ലിമാരും തിരൂരങ്ങാടി പള്ളിയുടെ കാരണവന്മാരുമാണ് ഈ കുടുംബം). പണ്ഡിതനും സൂഫിവര്യനുമായിരുന്ന കമ്മുണ്ണിപ്പാപ്പ മറവെട്ട് കിടക്കുന്ന പള്ളി കൂടിയാണിത്.
അക്കാലത്തെ പ്രധാന കുടുംബങ്ങളുമായി ഖാസിയെ നിയമിക്കുന്ന വിഷയത്തിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പൊന്നാനി മഖ്ദൂം കുടുംബത്തിലെ കാരണവര്‍ പ്രശ്‌നം തീര്‍പ്പ് കല്‍പ്പിക്കുകയും അന്ന് മുതല്‍ പ്രശ്‌ന പരിഹാരമെന്ന നിലയില്‍ ഖാസിയെ പൊന്നാനിയില്‍ നേരിട്ട് അയക്കുകയും ചെയ്യുന്ന സമ്പ്രദായം നിലവില്‍ വന്നുവെന്ന് പള്ളി ഖാസിയും പരേതനായ മഖ്ദൂമി കുടുംബാംഗമായ മര്‍ഹും മാനുട്ടി മുസ്്ലിയാര്‍ പ്രസ്താവിച്ചിരുന്നു. പില്‍ക്കാലത്താണ് ഈ കുടുംബം കുറ്റൂരിലേക്ക് താമസം മാറ്റിയത്.

ഈ പള്ളി വരുന്നതിന് മുമ്പ് പ്രദേശത്തുള്ളവര്‍ തിരൂരങ്ങാടി പള്ളിയിലേക്കായിരുന്നു ജുമുഅക്ക് പോയിരുന്നത്. പിന്നീട് തിരുരങ്ങാടി പള്ളിയിലേക്ക് ജുമുഅ നിസ്‌കാരത്തിന് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടായിരിക്കാം ഈ പള്ളി നിര്‍മാണത്തിന്റെ ഹേതു.

കേരളീയ ശില്‍പഭംഗി കൊണ്ടും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും പ്രശോഭിച്ച് നില്‍ക്കുന്ന ഏറെ മനോഹരമാണ് ഈ പള്ളി. തച്ചു ശാസ്ത്രത്തിന്റെ വൈദഗ്ധ്യം വിളിച്ചോതുന്ന ഏറെ പഴക്കമുള്ള “മിമ്പറ” പ്രൗഢിയോടെ ഇന്നും നിലനില്‍ക്കുന്നു. 140ലേറെ വര്‍ഷം പഴക്കമുള്ള വിദേശ കമ്പനിയുടെ വലിയ ക്ലോക്ക് ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ ഓര്‍മയായി ഇന്നും ചലിച്ചു കൊണ്ടിരിക്കുന്നു. പച്ചിലച്ചാറ് കൊണ്ട് നിറം കൊടുത്തിരിക്കുന്ന പ്രധാന വാതിലും തൂണുകളും മിഹ്‌റാബുമൊക്കെ ഈ പള്ളിയുടെ തനിമയുടെ മാറ്റുകൂട്ടുന്നു.

കുന്നാഞ്ചേരി പള്ളിയും കുറുവാതൊടിക നിസ്‌കാര പള്ളിയുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രധാന വാതിലില്‍ കൊത്തി വെച്ച അറബി വര്‍ഷവും ആയത്തുകളും ഹദീസും ഇന്നും തനിമ ചോരാതെ നിലനില്‍ക്കുന്നു. ഈ പള്ളിയില്‍ കൊത്തിവെച്ച കാലിഗ്രാഫികളും മരത്തടിയിലെ കൊത്തുപണികളും പള്ളിയുടെ പകിട്ട് നിലനിര്‍ത്തുന്നു.പഴയ കാല പള്ളികള്‍ പഴക്കം കാരണം പുനരുദ്ധാരണം ചെയ്തപ്പോഴും കുന്നാഞ്ചേരി പളളി അതിന്റെ തനിമയും പഴമയും നിലനിര്‍ത്തി പുതുക്കിപ്പണിയാന്‍ പ്രദേശവാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇവിടത്തെ പള്ളി ദര്‍സ് അതിന്റെ തനിമയോടെ ഇന്നും നിലനില്‍ക്കുന്നു. ഒട്ടേറെ പണ്ഡിതപ്രഭുക്കള്‍ക്ക് ജന്മം നല്‍കിയ പള്ളി കൂടിയാണിത്. കൈപ്പറ്റ ബീരാന്‍ മുസ്‌ലിയാരെ പോലെയുള്ള പണ്ഡിതര്‍ ദര്‍സ് നടത്തിയിരുന്ന പള്ളി കൂടിയാണിത്.

പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായിരുന്ന കമ്മുണ്ണി മുസ്‌ലിയാര്‍, കളളിയത്ത് അവറാന്‍ മുസ്‌ലിയാര്‍, പറശ്ശീരി മുഹമ്മദ് മുസ്‌ലിയാര്‍, കളളിയത്ത് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കണ്ടന്‍ചിറ മുഹമ്മദ് മുസ്‌ലിയാര്‍, കള്ളിയത്ത് കുട്ട്യാലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഈ പള്ളിയില്‍ നിന്ന് പഠിച്ചിറങ്ങിയ ആലിമീങ്ങളാണ്.പഴയ കാലത്ത് കുറ്റൂര്‍ മഹല്ല് നിവാസികളില്‍ അറിവ് നുകരാന്‍ ഈ പള്ളിയിലെ ദര്‍സില്‍ പോകാത്തവര്‍ നന്നേ കുറവായിരുന്നു. കുറ്റൂര്‍ പ്രദേശവാസികളുടെ അറിവിന്റെ പ്രഭാകേന്ദ്രമായി നാടിനും നാട്ടാര്‍ക്കും ആത്മീയ വെളിച്ചം വീശി കുന്നാഞ്ചേരി പള്ളി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.