Connect with us

Ongoing News

വേറിട്ട് നിന്ന് കേരളം, ആഴത്തിൽ പ്രതിഫലിക്കും

Published

|

Last Updated

വിജയം ഉറപ്പിച്ച ശേഷം പാർട്ടി പ്രവർത്തകർക്കൊപ്പം വടകര യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ

തിരുവനന്തപുരം: മോദി പേടിയിൽ ഒരുമിച്ച ന്യൂനപക്ഷങ്ങളും ശബരിമലയിൽ വ്രണിതരായ ഭൂരിപക്ഷവും കോൺഗ്രസിനൊപ്പം നിന്നതോടെ യു ഡി എഫിന് ത്രസിപ്പിക്കുന്ന വിജയം. യു ഡി എഫിനെ തുണച്ചതിനൊപ്പം ബി ജെ പിയെ പടിപ്പുറത്ത് നിർത്തിയ മതേതര കേരളം കൂടിയാണ് ജയിക്കുന്നത്. രാഹുലിന്റെ വരവ് നൽകിയ ഊർജമാണ് ജയിച്ചവരുടെ ഭൂരിപക്ഷത്തിൽ ഇത്രയേറെ ലക്ഷപ്രഭുക്കളെ സൃഷ്ട്രിച്ചത്. ഈ അനുകൂലഘടകങ്ങളുടെ ബലത്തിൽ നിന്ന യു ഡി എഫ് കൊലപാതക രാഷ്ട്രീയം കൂടി ആയുധമാക്കിയപ്പോൾ ഇടത് വീഴ്ചയുടെ ആഘാതം കൂടി. മികച്ച സ്ഥാനാർഥികളെ കളത്തിലിറക്കിയിട്ടും ഇത്രയും കനത്ത തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾ സി പി എമ്മിനെ ഉലക്കുമെന്നുറപ്പ്. അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ്‌പോൾ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലിരുന്ന ബി ജെ പിക്ക് കേരളം നൽകിയത് അർഹിക്കുന്ന തിരിച്ചടി. വമ്പൻ ഭൂരിപക്ഷത്തിൽ മോദിയെ വീണ്ടും അധികാരമേറ്റുമ്പോഴും വർഗീയതയെ ചെറുത്ത് നിർത്തിയ തുരുത്തായി കേരളം തുടരുമെന്ന് കൂടിയാണ് ഈ ഫലത്തിൽ പ്രതിഫലിക്കുന്നത്. രാജ്യമാകെ ആഞ്ഞുവീശിയ മോദി തരംഗം പ്രബുദ്ധകേരളം തടഞ്ഞ് നിർത്തുകയായിരുന്നു.

മുന്നേറ്റമുണ്ടാക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇത്രവലിയൊരു വിജയം യു ഡി എഫ് പോലും പ്രതീക്ഷിച്ചതല്ല. പരമാവധി പതിനഞ്ച് സീറ്റ് വരെയെന്നതായിരുന്നു നേതാക്കളുടെ കണക്ക് കൂട്ടൽ. ഇത് പത്തൊമ്പതിലെത്തിയതിലാണ് അമ്പരപ്പ്. വയനാട്ടിൽ നാമനിർദേശ പത്രിക നൽകി മടങ്ങും വേളയിൽ 20:20യെന്നായിരുന്നു രാഹുൽ നൽകിയ നിർദേശം. 20ൽ 20 നേടാനായില്ലെങ്കിലും 19ലെത്തിയതിന്റെ ത്രില്ലില്ലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. പാർട്ടി തലപ്പത്ത് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതൃപദവിയിൽ രമേശ് ചെന്നിത്തലക്കും ഭീഷണിയില്ലാതെ തുടരാനും ഈ ഫലം സഹായിക്കും.

ന്യൂനപക്ഷങ്ങളുടെ ഫാസിസ്റ്റ്‌വിരുദ്ധ മനസ്സ് തന്നെയാണ് യു ഡി എഫ് വിജയത്തിലെ പ്രധാനഘടകം. ദേശവ്യാപകമായി ബി ജെ പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ആർക്ക് കഴിയുമെന്ന ചോദ്യത്തിന് അവർ കണ്ടെത്തിയത് കോൺഗ്രസ് എന്ന ഉത്തരം. മുസ്‌ലിം, ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ ഒരു പോലെ യു ഡി എഫിനെ തുണച്ചു. മലബാറിലെയും മധ്യകേരളത്തിലെയും ഫലസൂചനയിൽ ഇത് വ്യക്തം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ തുണച്ച വലിയൊരു വിഭാഗം ജനങ്ങളും ഇത്തവണ യു ഡി എഫിൽ പ്രതീക്ഷയർപ്പിച്ചു.

കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ മത്സരിക്കാനെത്തിയത് ബി ജെ പി വിരുദ്ധമനസ്സുകളിൽ തീർത്ത ആവേശക്കൊടുങ്കാറ്റ് കൂടിയാണ് ഇ വി എമ്മുകളിൽ തെളിഞ്ഞത്. സ്ഥാനാർഥി നിർണയ തുടക്കത്തിലുണ്ടായ തർക്കവും മത്സരിക്കാനില്ലെന്ന നേതാക്കളുടെ ഒളിച്ചോട്ടവും നിരാശപടർത്തിയ കോൺഗ്രസ് ക്യാമ്പിന് രാഹുലിന്റെ വരവ് നൽകിയ ഊർജം ചെറുതല്ല.
ചോദ്യങ്ങളുടെ കുന്തമുനയാണ് സി പി എമ്മിനെ കാത്തിരിക്കുന്നത്. നിഷ്പക്ഷ വോട്ടുകളുടെ കണക്കെടുക്കും മുമ്പ് ചോർന്ന് പോയ പാർട്ടി വോട്ടുകളെ കുറിച്ച് പാർട്ടി ആദ്യം അന്വേഷിക്കേണ്ടി വരും. ആറ്റിങ്ങലിലെയും പാലക്കാട്ടെയും ആലത്തൂരിലെയും കാസർകോട്ടെയും തോൽവി നന്നായി അസ്വസ്ഥമാക്കും. വടകരയിലെയും കൊല്ലത്തെയും തിരിച്ചടി അസഹനീയമാണ്. തോറ്റെന്ന് മാത്രമല്ല, ലക്ഷം കടന്നുള്ള ഭൂരിപക്ഷത്തിന് കണക്കുകൾ കൊണ്ടുള്ള ഉത്തരം മതിയാകില്ല.

മോദിക്ക് ബദൽ കോൺഗ്രസ് ആണെന്നും പ്രധാനമന്ത്രി സ്ഥാനാർഥി തന്നെ കേരളത്തിലാണ് മത്സരിക്കുന്നതെന്ന പ്രചാരണവും യു ഡി എഫിലേക്ക് വോട്ടർമാരെ അടുപ്പിച്ചെന്നാണ് സി പി എമ്മിന്റെ ആദ്യ പ്രതികരണം. ഈ വിലയിരുത്തൽ വസ്തുതയാണെങ്കിലും ഇതുകൊണ്ട് മാത്രമാണ് തോറ്റതെന്ന തീർപ്പിൽ നീതിയില്ല.

മത, വിശ്വാസ വിഷയങ്ങളിൽ ഇടപെടുന്നതിലെ കരുതലില്ലായ്മ ഇടതുപക്ഷത്തോട് താത്പര്യമുള്ളവരെ കൂടി അകറ്റി നിർത്തിയെന്ന് വേണം കരുതാൻ. ശബരിമല വിഷയത്തിൽ ബി ജെ പിയെ നിലക്ക് നിർത്താൻ ശ്രമിച്ചെന്ന പ്രതീതിയുണ്ടായെങ്കിലും ആചാരങ്ങളിലെ അനാവശ്യ ഇടപെടലായി വ്യാഖ്യാനിക്കപ്പെട്ടത് തിരിച്ചടിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇടതുപക്ഷത്ത് നിന്നുയരും. സി പി എമ്മിൽ മിണ്ടലുണ്ടായില്ലെങ്കിലും സി പി ഐ അടക്കം മറ്റുഘടകകക്ഷികൾ മൗനമായി ഇരിക്കില്ല. കാരണം, സംപൂജ്യരായ സി പി ഐക്കും മുറിവേറ്റിരിക്കുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യത്തിനേറ്റ തിരിച്ചടിയെന്ന പ്രതികരണം കോൺഗ്രസ് നടത്തി ക്കഴിഞ്ഞു.

പൊട്ടിത്തെറിയുടെ നാളുകളാണ് ബി ജെ പിയെ കാത്തിരിക്കുന്നത്. കേന്ദ്രത്തിൽ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുമ്പോഴും ഇവിടെ അക്കൗണ്ട് തുറക്കാൻ കഴിയാത്തതിന് സംസ്ഥാനനേതൃത്വം ഉത്തരം പറയേണ്ടി വരും. ആളും ആരവവും നൽകി കേന്ദ്രനേതൃത്വം കൂടെ നിന്നിട്ടും ജയിക്കാനായില്ല. കോടികൾ ഒഴുക്കിയിട്ടും കഴിഞ്ഞ തവണത്തെ പ്രകടനം പോലും തിരുവനന്തപുരത്ത് കാഴ്ചവെക്കാനായില്ല. പാർട്ടിതലപ്പത്തെ ഭിന്നത രൂക്ഷമാക്കാൻ ഈ പരാജയം വഴിവെക്കും.