ദേശീയ രാഷ്ട്രീയത്തിലെ ആപത് സൂചന

Posted on: May 24, 2019 2:41 pm | Last updated: May 24, 2019 at 2:41 pm

ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളെ ഒട്ടും തന്നെ ആഹ്ലാദിപ്പിക്കുന്ന ഫലമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പ് നല്‍കിയത്. വീണ്ടും ബി ജെ പി അധികാരത്തില്‍ വരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന സ്വേച്ഛാധിപത്യ സ്വഭാവം പുലര്‍ത്തുന്ന കേന്ദ്രീകൃത ഭരണ സംവിധാനത്തിന്റെ തിരിച്ചുവരവാണ് നാം കാണുന്നത്. പ്രജ്ഞാസിംഗ് ഠാക്കൂറിനെ പോലുള്ള ഹിന്ദു തീവ്രവാദികളെ നാല് ലക്ഷത്തില്‍ അധികം വരുന്ന വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനെ ഹിന്ദു രാഷ്ട്ര നിര്‍മാണത്തിനാണ് ബി ജെ പി ഉപയോഗിക്കാന്‍ പോകുന്നത്. അത് ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് ഭയം നിര്‍മിക്കുന്ന പ്രക്രിയയാണ്. ബി ജെ പിക്കെതിരെ ആര്? മത ഫാസിസത്തിനെതിരെ ആര്? ഇടതുപക്ഷവും കോണ്‍ഗ്രസും പറയുന്നത് തങ്ങളാണ് ബി ജെ പിയെ പ്രതിരോധിക്കാന്‍ പോകുന്നത് എന്നാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തം മണ്ഡലം പോലും സംരക്ഷിക്കാനായില്ല. നരേന്ദ്ര മോദി തരംഗത്തില്‍ എല്ലാം തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. നരേന്ദ്ര മോദി തരംഗം ഒരു സുനാമി പോലെ ആഞ്ഞടിച്ചു. പാക്കിസ്ഥാനെ എതിര്‍ ദിശയില്‍ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം മോദി സൈന്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആര്‍ എസ് എസും ബി ജെ പിയും അഴിച്ചുവിട്ട പ്രചാരണം ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റെടുത്തു. ഇതാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുള്ള കരുത്തുറ്റ ഇന്ധനമായതും.

ഇത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. യുദ്ധവിജയം എല്ലാ കാലത്തും തിരഞ്ഞെടുപ്പ് വിജയമായി പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതാണ് ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഇന്ത്യന്‍ സൈന്യം മോദി സൈന്യമാണ് എന്ന് പറയുമ്പോള്‍ അതിനെ എതിര്‍ക്കാനും ഫലപ്രദമായ രീതിയില്‍ സാധാരണക്കാരായ ആളുകളുടെയും ഗ്രാമീണരുടെയും ഇടയില്‍ പ്രചരിപ്പിക്കാനും പ്രതിപക്ഷത്തിന് ഒരിക്കലും കഴിഞ്ഞതുമില്ല എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ബാലാകോട്ട് എന്ന ഒരു വലിയ ദുരന്തത്തെപ്പോലും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപാധിയായി മാറ്റുന്നതില്‍ ബി ജെ പി വിജയിച്ചിരിക്കുന്നു.

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് മെഷീനിന്റെ വിജയമായിട്ടാണ് ഈ വിജയത്തെ നാം മനസ്സിലാക്കുന്നത്. വളരെ പ്രൊഫഷനലായി രാഷ്ട്രീയത്തെ വളര്‍ത്തി എടുത്ത് ഒട്ടും പ്രൊഫഷനല്ലാത്ത, പക്വതയില്ലാത്ത എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കശാപ്പു ചെയ്ത തിരഞ്ഞെടുപ്പായി നമുക്ക് ഇതിനെ കണക്കാക്കാം. പ്രൊഫഷനല്‍ രാഷ്ട്രീയത്തിനെ എതിര്‍ക്കുമ്പോള്‍ സ്വാഭാവികമായും എതിര്‍ രാഷ്ട്രീയ നേതൃത്വവും അത്തരത്തിലുള്ള പ്രൊഫഷനല്‍ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു വരേണ്ടതാണ്. അത് സംഭവിക്കാത്തത് കൊണ്ടാണ് യഥാര്‍ഥത്തില്‍ ഇത്തരത്തിലുള്ള വലിയ ഒരു ദുരന്തം പ്രതിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. മാത്രമല്ല, ഒാരോ പ്രതിപക്ഷത്തുമുള്ള പ്രതിപക്ഷ നേതാക്കളുടെ ആഗ്രഹം ഇന്ത്യന്‍ പ്രധാനമന്ത്രിപദം ആയിരുന്നു. അങ്ങനെ പരസ്പരം പ്രധാനമന്ത്രി പദത്തിന് വേണ്ടി ചിന്നിച്ചിതറിയ പ്രതിപക്ഷം വന്‍ വിജയം ബി ജെ പിക്ക് ഉണ്ടാക്കി കൊടുത്തതില്‍ അത്ഭുതപ്പെടാനില്ല. ഞാനിത് എഴുതുമ്പോള്‍ തോല്‍വി സമ്മതിച്ച് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെക്കാന്‍ തയാറായിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. പക്ഷേ, ഈ തീരുമാനം കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തള്ളാനാണ് സാധ്യത. കാരണം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് മറ്റൊരു നേതാവിനെ പകരം വെക്കാനില്ല എന്നതാണ്.

നരേന്ദ്ര മോദി- അമിത് ഷാ സഖ്യത്തിനെതിരെ ഒരു ബദല്‍ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെങ്കില്‍ പ്രതിപക്ഷ രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകാത്ത സ്ഥിതിയുണ്ടാകും. മധ്യപ്രദേശ് സര്‍ക്കാറും കര്‍ണാടക സര്‍ക്കാറും ഭീഷണി നേരിടാന്‍ പോകുകയാണ്. ഇതിനെതിരെ പ്രതിരോധിക്കാന്‍ കഴിഞ്ഞിെല്ലങ്കില്‍ എല്ലാവരും പലായനം ചെയ്യുന്ന കാഴ്ച കാണേണ്ടി വരും. കാരണം ഏതാണ്ട് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും അധികാരത്തിന് പിന്നാലെ പായുന്ന കാഴ്ചയാണ് മുമ്പ് കണ്ടിരുന്നത്. ഇപ്പോഴും അത് തുടരുകയാണ്. അട്ടിമറിയുടെ സാധ്യത വര്‍ധിപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചാല്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് ഇതിനേക്കാള്‍ വലിയ പതനം കാണേണ്ടി വരും. മസില്‍ പവറും മണിപവറും അതിശക്തമായി ഉയര്‍ന്നുവന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയുടെ തിരഞ്ഞെടുപ്പ് ഫലം കൂടിയായി ഇതിനെ നാം വിലയിരുത്തേണ്ടതുണ്ട്. കേരളത്തില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ഇടതുപക്ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരസ്തിത്വ പ്രതിസന്ധി നേരിടുകയാണ്. ത്രിപുരയിലും ബംഗാളിലും അതിന്റെ സ്ഥിതി മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് ഇത് രണ്ടാം തവണയാണ് ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് വരുന്നത്. കഴിഞ്ഞ ഇലക്ഷന്‍ സമയത്തെ തോല്‍വി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള പ്രാപ്തി കേരളത്തില്‍ ഇടതുപക്ഷത്തില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നതും തിരിച്ചറിയേണ്ടതാണ്.

ഈ തിരഞ്ഞെടുപ്പ് ഫലം ഭാവിയിലേക്കുള്ള ഒരു വലിയ സൂചനയാണ്. രാഷ്ട്രീയം ഗൗരവമായ തരത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത വിധത്തിലാണ് ഇന്ത്യ മുന്നോട്ടു പോകുന്നതെങ്കില്‍ രാജ്യം ക്രമേണ വര്‍ഗീയ രാഷ്ട്രീയത്തിന് കീഴടങ്ങേണ്ടി വരും. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള കഴിവ് എല്ലാ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യവാദികളും കാണിക്കണം. അല്ലെങ്കില്‍ അത് ഭയാനകമായ രാഷ്ട്രീയ സാഹചര്യത്തിലേക്കായിരിക്കും ഇന്ത്യയെ എത്തിക്കുക. യഥാര്‍ഥത്തില്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് അത്തരത്തിലുള്ള ആപല്‍ സൂചന തന്നെയാണ്.

കാരണം തിരഞ്ഞെടുപ്പിന് മുമ്പ് പലയിടങ്ങളിലും പ്രത്യേകിച്ചും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ച് വരാനും നല്ല ഭൂരിപക്ഷമുണ്ടാക്കാനും കഴിയുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും ഇതേ സാഹചര്യം നിലനിന്നിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം നിരാശയുളവാക്കുന്നതായി. കോണ്‍ഗ്രസ് ഏതാണ്ട് ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയ ഒരു പാര്‍ട്ടിയായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ തരത്തിലുള്ള ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണിത്. കരുതലോടു കൂടിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് പ്രതിവിധിയായി നമുക്ക് മുമ്പിലുള്ളത്.