പ്ലസ് വൺ: അലോട്ട്മെന്റ് ലഭിച്ചു. ഇനി എന്ത് ചെയ്യണം?

Posted on: May 24, 2019 9:22 pm | Last updated: May 24, 2019 at 9:24 pm

പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ്, സ്പോർട്ട്സ് അലോട്ട്മെന്റ് എന്നിവയുടെ ഫലം  http://results.hscap.kerala.gov.in/index.php/login എന്ന ലിങ്കിലൂടെ അറിയാം.

അലോട്ട്മെന്റ് ലഭിച്ചു. ഇനി എന്ത് ചെയ്യണം?പോർട്ടലിലെ ലിങ്കിൽ പ്രവേശിച്ച് അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അപേക്ഷയിൽ നൽകിയ ആദ്യ ഓപ്ഷൻ തന്നെ നിങ്ങൾക്ക് ലഭിച്ചുവെങ്കിൽ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ തന്നെ ലഭിക്കാത്തവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ, ലഭിച്ച ഓപ്ഷനിൽ ഫീസടച്ച് സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം.

ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് മെയ് 24 മുതൽ മെയ് 27 വൈകിട്ട് 4 വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടാം.

പ്രവേശനത്തിനായി സ്‌കൂളിൽ എന്തെല്ലാം കൊണ്ടുപോകണം?

അഡ്മിഷൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള അലോട്ട്മെന്റ് സ്ലിപ്, അപേക്ഷയിൽ അവകാശപ്പെട്ട രേഖകളുടെയെല്ലാം അസൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് കിട്ടാത്തവർ ഓൺലൈനിൽ നിന്ന് ലഭിക്കുന്ന മാർക്ക് ലിസ്റ്റ് നൽകിയാൽ മതിയാകും),ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ് ലഭിക്കാനായി നൽകിയ രേഖകൾ എന്നിവയുടെയെല്ലാം അസൽ പ്രവേശന സമയത്ത് ഹാജരാക്കണം. സ്പോർട്ട്സ് അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിച്ചവർ സ്കോർ കാർഡ്, സ്പോർട്ട്സ് മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും കരുതണം.

ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. സ്‌കൂളിൽ പോയി അഡ്മിഷൻ എടുക്കണോ?
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്താണ് ചെയ്യേണ്ടത്?
ആദ്യ അലോട്ട്മെന്റ് ലഭിക്കാത്തവർ മെയ് 30 ന് പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.