Connect with us

Articles

രാഹുലല്ല, മാറേണ്ടത് പാർട്ടി

Published

|

Last Updated

ഇന്ത്യൻ ജനാധിപത്യത്തിന്റെ വിധിയെഴുത്ത് വന്നു. മോദിക്ക് പ്രൗഢമായ രണ്ടാമൂഴം. 2014ലെ ഫലത്തേക്കാളേറെ ആത്മവിശ്വാസവും മേന്മയുമുള്ള വിജയമാണ് ഇത്തവണ ബി ജെ പി ഉറപ്പിച്ചെടുത്തത്. മോദി എന്ന തരംഗം അവസാനിച്ചിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ബി ജെ പിയുടെ സീറ്റെണ്ണം. റാഫേൽ അഴിമതിയുടെ കരിനിഴലൊന്നും മോദി “സുനാമി”യെ ബാധിച്ചിട്ടില്ല. എന്നുമാത്രമല്ല, ജനപ്രീതി കുത്തനെ ഉയരുകയും ചെയ്തു. ഏകാധിപത്യത്തിന്റെ പ്രകടമാക്കാവുന്ന ഏറെക്കുറെ എല്ലാ സവിശേഷതകളും ആഘോഷിച്ചിട്ടും നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ മോദി വാഴുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ വിധി.

മോദി മാത്രമാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് എന്ന് സമ്മതിക്കാതെ നിർവാഹമില്ല. മോദിയെ പറ്റി നല്ലതും ചീത്തയുമായി വന്ന ചർച്ചകളൊക്കെയും ഒടുവിൽ മോദിയെന്ന പ്രഭാവ പ്രതിഭാസത്തെ കൂടുതൽ ശക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം എന്തുണ്ടാക്കി എന്ന ചർച്ചയിൽ ബി ജെ പിക്ക് അനുകൂലമാകുന്നത് മാത്രം ചർച്ചയായി. 2018ന്റെ ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ വരെ സജീവ ചർച്ചക്ക് വന്ന നോട്ടു നിരോധനവും ജി എസ് ടിയുമെല്ലാം ജനങ്ങളുടെ സാധാരണ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് മാറി. മോദിയുടെ റഡാറും, ഇ മെയിലും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായപ്പോഴും ഗൗരവപ്പെട്ട പലതും മറഞ്ഞുപോയി. താഴെത്തട്ടിൽ, സാമൂഹിക മാധ്യമങ്ങളില്ലാത്ത യാഥാർഥ്യ ലോകത്ത് മോദിയുടെ ശൗചാലയങ്ങളും, ഗ്യാസ് കണക്ഷനുകളും, വൈദ്യുതീകരണവും മോദിക്ക് ഇനിയും അവസരം കൊടുക്കാനുള്ള നല്ല കാരണങ്ങളായി നിന്നു.
ഇതേ സമയം, കോൺഗ്രസിന്റെ ന്യായ് ഏശിയതേയില്ല. എവിടെ നിൽക്കണം, എങ്ങനെ നിൽക്കണം, എന്ത് പ്രതിരോധിക്കണം, എന്തുകൊണ്ട് ആക്രമിക്കണം എന്ന് കോൺഗ്രസിന് നിശ്ചയമില്ലായിരുന്നു എന്നാണ് ഈ ഫലം പറയുന്നത്. ബി ജെ പിയുടെ തന്ത്രങ്ങൾ മാറി മാറി വന്നത് കോൺഗ്രസിന്റെയോ മറ്റു പ്രതിപക്ഷ പാർട്ടിയുടേയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അസ്വസ്ഥരായതുകൊണ്ടല്ല, മറിച്ച് അവരെ ആശയക്കുഴപ്പത്തിലാക്കാനുള്ള മികച്ച തന്ത്രമെന്ന നിലക്കാണ്. ദേശ സുരക്ഷയെന്ന വിഷയം ശരിക്കും ഉത്തരേന്ത്യയെ ബാധിച്ചു. പഞ്ചാബ് മാത്രമാണ് ഈ ദേശഭക്തി രാഷ്ട്രീയത്തോട് സധൈര്യം വിസമ്മതം പറഞ്ഞത്.

മോദിക്കൊപ്പം ഈ വിജയത്തിൽ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെടുന്നത് പാർട്ടി അധ്യക്ഷൻ അമിത് ഷാ ആയിരിക്കും. സംഘ്പരിവാറിലെ ഏറ്റവും മികച്ച സംഘാടകരിലൊരാളാണ് അമിത് ഷാ എന്ന് തെളിയിച്ചിരിക്കുന്നു. 2014ൽ യു പി പിടിച്ച അതേ മിടുക്കിൽ ഇത്തവണ ഇന്ത്യയും പിടിക്കുന്നു. അതും ബി ജെ പിക്ക് അപ്രാപ്യമായിരുന്ന ബംഗാളും ഒഡീഷയും കീഴടക്കി കൊണ്ടുതന്നെ. ഹിന്ദി ഹൃദയ ഭൂമിയിൽ സീറ്റുകൾ കുറഞ്ഞാലും കിഴക്ക് ഞങ്ങൾ കോട്ട കെട്ടുമെന്ന് പ്രഖ്യാപിച്ച അമിത് ഷായുടെ ആത്മവിശ്വാസം ബി ജെ പിക്ക് കൊടുത്തത് ഹിന്ദി ഹൃദയ ഭൂമിയും കിഴക്കും മുഴുവൻ കാവി പുതപ്പിച്ചുകൊണ്ടാണ്. അമിത് ഷായുടെ രാഷ്ട്രീയ പ്രവർത്തനം മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് ഒരിക്കലും മാതൃകയാക്കാൻ പോന്നതല്ല. അത്രക്ക് ജനാധിപത്യവിരുദ്ധമാണത്. പണക്കൊഴുപ്പും കുതിരക്കച്ചവടവും കൈയൂക്കുമാണ് അയാളുടെ രീതി. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ മാന്യതകളെ പറ്റിയൊന്നും തെല്ലും ആശങ്കയില്ലാത്ത ഒരാളാണ് അമിത് ഷാ. അങ്ങനെ ഒരാളോട് പോരാട്ടമുറപ്പിക്കുന്നത് തന്നെയാണ് അയാളുടെ എതിരാളികളുടെ ഏറ്റവും വലിയ പരിമിതിയും. ഈ പരിമിതി ഏറ്റവും കൂടുതൽ ഉലച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തന്നെയായിരിക്കും.
ഇനിയുമൊരുപാട് തിരഞ്ഞെടുപ്പുകൾ തോറ്റുപോയാലും കൈവിടില്ലെന്ന് നിർബന്ധമുള്ള കുലീനമായ ഒരു രാഷ്ട്രീയ സംസ്‌കാരം ചതിയുടെയും പണാധിപത്യത്തിന്റേയും കുതികാൽവെട്ടിന്റെയും മഹാഭാരതത്തിൽ വിലപ്പോകുന്നില്ല എന്നതാണ് രാഹുലിനെ ഏറ്റവും കൂടുതൽ തളർത്തുന്നുണ്ടാവുക. സ്‌നേഹം കൊണ്ടും സത്യം കൊണ്ടും മാത്രം ജയിച്ചുകയറാമെന്ന അയാളുടെ നിഷ്‌കളങ്കത ഇന്ത്യൻ ജനതക്ക് മനസ്സിലാകുന്നില്ല. എന്തൊക്കെയായാലും രാഹുൽ ഗാന്ധിയോളം ഈ തിരഞ്ഞെടുപ്പിൽ അധ്വാനിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ല എന്ന് തന്നെ പറയാം. സംഘ്പരിവാറിനെ എന്നത്തേതിനേക്കാളും രൂക്ഷമായി കോൺഗ്രസ് നേരിട്ടത് രാഹുലിന്റെ നേതൃത്വത്തിലാണ്. ഹിന്ദുത്വക്കെതിരെ ഹിന്ദുവിശ്വാസത്തെ കൂടുതൽ പുണർന്ന നിലപാട് ഇപ്പോഴും തെറ്റല്ല. പക്ഷേ, സംഘ്പരിവാറിനെ എതിർക്കുന്നിടത്ത് മുസ്‌ലിം വിഷയങ്ങൾ എടുത്തുപറയാൻ രാഹുലിന് മടിയാണെന്ന വിമർശനങ്ങളെ അഭിമുഖീകരിച്ചേ മതിയാകൂ. 2017ലെ അമേരിക്കൻ സന്ദർശനത്തിന് ശേഷം രാഹുൽ ക്രമാനുഗതമായി വളർത്തിയ പ്രതീക്ഷയും സ്വീകാര്യതയും ശ്രദ്ധയും ആദർശവും ഇനിയങ്ങോട്ടുള്ള പോരാട്ടങ്ങൾക്ക് കൂടി ഇന്ധനമായേക്കും. അതിനാൽ ഈ അവസ്ഥയിൽ അധ്യക്ഷ സ്ഥാനമൊഴിയാതിരിക്കലാണ് ഉചിതം. മൂല്യങ്ങൾക്കൊപ്പം യാഥാർഥ്യ ബോധത്തോടെ ജനങ്ങളെ സമീപിക്കുകയാണ് മാർഗം. ഫാസിസത്തോട് രാജിയായിക്കഴിഞ്ഞ പരമ്പരാഗത മാധ്യമ ലോകത്തെ വിശ്വസിക്കാൻ കഴിയില്ലല്ലോ. പറ്റുമായിരുന്നെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ന്യായ് പദ്ധതി ചർച്ചക്ക് വരുമായിരുന്നു. അതിനാൽ ജനങ്ങളിലേക്കെത്താൻ പാർട്ടിയുടെ സംഘടനാ തലങ്ങൾ പുനരുജ്ജീവിക്കപ്പെടണം. അതിന് രാഹുൽ ഇനിയും മാറ്റങ്ങൾ കൊണ്ടുവരണം.

സംഘടനാ ശാക്തീകരണത്തിൽ നിലവിൽ രാഹുൽ ഇപ്പോഴും കുറെ കാര്യങ്ങളോട് വിട്ടു വീഴ്ച ചെയ്യുകയാണ്. ഒടുവിലത്തെ പ്ലീനറി സമ്മേളനത്തിന് തുടങ്ങിയ പാർട്ടിയിലെ ശുദ്ധികലശം നിർബാധം തുടരണമായിരുന്നു. പ്രായം മാത്രം പാർട്ടിയിൽ ഇനിയൊരു മാനദണ്ഡമാക്കരുത്. കഴിവും പ്രാപ്തിയും മിടുക്കും അധികാരമില്ലെങ്കിലും സ്ഫുരിക്കുന്ന ആത്മാർഥതയുമുള്ള നേതൃത്വം ഇനിയെങ്കിലും രാഹുലിന്റെ കൂടെ വേണ്ടി വരും. ഒരു ഒറ്റയാൾ പോരാട്ടം കൊണ്ട് മോദിയും അമിത് ഷായുടെ ബി ജെ പിയും വീഴില്ല എന്ന് രാഹുൽ തിരിച്ചറിയേണ്ടതുണ്ട്. ന്യായ് പോലെ ചരിത്രപരമായ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടും അത് ആരെയാണോ ലക്ഷ്യം വെക്കുന്നത് ആർക്കാണോ അതിന്റെ ഫലം ലഭിക്കാനിരിക്കുന്നത് അവരിലേക്ക് അത് എത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.

അമേഠി എന്ന നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ത സീറ്റിൽ തന്നെ പാർട്ടി അധ്യക്ഷൻ പരാജയപ്പെടുന്ന സ്ഥിതി വിശേഷം പറയുന്നത് പാർട്ടി എന്തുമാത്രം ദുർബലപ്പെട്ടുപോയി എന്നതാണ്. താഴേതട്ടിൽ സംഘടന ശക്തിപ്പെടുത്താതെ ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല. അതിനാൽ ഈ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷേ ലഭിച്ചേക്കാവുന്ന ഒടുവിലത്തെ മുന്നറിയിപ്പായിരിക്കും. പാർലിമെന്റിലെത്താതെ പോയ യുവതുർക്കികളും മുതിർന്ന നേതാക്കളും ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകൾ നോക്കി മടിപിടിക്കാതെ ഗ്രാമങ്ങളായ ഗ്രാമങ്ങളൊക്കെ കയറിയിറങ്ങി പാർട്ടിയെ വീണ്ടെടുക്കണം. പാർലിമെന്റിനകത്തു വന്നവർ എല്ലാ കഴിവും ഉപയോഗിച്ച് മോദിയെയും കൂട്ടരെയും പിടിച്ചു കെട്ടാൻ ശ്രമിക്കണം. ക്രോണി ക്യാപിറ്റലിസത്തോട് രാഹുൽ തുടങ്ങി വെച്ച സമരപരിപാടികൾ തുടരണം. സംഘ്പരിവാറിനെതിരെയുള്ള പോരാട്ടം സീസണൽ ആകാതെയിരിക്കുകയും വേണം. പ്രതിപക്ഷ പാർട്ടികൾ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും സർക്കാറുകൾ സംഘ്പരിവാറിനെതിരെ കൈകൊണ്ട നിലപാടുകളിൽ നിന്ന് തെല്ലിട വ്യതിചലിച്ചുകൂടാ.

കോൺഗ്രസിതര പാർട്ടികളും കോൺഗ്രസിനെ പോലെ തന്നെ പരാജയം കൊണ്ട തിരഞ്ഞെടുപ്പാണിത്. ഡി എം കെയേയും വൈ എസ് ആർ കോൺഗ്രസിനേയും മാറ്റി നിർത്തിയാൽ എല്ലാവരും നിരാശപ്പെടുത്തി. യു പിയിൽ മഹാ ഗഡ്ബന്ധനും ബംഗാളിൽ തൃണമൂലും ഒഡീഷയിൽ ബി ജെ ഡിയും ഡൽഹിയിൽ എ എ പിയും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രാദേശിക പാർട്ടികളുടെ ആ അർഥത്തിലുള്ള പ്രാധാന്യം പോലും അനിശ്ചിതത്വത്തിലാകുന്നതായിരുന്നു സാഹചര്യം. അഖിലേഷും മായാവതിയും മമതയും നവീനും ശരത് പവാറും കെജ്‌രിവാളും അവരുടെ നയങ്ങൾ പുനരാലോചിക്കേണ്ടി വരും. തങ്ങൾക്ക് ശക്തിയുള്ളിടങ്ങളിൽ സഖ്യരൂപവത്കരണത്തിൽ പ്രാദേശിക പാർട്ടികൾ കാണിച്ച ധാർഷ്ട്യമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാക്കിയ ആഘാതം ഇത്ര വലുതാക്കിയത്. ഡി എം കെയാണ് ഈ വിഷയത്തിൽ എല്ലാവർക്കും മാതൃക. കോൺഗ്രസിനെ അപമാനിക്കും വിധം അവഗണിച്ചുകൊണ്ട് സഖ്യ സാധ്യതകൾ നീട്ടിയ എസ് പി- ബി എസ് പി നയമാണ് ബി ജെ പിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ഡൽഹി ബി ജെ പിക്ക് മാത്രമാക്കി കൊടുത്തത് കെജ്‌രിവാളിന്റെ വാശി കാരണമാണ്. കൂടുതൽ സീറ്റിലും എ എ പി മത്സരിക്കട്ടെ എന്ന് കോൺഗ്രസ് അയഞ്ഞിട്ടും വേറെയും സംസ്ഥാനങ്ങളിലും സഖ്യം വേണം എന്ന് കെജ്‌രിവാൾ നിർബന്ധം പിടിച്ചതിനാലാണ് തലസ്ഥാനത്ത് സഖ്യമില്ലാതെ പോയതും ഏഴിൽ അഞ്ചിടത്തും മൂന്നാമത് മാത്രം ഫിനിഷ് ചെയ്യേണ്ടി വന്നതും.

ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും ഇനിയിപ്പോൾ സഖ്യ ചർച്ചകളൊക്കെ അവസാനിപ്പിച്ച് അവരവരുടെ പാർട്ടിയെ ശക്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങണം. എൻ ഡി എ സർക്കാറിനെതിരെ പാർലിമെന്റിനു പുറത്ത് ഘോരമായ സമരങ്ങളും പ്രതിരോധങ്ങളും തീർക്കണം. നഗരങ്ങളിലെ മധ്യവർഗം മോദിയും അമിത് ഷായും തീർത്ത മായാലോകത്തെ അച്ചടക്കമുള്ള സ്വപ്‌ന ജീവികളായി പരിണമിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയെ വീണ്ടെടുക്കാൻ ഉൾഗ്രാമങ്ങളിലേക്ക് മടങ്ങണം. ഇനിയൊരു അഞ്ച് വർഷക്കാലം കൊണ്ട് ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യ സങ്കൽപ്പങ്ങൾ എത്ര കണ്ട് മാറാനിരിക്കുന്നു എന്നത് ഞെട്ടലോടെ മാത്രം ചിന്തിക്കേണ്ട വസ്തുതയാണ്.