മാതാപിതാക്കളെ മറന്ന് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?

Posted on: May 27, 2019 11:27 am | Last updated: May 27, 2019 at 11:29 am

തിരുനബി (സ)യുടെ ദർശന സഹവാസ ഭാഗ്യം ലഭിക്കാതെ ഉന്നതങ്ങൾ കരഗതമാക്കിയ ഒരു വ്യക്തിത്വത്തെ ഇസ്‌ലാമിക ചരിത്രം പരിചയപ്പെടുത്തുണ്ട്. ഉവൈസുൽ ഖർനി (റ). മഹാനെ കുറിച്ച് നബി (സ) തങ്ങൾ പറഞ്ഞു: “യമൻകാരോടൊപ്പം ഉവൈസുൽ ഖർനി നിങ്ങളിലേക്കാഗതമാകും. ഉമ്മക്ക് സേവനം ചെയ്തത് നിമിത്തം ഉമ്മയുടെ ഗുരുത്വം കിട്ടിയ ആൾ. അല്ലാഹുവിനെ മുൻനിർത്തി അദ്ദേഹമൊരു കാര്യം പറഞ്ഞാൽ അല്ലാഹു അത് നിറവേറ്റിക്കൊടുക്കും. കണ്ടുമുട്ടിയാൽ അദ്ദേഹത്തോട് ദുആ വസ്വിയ്യത്ത് ചെയ്യാൻ മറക്കരുത്.’

മുത്ത് നബിയുടെ ഈ വാക്കുകൾ മനസ്സിൽ കോറിയിട്ട ഉമർ (റ) യമനിൽ നിന്ന് ആര് വരുമ്പോഴും ഉവൈസുൽ ഖർനിയെ അന്വേഷിക്കും, ഒന്ന് ദുആ ചെയ്യിപ്പിക്കാൻ. ഒരിക്കൽ ആ മോഹം സാധിച്ചു. കണ്ടുമുട്ടി. ഉവൈസുൽ ഖർനി ഉമർ (റ)വിന് വേണ്ടി പ്രാർഥിച്ചു. ഉമ്മയുടെ സേവനത്തിൽ മുഴുകിയതിനാലാണ് മഹാന് തിരുനബിയെ ദർശിക്കാനാകാതെ പോയത്. ആ സേവനം തന്നെയാണ് അദ്ദേഹത്തെ ആത്മീയതയുടെ ഔന്നിത്യങ്ങളിലേക്ക് നയിച്ചതും.

പലായനം ചെയ്ത് മുഴുസമയം ദീനീപ്രവർത്തനത്തിൽ ചെലവഴിക്കാൻ സമ്മതം ചോദിച്ച് കൊണ്ട് ഒരാൾ തിരുസവിധത്തിലെത്തുന്നു. അപ്പോൾ തിരുനബി (സ) ചോദിച്ചു: നിന്റെ മാതാപിതാക്കളിലാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? രണ്ടാളും ജീവിച്ചിരിപ്പുണ്ടെന്ന് ആ മനുഷ്യൻ ഉത്തരമേകി. അപ്പോൾ പ്രവാചകൻ അരുളി. “നീ പ്രതിഫലം കാംക്ഷിക്കുന്നുവെങ്കിൽ മാതാപിതാക്കളുടെ അരികിൽ ചെന്ന് അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കുക.’
വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലും മാതാപിതാക്കളോട് നൻമയിൽ വർത്തിക്കാനുള്ള ആഹ്വാനം, അല്ലാഹുവിന് ആരാധനയർപ്പിക്കാനുള്ള കൽപ്പനക്ക് ഉടനെ കൊണ്ടുവന്നത് അവരോടു കാണിക്കേണ്ട ബഹുമാനാദരവുകളുടെ പ്രാധാന്യത്തെയും അനാദരവുകളുടെ ഗൗരവത്തെയും കാണിക്കുന്നു. പ്രവാചകൻമാരിൽ ചിലരുടെ ഗുണവിശേഷങ്ങളായി ഖുർആൻ പ്രാധാന്യത്തോടെ എണ്ണിയവയിലൊന്ന് മാതാപിതാക്കളോട് നല്ല രീതിയിൽ വർത്തിക്കുന്നവരാണ് എന്നതാണ്. എത്ര നൻമ ചെയ്ത് കൂട്ടിയാലും മാതാപിതാക്കളെ വേദനിപ്പിക്കുന്നവന് പടച്ചവന്റെ തൃപ്തി ആർജിക്കാനാകില്ലെന്ന് തിരുനബി(സ)ഓർമിപ്പിക്കുന്നു: “സ്രഷ്ടാവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അവന്റെ കോപം അവരുടെ കോപത്തിലും’. മക്കൾക്ക് മാതാപിതാക്കളോടുള്ള കടപ്പാടെന്താണ് ? സ്വഹാബിവര്യൻ അബൂ ഉമാമ (റ) നബി(സ)യോട് ചോദിച്ചു. അവർ നിന്റെ സ്വർഗമോ നരകമോ ആണ് എന്നായിരുന്നു പ്രവാചകരുടെ മറുപടി. അവർക്ക് ബഹുമാനം നൽകിയാൽ സ്വർഗവും അല്ലാത്തപക്ഷം നരകവും ലഭിക്കുമെന്നർഥം.

ബന്ധങ്ങൾ കൂട്ടിയിണക്കുന്നതിന് ഇസ്‌ലാം ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. കുടുംബ ബന്ധങ്ങൾ, അയൽ ബന്ധം, സുഹൃദ് ബന്ധം എല്ലാം മുഖ്യമായതാണ്. ഇത്തരം ബന്ധങ്ങൾ അറുത്തുമാറ്റുന്നവന് സ്വർഗം നിഷിദ്ധമാണെന്ന് തിരുവചനങ്ങളുണ്ട്. എന്നാലവയേക്കാളെല്ലാം പ്രഥമ സ്ഥാനം മാതാപിതാക്കളോടുള്ള ബന്ധത്തിനാണ്. പുതുതായി ജീവിതത്തിലേക്ക് കടന്ന് വന്ന ദമ്പതിക്ക് വേണ്ടിയോ സൗഹൃദ ബന്ധങ്ങൾക്ക് വേണ്ടിയോ മാതാപിതാക്കളെ ഇറക്കിവിടുന്നതും വൃദ്ധ സദനങ്ങളിലഭയമേകുന്നതും നീചവും നികൃഷ്ടവുമാണ്. അവർ അരുതാത്തത് ചെയ്താൽ പോലും സ്‌നേഹമസൃണമായ ഇടപെടലുകളിലൂടെ അവരുമായുള്ള ബന്ധം വിളക്കിച്ചേർക്കണമൊന്നാണ് മതത്തിന്റെ കൽപ്പന.

സ്‌നേഹത്തിന്റെ പ്രതിരൂപമാണ് മാതാപിതാക്കൾ. സന്താനങ്ങളുടെ സുഖസന്തോഷങ്ങൾക്ക് വേണ്ടി ദുഃഖങ്ങളെ വിസ്മരിക്കുകയാണവർ. സ്വജീവൻപോലും വിലവെക്കാതെ മക്കൾക്ക് വേണ്ടി സർവതും ത്യജിക്കാനും മറക്കാനും തയ്യാറുള്ള സ്‌നേഹം വഴിഞ്ഞൊഴുകുന്ന ഹൃദയമാണവരുടേത്. വീട്ടിൽ നിന്നിറങ്ങി മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ് ഒരു അർധരാത്രി വീട്ടിലെത്തിയപ്പോൾ തന്റെ മകനെ പ്രതീക്ഷിച്ച് ഉറക്കമിളച്ച് കാത്തിരിക്കുന്ന മാതൃസ്‌നേഹത്തിന്റെ പ്രതീകമായ തന്റെ ഉമ്മയെ വൈക്കം മുഹമ്മദ് ബഷീർ ചിത്രീകരിക്കുന്നുണ്ട്. ഇത് ഒരു ഉമ്മയുടെ മാത്രം കഥയല്ല. ഓരോ മാതൃ ഹൃദയവുമുൾവഹിക്കുന്ന അനിതരസാധാരണമായ സ്‌നേഹമാണത്. എന്നിട്ടും അവർക്ക് വേണ്ട പരിചരണമോ സഹായമോ നൽകാതെ നിഷ്‌കരുണം തെരുവുകളിലേക്കും വൃദ്ധ സദനങ്ങളിലേക്കും അവരെ കൊണ്ടിടുന്നത് ധാർമിക ബോധത്തിന്റെ പാതാള പതനമാണ് കാണിക്കുന്നത്.

മാതാപിതാക്കളിൽ മക്കൾക്ക് ഒന്നാം കടപ്പാട് മാതാവിനോടാണെന്ന് തിരുനബി (സ) പഠിപ്പിക്കുന്നു. ഒരാൾ തിരുനബി (സ)യോട് ചോദിച്ചു: ഞാനേറ്റം നന്നായി സഹവർത്തിത്വം പുലർത്താൻ ബാധ്യതപ്പെട്ടതാരോടാണ്? നബി(സ) പറഞ്ഞു.

നിന്റെ മാതാവ്.
പിന്നെ?
നിന്റെ മാതാവ്.
പിന്നെ?
നിന്റെ മാതാവ്.
പിന്നെ?
നിന്റെ പിതാവ്.

മക്കൾക്ക് വേണ്ടി അവർ സഹിക്കുന്ന വേദനകളും ത്യാഗങ്ങളും നിമിത്തമാവാം ഈ മുൻഗണന. ഒരു മാതാവ് സഹിക്കുന്ന വേദനകളെ ഖുർആൻ വരച്ചിടുന്നു: മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു. ക്ഷീണത്തിനു മേൽ ക്ഷീണവുമായാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ട് വർഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. (ലുഖ്മാൻ)
യുദ്ധത്തിൽ പങ്കുകൊള്ളാൻ അനുവദിക്കാനാവശ്യപ്പെട്ട് തിരുനബി(സ)യെ സമീപിച്ച ഒരാളോട് നബിയുടെ മറുചോദ്യം: നിനക്ക് ഉമ്മയുണ്ടോ എന്നായിരുന്നു. ഉണ്ടെന്നറിയിച്ചപ്പോൾ അവിടന്നരുളി: ഉമ്മയോടൊപ്പം കഴിയുക, കാരണം നിശ്ചയം സ്വർഗം മാതാവിന്റെ കാലിനടിയിലാണ്.

സന്താനങ്ങളുടെ സേവനവും പരിചരണവും മാതാപിതാക്കൾക്ക് ഏറെ ആവശ്യമുള്ള കാലമാണ് വാർധക്യം. ഖുർആൻ പറയുന്നു: തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നൻമ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ ഒരാളോ അവർ രണ്ട് പേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. (ഇസ്‌റാഅ്)

ഇമാം ഖുർത്വുബി വിശദീകരിക്കുന്നു: പരിചരണ ഘട്ടത്തിൽ പ്രായമായ മാതാപിതാക്കളുടെ വിസർജ്യം കണ്ടാൽ അറപ്പോ വെറുപ്പോ തോന്നരുത്. മോശമായതൊന്നും പറയരുത്. അവരോട് ബഹുമാനവും കാരുണ്യവും സ്‌നേഹവും നിറഞ്ഞ വാക്കുകളേ പറയാവൂ. പ്രായമായ മാതാപിതാക്കളോടൊപ്പം ജീവിച്ചിട്ടും സ്വർഗം പ്രാപിക്കാനാവാത്ത ഹതഭാഗ്യനെ മുത്ത് നബി ഏറെ അധിക്ഷേപിച്ചതായി കാണാം.

വാർധക്യത്തിന്റെ വിഷമ ഘട്ടങ്ങളിൽ മാതാപിതാക്കൾക്ക് താങ്ങും തണലുമായി സേവനം ചെയ്ത് സ്വർഗം നേടാനുള്ള അസുലഭ മുഹൂർത്തത്തെ കളഞ്ഞുകുളിക്കുകയാണവർ ചെയ്തത്. അവൻ എത്തുക നരകത്തിലാണ്.

മാതാപിതാക്കളെ പ്രയാസപ്പെടുത്തലും വേദനിപ്പിക്കലും വൻ പാപങ്ങളിൽപ്പെട്ടതാണ്. ഒരിക്കൽ തിരുനബി ചോദിച്ചു: വൻപാപങ്ങളെ ഞാൻ പറഞ്ഞ് തരട്ടെയോ. ശേഷം അവിടുന്ന് വിശദീകരിച്ചു: അല്ലാഹുവിനോട് പങ്ക് ചേർക്കലും മാതാപിതാക്കളെ പ്രയാസപ്പെടുത്തലുമാണവ.

ഇത്തരക്കാരുടെ ആരാധനാകർമങ്ങൾ സ്വീകരിക്കപ്പെടുകയില്ല. പെട്ടെന്ന് ഇഹലോകത്ത് വെച്ച് തന്നെ ദൈവിക ശിക്ഷ ലഭിക്കുന്ന വൻ പാപമാണിവ.