ഒമാന്‍ സാഹിത്യകാരി ജോക്ക അല്‍ഹാര്‍തിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം

Posted on: May 22, 2019 12:21 pm | Last updated: May 22, 2019 at 3:56 pm

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരത്തിന് ഒമാന്‍ സാഹിത്യകാരി ജോക്ക അല്‍ഹാര്‍തി അര്‍ഹയായി. ആധുനിക ലോകത്തിന്റെ സങ്കീര്‍ണതകളോടും അടിമകളായി കഴിയേണ്ടി വന്ന ഭൂതകാലത്തോടും പൊരുതുന്ന മൂന്നു സഹോദരിമാരുടെ കഥ പറയുന്ന ജോക്കയുടെ ‘സെലിസ്റ്റ്യല്‍ ബോഡീസ്’ എന്ന നോവലിനാണ് പുരസ്‌കാരം.

അറബി ഭാഷക്കാരില്‍ മാന്‍ ബുക്കറിന് അര്‍ഹയാകുന്ന ആദ്യ എഴുത്തുകാരിയാണ് ജോക്ക. സ്വന്തം കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന ആദ്യ ഒമാനി വനിത കൂടിയാണ് അവര്‍. പുരസ്‌കാര തുകയായ 50,000 പൗണ്ട് (44 ലക്ഷം രൂപ) നോവല്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ മെര്‍ലിന്‍ ബൂത്തുമായി ജോക്ക പങ്കുവെക്കും.

ബുദ്ധിയെയും ഹൃദയത്തെയും തുല്യ അളവില്‍ കവരുന്ന കൃതിയാണ് ജോക്കയുടെതെന്ന് അവാര്‍ഡ് നിര്‍ണയിച്ച സമിതിയുടെ തലവനും ചരിത്രകാരനുമായ ബെറ്റണി ഹ്യൂസ് പറഞ്ഞു. വൈകാരികമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉചിതമായ തലമാണ് സാഹിത്യമെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം നടന്ന ഒരഭിമുഖത്തില്‍ ജോക്ക പ്രതികരിച്ചു. 1970ല്‍ അടിമ സമ്പ്രദായം നിര്‍ത്തലാക്കിയ ഒമാനിന്റെ മാത്രമല്ല, മനുഷ്യ ചരിത്രത്തിന്റെ തന്നെ ഭാഗമാണ് അടിമത്തം. ഏതായാലും അറബി സാഹിത്യത്തിന്റെ ജാലകം തുറന്നിടാന്‍ ഇതിലൂടെ കഴിഞ്ഞു.

2010ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂണ്‍ ആണ് ജോക്കയുടെ ആദ്യ പുസ്തകം. ജോക്കയെ കൂടാതെ കഴിഞ്ഞ തവണ ബുക്കര്‍ പുരസ്‌കാരം ലഭിച്ച പോളണ്ടിലെ ഓല്‍ഗ ആനി ടുകാര്‍സുക്, ആനി എര്‍നാസ് (ഫ്രാന്‍സ്), മരിയന്‍ പോഷ്മാന്‍ (ജര്‍മനി), ജുആന്‍ ഗബ്രിയേല്‍ വാസ്‌കുസ് (കൊളംബിയ), ആലിയ ട്രബൂക്കോ സെറന്‍ (ചിലി) എന്നിവരാണ് ആറംഗ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.