വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണില്ല; പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി

Posted on: May 22, 2019 1:21 pm | Last updated: May 22, 2019 at 6:00 pm

ന്യൂഡല്‍ഹി: വിവിപാറ്റുകളിലെ സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. 22 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യമാണ്
മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം
തള്ളിയത്. ആവശ്യം അംഗീകരിച്ചാല്‍ അന്തിമ ഫലപ്രഖ്യാപനം മൂന്നു ദിവസം വരെ വൈകുമെന്ന് കമ്മീഷന്‍ പറഞ്ഞു.

കമ്മീഷന്‍ തീരുമാന പ്രകാരം വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം മാത്രമെ വിവിപാറ്റുകള്‍ എണ്ണൂ. വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുമ്പ് ഓരോ മണ്ഡലത്തിലെയും വിവിപാറ്റ് മെഷീനില്‍ നിന്നുള്ള പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണിയ ശേഷം മാത്രം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുക, ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇതില്‍ നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു ശതമാനം (അഞ്ചു ബൂത്തുകളിലെത്) വിവിപാറ്റുകള്‍ എണ്ണാനാണ് കമ്മീഷന്റെ തീരുമാനം. ബൂത്തുകള്‍ ഏതൊക്കെയെന്ന് നറുക്കിട്ട് തീരുമാനിക്കും.