സച്ചിന്റെ ധോണി നമ്പര്‍ 5

Posted on: May 24, 2019 4:21 pm | Last updated: May 28, 2019 at 5:44 pm


മുംബൈ: ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ടീം കോമ്പിനേഷന്‍ എന്താണെന്ന് തനിക്കറിയില്ല. എന്നാല്‍ രോഹിത്തും ശിഖര്‍ ധവാനും ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുമ്പോള്‍ വിരാട് കോലി മൂന്നാമനായും ഇറങ്ങണം. നാലാമനായി ആരിറങ്ങിയാലും ധോണി അഞ്ചാമനായാണ് ബാറ്റ് ചെയ്യേണ്ടത്. ഹാര്‍ദിക് പാണ്ഡ്യ ഇതിനുശേഷം ബാറ്റ് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു. പരിയചയസമ്പന്നനായ ധോണിക്ക് അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് അതിവേഗം സ്‌കോറിംഗ് ചെയ്യാനാകും. നാലാം നമ്പറില്‍ നിലവാരമുള്ള കളിക്കാരനാണ് ബാറ്റിംഗിന് ഇറങ്ങേണ്ടത്.

നാലാം നമ്പറില്‍ കളിക്കാന്‍ ശേഷിയുള്ള കളിക്കാന്‍ ഇന്ത്യക്കുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായവും ധോണി അഞ്ചാം നമ്പറില്‍ കളിക്കാനിറങ്ങുമെന്നാണ്. 2016ല്‍ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. പിന്നീട് വീണ്ടും അഞ്ചാമനായോ ആറാമനായോ ആണ് ബാറ്റ് ചെയ്തിരുന്നത്.

ധോണി ഇക്കുറി ലോകകപ്പിലും അഞ്ചാമനായി ബാറ്റ് ചെയ്യുമെന്നാണ് സൂചന. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ മെയ് 25ന് ന്യൂസിലന്‍ഡുമായി സന്നാഹമത്സരം കളിക്കാനിറങ്ങും. ബംഗ്ലാദേശുമായി 28നും ഇന്ത്യ മാറ്റുരയ്ക്കും. ജൂണ്‍ 5ന് സൗത്ത് ആഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.