യാത്രയിലെ സുകൃതങ്ങൾ

Posted on: May 27, 2019 12:02 pm | Last updated: May 27, 2019 at 12:02 pm

‘മോനേ, രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിച്ചിട്ട് ഇറങ്ങിക്കോ’

വിദേശത്ത് ജോലിക്ക് പോകാനുള്ള മകന്റെ യാത്രയയപ്പ് ചടങ്ങിൽ പിതാവിന്റെ നിർദേശമായിരുന്നു ഇത്. യാത്രക്ക് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കാനുള്ള കൽപ്പന. എന്നാൽ ഇത് വിദേശത്ത് ജോലിക്ക് പോകുന്ന യാത്രക്ക് മാത്രമാണെന്നാണ് പലരുടെയും ധാരണ. ഇസ്‌ലാം നിർദേശിക്കുന്നത് അങ്ങനെയല്ല. നാട്ടിലുള്ള യാത്രകൾക്കും ഈ രണ്ട് റക്അത്ത് നിസ്‌കാരം സുന്നത്തുണ്ട്. ഇമാം നവവി (റ) പറയുന്നു: യാത്രക്ക് പുറപ്പെടും മുമ്പ് തന്റെ കുടുംബത്തിന്റെ അരികിൽ വെച്ച് രണ്ട് റക്അത്ത് നിസ്‌കരിക്കുന്നതിനേക്കാൾ വലിയതൊന്നും അവർക്ക് നൽകാനില്ല.

യാത്രയെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്്‌ലാം. അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ വൈവിധ്യവും അവന്റെ അനുഗ്രഹങ്ങളും അനുഭവിച്ചറിയാൽ യാത്ര ഉപകരിക്കും. അതിനായി യാത്ര ചെയ്യാൻ ഖുർആനിൽ ആഹ്വാനവുമുണ്ട്. അല്ലാഹു സൃഷ്ടിച്ച ഈ പ്രകൃതിയേയും അതിലെ കൂറ്റൻ മലകളും വൻ മരങ്ങളും സമുദ്രങ്ങളും പുഴകളും വനങ്ങളും വന്യജീവികളെയും കാണുന്നതിനും അതിലൂടെ അല്ലാഹുവിനെ അടുത്തറിയുന്നതിനും യാത്രകൾ ഉപകരിക്കും. അതുകൊണ്ടാണ് ഖുർആൻ പറയുന്നുത്.

നബിയേ നിങ്ങൾ പറയുക, നിങ്ങൾ ഭൂമിയിലൂടെ യാത്ര പോവുക. അല്ലാഹുവിന്റെ സൃഷ്ടിപ്പ് എങ്ങനെയാണെന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുകയും ചെയ്യുക. (സൂറത്ത് അൻകബൂത്ത് 20). ചരിത്ര ഭൂമികളിലൂടെയുള്ള യാത്രക്കും ഖുർആൻ നിർദേശിക്കുന്നുണ്ട്. സുറത്തുൽ അൻആമിൽ അല്ലാഹു പറയുന്നു: നബിയേ നിങ്ങൾ പറയുക, നിങ്ങൾ ഭൂമിയിലൂടെ യാത്ര പോവുക. സത്യനിഷേധികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കുക (ആയത്ത് 11). സദുദ്ദേശ്യത്തോടെയുള്ള ഏത് യാത്രയേയും ഇസ്്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നബി (സ) തന്നെ ജീവിതത്തിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. കച്ചവട ആവശ്യത്തിനായും ശത്രുക്കളിൽ നിന്ന് രക്ഷക്ക് വേണ്ടിയുമുള്ള നിരവധി യാത്രകൾ. യാത്രകൾ മനുഷ്യന് മാനവികതയുടെ സന്ദേശങ്ങൾ നൽകും. വിവിധങ്ങളായ മനുഷ്യരേയും അവരുടെ സംസ്‌കാരങ്ങളെയും കുറിച്ചറിയാൻ യാത്ര പ്രയോജനപ്പെടും.

യാത്ര പോകുമ്പോൾ ചില ചിട്ടകൾ പാലിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. യാത്ര പുറപ്പെടുമ്പോൾ വ്യാഴാഴ്ചയാകലും പ്രഭാതത്തിലാകലും സുന്നത്താണ്. സ്വഹാബിമാർ കച്ചടത്തിനായുള്ള യാത്രകൾ പുറപ്പെട്ടിരുന്നത് രാവിലെയായിരുന്നുവെന്നും അതുകൊണ്ട് കച്ചവടത്തിൽ അവർക്ക് നല്ല ലാഭമുണ്ടാകാറുണ്ടായിരുന്നുവെന്നും ഹദീസുകളിൽ കാണാം. യാത്രക്ക്് ഒരു അമീർ (ലീഡർ) ഉണ്ടാകലും സുന്നത്താണ്. അബൂ ഹുറൈറ(റ)വിൽ നിന്നുള്ള നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: മൂന്ന് ആളുകൾ ഒരു യാത്രക്ക് പുറപ്പെടുകയാണെങ്കിൽ അവരിൽ ഒരാളെ അമീറായി നിശ്ചയിക്കണം. (അബൂദാവൂദ്). യാത്രക്ക് മൂന്ന് പേർ ഉണ്ടാകണമെന്നും രാത്രിയിൽ ഒറ്റക്ക് യാത്ര ചെയ്യരുതെന്നും ഇസ്്്‌ലാം നിർദേശിക്കുന്നു. യാത്രയുടെ വാഹനത്തിൽ കയറിയാൽ ബിസ്മി ചൊല്ലണം, മൂന്ന് പ്രാവിശ്യം തക്ബീർ ചെല്ലണം പ്രത്യേകമായി പ്രാർഥനകൾ നിർവഹിക്കണമെന്നും ഇബ്‌നു ഉമർ (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസ് പഠിപ്പിക്കുന്നു.

യാത്ര ശിക്ഷയുടെ ഒരു ഭാഗമാണെന്നും അതിനാൽ യാത്ര കഴിഞ്ഞാലുടൻ വീട്ടിലേക്ക് തിരിച്ചെത്തണമെന്നും ഹദീസിൽ വന്നിട്ടുണ്ട്. യാത്രയെ വിരോധിക്കുന്നതിന് വേണ്ടിയല്ല ഇത് പറഞ്ഞത്. മറിച്ച് യാത്രയിൽ ക്ലേശങ്ങളുണ്ടാകുമെന്നും അതുപോലെ അനാവശ്യ യാത്രകൾ പാടില്ലെന്നും ആവശ്യത്തിനുള്ള യാത്രകഴിഞ്ഞാൽ ഉടൻ തിരിച്ചെത്തണമെന്നും പഠിപ്പിക്കാനാണ്. യാത്ര കഴിഞ്ഞ് തിരിച്ചെത്തേണ്ടത് പകലിലാകലാണ് ഏറ്റവും നല്ലത്. രാത്രി വൈകി വീട്ടിൽ തിരിച്ചെത്തി ഭാര്യയെ മുട്ടിവിളിക്കുന്നത് നബി (സ) നിരോധിച്ചതായി ജാബിർ(റ) പറഞ്ഞതായി ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലും രണ്ട് റക്അത്ത് നിസ്‌കരിക്കൽ സുന്നത്തുണ്ട്. ഇത് അടുത്തുള്ള പള്ളിയിൽ നിന്നാകലാണ് ഏറ്റവും നല്ലത്.