Connect with us

National

പ്രിയങ്ക അധ്വാനിച്ചു, പക്ഷേ, ഫലമുണ്ടായില്ല

Published

|

Last Updated

ലക്‌നോ: ഒരു ഘട്ടത്തിൽ നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ സ്ഥാനാർഥിയായേക്കുമെന്നുവരെ പ്രചരിപ്പിക്കപ്പെട്ട ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം ഉത്തർ പ്രദേശിൽ കോൺഗ്രസിനെ തുണച്ചില്ല. ഔദ്യോഗികമായി പാർട്ടി പ്രവേശത്തോടൊപ്പം കിഴക്കൻ യു പിയുടെ ചുമതലയുമായാണ് പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നിർണായക ഘട്ടത്തിൽ എത്തിച്ചേർന്നത്.

എൺപത് സീറ്റുകളുള്ള സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 26 മണ്ഡലങ്ങളിലായിരുന്നു പ്രിയങ്കയുടെ സവിശേഷ ശ്രദ്ധയും സാന്നിധ്യവും. എന്നാൽ, ഈ ദൗത്യം പൂർണമായി പരാജയപ്പെട്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ തോൽവിയാണ് പ്രിയങ്ക നേരിട്ട വലിയ തിരിച്ചടി. റായ്ബറേലിയിൽ മാതാവും യു പി എ അധ്യക്ഷയുമായ സോണിയാ ഗാന്ധി ജയിച്ചെങ്കിലും മറ്റൊരു മണ്ഡലത്തിലും പ്രിയങ്കയുടെ സ്വാധീനം പ്രതിഫലിച്ചതേയില്ല. മാത്രമല്ല, മത്സരിച്ച മിക്ക മണ്ഡലങ്ങളിലും ബി ജെ പിക്കും എസ് പി- ബി എസ് പി- ആർ എൽ ഡി സഖ്യത്തിനും പിന്നിൽ മൂന്നാം സ്ഥാനത്താകുകയും ചെയ്തു കോൺഗ്രസ് സ്ഥാനാർഥികൾ.

അമേഠി, റായ്ബറേലി, വാരാണസി, സഹാറൻപൂർ, ബിജ്‌നോർ, ഗാസിയാബാദ്, ഫതേഹ്പൂർ സിക്രി, ബഹ്‌റൈച്, ധൗരാഹ്ര, ബരാബാങ്കി, കാൺപൂർ, ജലൗൻ, ഝാൻസി, മിർസാപൂർ, ബസ്തി, സന്ത് കബീർ നഗർ, ദൊമാരിയാഗഞ്ച്, മഹാരാജ്ഗഞ്ച്, ഫതേഹ്പൂർ തുടങ്ങിയ മണ്ഡലങ്ങളിലായി 33 റാലികളിലാണ് പ്രിയങ്ക പങ്കെടുത്ത് സംസാരിച്ചത്. പ്രധാനമന്ത്രിക്കും ഭരണത്തിനുമെതിരെയുള്ള ശക്തമായ വാക്കുകളായിരുന്നു പ്രസംഗത്തിലുടനീളം പ്രിയങ്ക പ്രയോഗിച്ചത്. പക്ഷേ, പ്രവർത്തകരോട് അവർ ഒരു കാര്യം തുറന്നു പറഞ്ഞിരുന്നു. “എനിക്ക് മായാജാലമൊന്നും അറിയില്ല, പാർട്ടിയെ താഴേത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുക മാത്രമാണ് ജയത്തിലേക്കുള്ള വഴി” എന്നായിരുന്നു കിഴക്കൻ ഉത്തർ പ്രദേശിന്റെ സംഘടനാ ചുമതല ലഭിച്ച ശേഷം പ്രിയങ്ക നടത്തിയ ശ്രദ്ധേയമായ പ്രസ്താവന. അണികളിൽ ആവേശമിളക്കാൻ അവരുടെ സാന്നിധ്യം കൊണ്ട് സാധിച്ചിരുന്നു. പങ്കെടുത്ത പൊതുയോഗങ്ങളിൽ എല്ലായിടത്തും നിറഞ്ഞെത്തിയ ജനക്കൂട്ടം വോട്ടായി മാറുമെന്ന് കോൺഗ്രസിന്റെ കണക്കുകൂട്ടൽ പക്ഷേ, യാഥാർഥ്യമായില്ല.

2022ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൂടിയായിരുന്നു പ്രിയങ്കയുടെ താരപ്രവേശം എന്നത് കോൺഗ്രസ് ക്യാമ്പിൽ വലിയ നിരാശക്കാണ് വഴിവെക്കുന്നത്.

സംസ്ഥാനത്ത് എസ് പി- ബി എസ് പി- ആർ എൽ ഡി മഹാസഖ്യത്തെയും മറികടന്നുള്ള മുന്നേറ്റമാണ് ബി ജെ പി നടത്തിയത്. ഇത്തവണ എസ് പി– ബി എസ് പി മഹാസഖ്യം വലിയ വിജയം നേടുമെന്ന വിലയിരുത്തലായിരുന്നു രാഷ്ട്രീയ നിരീക്ഷകർ നടത്തിയിരുന്നത്. എന്നാല്‍, ഫലം പുറത്തുവന്നപ്പോൾ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്ന കാഴ്ചയാണ് കണ്ടത്. രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 2014ല്‍ സംസ്ഥാനത്തെ 73 സീറ്റുകളിൽ വിജയിച്ചാണ് ബി ജെ പി കേന്ദ്രത്തില്‍ അധികാരം ഉറപ്പിച്ചത്.

Latest