Connect with us

Malappuram

മഞ്ചേരിയിലെ ആദ്യ മസ്ജിദ്: മൗലാ ഖൈല

Published

|

Last Updated

മഞ്ചേരി മേലാക്കം ജുമുഅ മസ്ജിദ്

മഞ്ചേരി: പൗരാണിക മഞ്ചേരിയിലെ മുസ്‌ലിംകളുടെ ആദ്യത്തെ പള്ളിയാണ് മേലാക്കം ജുമുഅ മസ്ജിദ്. മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഈ പള്ളിക്ക് മൗലാ ഖൈല എന്ന് നാമകരണം ചെയ്തു. മമ്പുറം തങ്ങളുടെ പേരായ മൗലദ്ദവീല എന്നതിലെ മൗലായും ഹളര്‍മൗത്തിലെ ഒരു ഗ്രാമത്തിലെ ഖൈലയും ചേര്‍ത്താണ് പള്ളിക്ക് മൗലാ ഖൈല എന്ന് പേരിട്ടത്.

ഏറനാട് തഹസില്‍ദാറായിരുന്ന അരീക്കാടന്‍ കുട്ടൂസ അധികാരി എന്നവരാണ് പള്ളി നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. ഹളര്‍ മൗത്തില്‍ നിന്നെത്തിയ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മലയാള വര്‍ഷം 1022ന് മേലാക്കം പള്ളി ജുമുഅ മസ്ജിദായി വഖ്ഫ് ചെയ്തു. അതുവരെ മഞ്ചേരി നിവാസികള്‍ പയ്യനാട് പള്ളിയെ ആയിരുന്നു ജുമുഅക്കും മയ്യിത്ത് ഖബറടക്കുന്നതിനും ആശ്രയിച്ചിരുന്നത്.
അക്കാലത്ത് വലിയ ഭൂപ്രഭുക്കളും ജന്മികളുമായിരുന്ന മഞ്ചേരി കോവിലകത്തെ തിരുമുല്‍പ്പാടിനോട് ഫസല്‍ തങ്ങള്‍ പള്ളിക്ക് സ്ഥലം ആവശ്യപ്പെടുകയായിരുന്നു. നിസ്‌കരിക്കാനും മയ്യിത്ത് ചുമന്നു കൊണ്ടുപോയി ഖബറടക്കം ചെയ്യാനും ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ദുഷ്‌കരമായതിനാല്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേകം സ്ഥലം വേണമെന്നായിരുന്നു ഫസല്‍ തങ്ങള്‍ തിരുമുല്‍പ്പാടിനോട് ആവശ്യപ്പെട്ടത്.
അതനുസരിച്ച് നിലമ്പൂര്‍ റോഡില്‍ മേലാക്കം ചളിക്കത്തോട് സ്ഥലമനുവദിച്ചു. നിറയെ വെള്ളമുള്ള വലിയതോട് ആയിരുന്നു ജാലിക തോട്. തോട്ടില്‍നിന്ന് വുളു എടുത്തായിരുന്നു പള്ളിയിലേക്ക് കയറിയിരുന്നത്.

ഹിജ്‌റ 1247ല്‍ റജബ് മാസം സയ്യിദ് ഹബീബ് ഫസലുബ്‌നു ഗൗസ് അലവി തങ്ങള്‍ ഇവിടെ എത്തിയപ്പോഴാണ് പള്ളിക്ക് മൗലാഖൈല എന്ന പേര് വിളിച്ചത്. മമ്പാട് വലിയ ജാറത്തിലേക്കും പയ്യനാട് സീരി തങ്ങളുടെ ജാറത്തിലേക്കും പോകുമ്പോഴെല്ലാം മമ്പുറം തങ്ങള്‍ മേലാക്കം പള്ളിയില്‍ കയറാറുണ്ടായിരുന്നു. അണ്ടിക്കാടന്‍, പൂഴികുത്ത് മുസ്‌ലിയാരകത്ത് കുടുംബങ്ങളായിരുന്നു ആദ്യകാല മഹല്ല് നിവാസികള്‍.

മഖ്ദൂം കുടുംബ പരമ്പരയില്‍ മുസ്‌ലിയാരകത്ത് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പോക്കര്‍ മുസ്‌ലിയാര്‍, കുട്ടി മുസ്‌ലിയാര്‍, കുഞ്ഞുട്ടി മുസ്‌ലിയാര്‍, എന്നിവരായിരുന്നു ആദ്യകാലത്ത് പള്ളിയിലെ ഖത്തീബുമാരും മുദരിസുമാരും.
പൂഴികുത്ത് അലവി ഹാജി, കുഞ്ഞറമു ഹാജി, അവറാന്‍ ഹാജി എന്നിവരാണ് ആദ്യകാല മഹല്ല് കാരണവന്മാര്‍. 39 വര്‍ഷമായി ഹാജി ടി പി അബ്ദുല്ല മുസ്‌ലിയാരാണ് മേലാക്കം പള്ളിയിലെ ഖാസിയായി ചുമതല നിര്‍വഹിക്കുന്നത്. 1908ലാണ് മഞ്ചേരി സെന്‍ട്രല്‍ ജുമുഅ മസ്ജിദ് സ്ഥാപിതമാകുന്നത്.

Latest