Connect with us

National

മുസ്‌ലിം എം പിമാരുടെ എണ്ണത്തിൽ നേരിയ വർധന

Published

|

Last Updated

ന്യൂഡൽഹി: ലോക്സഭയിൽ മുസ്്‌ലിം എം പിമാരുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ ലോക്സഭയിലേതിനേക്കാൾ രണ്ട് മുസ്‌ലിം എം പിമാരുടെ വർധനയാണ് ഇക്കുറി പാർലിമെന്റിലുണ്ടാവുക. കഴിഞ്ഞ തവണ 23പേരാണ് ഉണ്ടായിരുന്നത്. ഇക്കുറി അത് 25 ആയി ഉയർന്നു. 2014ലെ 4.5 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് വർധിച്ചത്. രാജ്യത്തിന്റെ ജനസംഖ്യയിൽ 14 ശതമാനമാണ് മുസ്്ലിംകൾ. മതാടിസ്ഥാനത്തിലല്ല ലോക്‌സഭയിലെ അംഗത്വമെങ്കിലും ജനസംഖ്യക്ക് ആനുപാതികമായി 73 മുസ്‌ലിം എം പിമാരെങ്കിലും ഉണ്ടാവണം. എന്നാൽ ആകെയുള്ള 542 സീറ്റുകളിൽ 303 സീറ്റുകളിലും ബി ജെ പി വിജയിച്ചെങ്കിലും ഒരു മുസ്‌ലിം എം പി പോലും ബി ജെ പി ടിക്കറ്റിൽ വിജയിച്ചില്ല.

ബംഗാളിൽ രണ്ട്, ലക്ഷദ്വീപിൽ ഒന്ന്, കശ്മീരിൽ മൂന്ന് എന്നിങ്ങനെ ആറ് മുസ്്ലിം സ്ഥാനാർഥികളെ മാത്രമായിരുന്നു ബി ജെ പി മത്സരിപ്പിച്ചത്. ഇവരെല്ലാം തോറ്റു. ഇത്തവണ പ്രാദേശിക പാർട്ടികളും മുസ്‌ലിം സ്ഥാനാർഥികളെ നിർത്തുന്നതിൽ ഉദാസീനത കാണിച്ചു. യു പിയിൽ മഹാസഖ്യം മുന്നോട്ടു വെച്ച 78 സ്ഥാനാർഥികളിൽ 10 മുസ്‌ലിം സ്ഥാനാർഥികൾ ഉണ്ടായിരുന്നു(ബി എസ് പി 6 എസ് പി 4). യു പിയിൽ നിന്ന് മഹാസഖ്യത്തിന്റെ സ്ഥാനാർഥികളായി ആറ് മുസ്‌ലിംകൾ വിജയിച്ചു. ബി എസ് പിയുടെയും സമാജ്‌വാദി പാർട്ടിയുടെയും മൂന്ന് സ്ഥാനാർഥികൾ വീതമാണ് വിജയിച്ചത്.

അംറോഹയിൽ നിന്ന് ബി എസ് പിയുടെ ദാനിഷ് അലി, ഘാസിപൂരിൽ അഫ്‌സൽ അൻസാരി, സഹാറൻപൂരിൽ ഹാജി ഫസലുർ റഹ്്മാൻ, സമാജ്‌വാദി പാർട്ടിയുടെ മുറാദാബാദിലെ സ്ഥാനാർഥി എസ് ടി ഹസൻ, സാംബലിൽ ശഫീഫ് റഹ്്മാൻ ബാർഖ്, രാംപൂരിൽ അഅ്സംഖാൻ എന്നിവരാണ് വിജയിച്ചത്. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അഞ്ച് മുസ്‌ലിം എം പിമാരും കോൺഗ്രസിന്റെ ഒരു എം പിയും വിജയിച്ചു.
ഹൈദരാബാദിൽ നിന്ന് എ ഐ എം ഐ എമ്മിന്റെ അസദുദ്ദീൻ ഉവൈസി വിജയിച്ചു. കേരളത്തിൽ ലീഗിന്റെ രണ്ട് എം പിമാരും സി പി എമ്മിന്റെ ഒരു എം പിയും മുസ്‌ലിംകളാണ്. നാല് മുസ്്ലിം എം പിമാരാണ് കോൺഗ്രസ് സീറ്റിൽ വിജയിച്ചത്.

അസാമിലെ ബാർപേട്ടയിൽ നിന്ന് അബ്ദുൽ ഖലീഖ്, ബിഹാറിലെ കിഷൻ ഗഞ്ചിൽ നിന്ന് മുഹമ്മദ് ജവാദ്, ബംഗാളിലെ മാൽദ ദക്ഷിണിൽ നിന്ന് അബു ഹസിംഖാൻ, പഞ്ചാബ് ഫരിദ് കോട്ടിൽ നിന്ന് മുഹമ്മദ് സാദിഖ് എന്നിവരാണ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചവർ. 2004ലെ യു പി എ കാലത്ത് ലോക്സഭയിൽ 35 എം പിമാരുണ്ടായിരുന്നു. 2009ൽ അത് 28 പേരായി കുറഞ്ഞു. 1980ലാണ് ലോക്സഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മുസ്്ലിം എം പിമാരുണ്ടായിരുന്നത്. 49 പേർ.

ഇന്ത്യയിലെ ഏതാണ്ട് 46% മണ്ഡലങ്ങളിലെങ്കിലും മുസ്‌ലിം ജനസംഖ്യ 30 ശതമാനത്തിലധികം ഉണ്ടെന്നതും ഇതോട് ചേർത്ത് വെച്ച് വായിക്കേണ്ടതാണ്. 85 ലോക്‌സഭാ മണ്ഡലങ്ങളിലും 720 നിയമസഭാ മണ്ഡലങ്ങളിലും മുസ്‌ലിംകൾ 20 ശതമാനത്തിലധികം ഉണ്ടെന്നിരിക്കെയാണ് ഈ കണക്കുകൾ പുറത്ത് വരുന്നത്.

---- facebook comment plugin here -----

Latest