Connect with us

National

അമിത് ഷാ ആഭ്യന്തര മന്ത്രി ? രാജ്‌നാഥ് സിംഗിന് പ്രതിരോധം നൽകിയേക്കും

Published

|

Last Updated

ന്യൂഡൽഹി: വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഇത്തവണ ആരൊക്കെയുണ്ടാകും?. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കാനിരിക്കെ അഭ്യൂഹങ്ങൾക്ക് തീപ്പിടിച്ചിരിക്കുകയാണ്. മുഖ്യ കൂട്ടാളിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാ ആഭ്യന്തര മന്ത്രി പദവിയോടെ മന്ത്രിസഭയിലെത്തുമെന്നതാണ് അതിൽ പ്രധാനം.
പാർട്ടി അധ്യക്ഷപദവിയിൽ രണ്ട് ഊഴം പിന്നിട്ട അമിത് ഷാക്ക് ആ പദവിയിൽ സമയം നീട്ടി നൽകുകയായിരുന്നു.

ഇനി അദ്ദേഹത്തെ സർക്കാറിന്റെ ഭാഗമാക്കണമെന്നാണ് പ്രബല വാദം. മാത്രമല്ല, ഇത്തവണത്തെ വിജയത്തിന്റെ മുഖ്യശിൽപ്പിയെന്ന നിലയിൽ അദ്ദേഹം മോദിക്കൊപ്പം സർക്കാറിലും വേണമെന്ന വാദവും ഉയരുന്നു.

അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് പ്രതിരോധം നൽകിയേക്കും. കഴിഞ്ഞ സർക്കാറിൽ വിദേശകാര്യ മന്ത്രിയായ സുഷമാ സ്വരാജിന്റെ പ്രകടനത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷേ ആരോഗ്യപ്രശ്‌നങ്ങൾ അവരെ അലട്ടുന്നു. അത് കണക്കിലെടുത്ത് അവരെ മാറ്റി നിർത്താനിടയുണ്ട്. അപ്പോൾ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വിദേശകാര്യ മന്ത്രിയാകും. ഇവരെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിൽ തന്നെ തുടരും.

എന്നാൽ ധനമന്ത്രാലയത്തിൽ മാറ്റമുണ്ടാകും. അരുൺ ജെയ്റ്റിലിയുടെ ആരോഗ്യനില വളരെ മോശമായതിനാൽ അദ്ദേഹത്തിന് വിശ്രമം അനുവദിക്കും. പകരം അധികാരമൊഴിയുന്ന മന്ത്രിസഭയിലെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ധനമന്ത്രിയാകുമെന്നാണ് ബി ജെ പിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ജെയ്റ്റ്‌ലി താത്കാലികമായി വിട്ടു നിന്ന രണ്ട് തവണയും 54കാരനായ ഗോയലിനായിരുന്നു ധനമന്ത്രിയുടെ ചുമതല. ഇടക്കാല ബജറ്റ് അവതരിപ്പിച്ചതും ഗോയലായിരുന്നു. 18 സീറ്റ് നേടി പുതിയ പോർമുഖം കീഴടക്കിയ പശ്ചിമ ബംഗാളിൽ നിന്ന് മന്ത്രിസഭയിൽ ഒന്നിലധികം പേരുണ്ടാകുമെന്നുറപ്പാണ്. രണ്ട് സീറ്റിൽ നിന്നാണ് ബി ജെ പി ഇവിടെ 18ലേക്ക് കുതിച്ചു ചാടിയത്. ഒഡീഷക്കും കാര്യമായ പ്രാതിനിധ്യമുണ്ടാകും. വടക്കുകിഴക്കൻ മേഖലക്കും നല്ല പ്രാധാന്യം കിട്ടും. ഇതൊക്കെയും ഭാവിയിലേക്കുള്ള രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമാണ്.

ടെക്‌സ്റ്റൈൽ മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്ക് ഇത്തവണ ഭേദപ്പെട്ട വകുപ്പ് ലഭിക്കും. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് പാർലിമെന്റിൽ എത്തുന്ന സ്മൃതിയുടെ താരമൂല്യം ഉയരുന്നത് തന്നെയാണ് കാരണം. ബെംഗളൂരുവിൽ നിന്നുള്ള തേജസ്വി സൂര്യ, മുംബൈയിൽ നിന്നുള്ള പൂനം മഹാജൻ തുടങ്ങിയ യുവ നേതാക്കൾക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കും. ഒ ബി സി, ദളിത് സാന്നിധ്യത്തിനും ശ്രമം നടക്കും.

Latest