എൽ പി-യു പി ഹൈടെക് @ ജൂലൈ

Posted on: May 22, 2019 11:14 am | Last updated: May 22, 2019 at 11:14 am

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ 9,941 സ്‌കൂളുകളിൽ കിഫ്ബി ധനസഹായത്തോടെ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ജൂലൈ മുതൽ പ്രൈമറി-അപ്പർ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിതമാകുമെന്ന് കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് അറിയിച്ചു. എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികൾ വിജയകരമായി ഹൈടെക്കാക്കിയതിന്റെ തുടർച്ചയായാണ് പദ്ധതി. ഇതനുസരിച്ച് 55,086 ലാപ്‌ടോപ്പുകൾക്കും, യു എസ് ബി സ്പീക്കറുകൾക്കും, 23,170 പ്രൊജക്ടറുകൾക്കുമുള്ള സപ്ലൈ ഓർഡർ നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

ദേശീയതലത്തിൽ മത്സരാധിഷ്ഠിത ടെൻഡർ വഴി ലാപ്‌ടോപ്പുകൾക്ക് നാല് ബ്രാൻഡുകളും പ്രൊജക്ടറുകൾക്ക് അഞ്ച് ബ്രാൻഡുകളുമാണ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ ലാപ്‌ടോപ്പിനുള്ള എയ്‌സർ ബ്രാൻഡ് ക്വാട്ട് ചെയ്ത കെൽട്രോണിന് 27,893 രൂപ നിരക്കിലാണ് ടെൻഡർ ലഭിച്ചത്. മൾട്ടിമീഡിയ പ്രൊജക്ടറിൽ ബെൻക്വ ബ്രാൻഡ് ക്വാട്ട് ചെയ്ത അഗ്മാടെല്ലിനാണ് (21,235 രൂപ) ടെൻഡർ.

യു എസ് ബി സ്പീക്കർ ടെൻഡർ ലഭിച്ചത് സീബ്രോണിക്‌സ് ബ്രാൻഡ് ക്വാട്ട ചെയ്ത കെൽട്രോണിന് 378 രൂപക്കാണ്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയുടെ നിരക്കിൽ വിതരണം ചെയ്യാൻ സന്നദ്ധമാണെങ്കിൽ ലാപ്‌ടോപ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് 50:30:20 എന്ന അനുപാതത്തിൽ വിതരണം ചെയ്യാൻ ടെൻഡർ വ്യവസ്ഥകൾ അനുവദിച്ചിരുന്നു.

ഇതനുസരിച്ച് മൂന്നാം സ്ഥാനത്തെത്തിയ ഡെൽ ബ്രാൻഡ് ഈ വിലക്ക് നൽകാൻ സന്നദ്ധരായില്ല എന്നതിനാൽ രണ്ടാം സ്ഥാനം ലഭിച്ച എച്ച് പി കമ്പനിയാണ് 40 ശതമാനം ലാപ്‌ടോപ്പുകൾ ലഭ്യമാക്കുക. പ്രോജക്ടറിനും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ തയ്യാറായ എയ്‌സർ ബ്രാൻഡിന് 40% വിതരണാനുമതി നൽകി.
ലാപ്‌ടോപ്പുകൾക്ക് ബാറ്ററിയും, പവർ അഡാപ്റ്ററും ഉൾപ്പെടെയും പ്രൊജക്ടറുകൾക്ക് ബൾബ് ഉൾപ്പെടെയും അഞ്ച് വർഷ പൂർണ വാറണ്ടിയോടെയാണ് ഉപകരണങ്ങൾ വിതരണം ചെയ്യേണ്ടത്. ലാപ്‌ടോപ്പുകളിൽ ഇന്റലിന്റെ കോർ ഐ 3 ഏഴാം തലമുറയിലുള്ളതും, എ എം ഡിയുടെ റെയ്‌സൻ 3 പ്രോസസറുകളുമാണ് ടെൻഡർ നേടിയത്. രണ്ടരമാസം എന്ന റെക്കോർഡ് വേഗതയിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

സർക്കാർ നിയമിച്ച പ്രൊഫ. ജി. ജയശങ്കർ ചെയർമാനും കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കൺവീനറും സിഡാക് ഡയറക്ടർ ശശി പി എം, എൻ ഐ സി സീനിയർ ടെക്‌നിക്കൽ ഡയറക്ടർ രഞ്ജിത്ത് എൻ, ഐ ടി വകുപ്പിന്റെ എസ് സി എം ടി സീനിയർ കൺസൾട്ടന്റ് സന്തോഷ്‌ കുമാർ, ഫിനാൻസ് ഓഫീസർ എന്നിവർ അംഗങ്ങളായ സാങ്കേതിക സമിതിയാണ് ടെൻഡർ നടപടികൾക്ക് പൂർണ മേൽനോട്ടം വഹിച്ചത്.

അഞ്ച് വർഷത്തെ കോംപ്രിഹെൻസീവ് വാറണ്ടി ഉള്ളതിനാൽ ഇനി സ്‌കൂളുകൾക്ക് അഞ്ച് വർഷം മെയിന്റനൻസ് ഇനത്തിൽ ബാധ്യത ഉണ്ടാവുകയില്ല. പരാതി പരിഹരിക്കാനുള്ള കോൾസെന്റർ, വെബ്‌പോർട്ടൽ എന്നിവ കൈറ്റ് സജ്ജമാക്കും. നിശ്ചിത സമയത്തിനകം സ്‌കൂളുകളിൽ നിന്നുള്ള പരാതികൾ പരിഹരിച്ചില്ലെങ്കിൽ പ്രതിദിനം 100 രൂപ നിരക്കിൽ കമ്പനികൾ പിഴ നൽകണമെന്ന് കർശന വ്യവസ്ഥയും കരാറിലുണ്ട്.