സ്‌കൂൾ ഫീസ്: രേഖകൾ തടയാൻ പ്രിൻസിപ്പലിന് അധികാരമില്ല

Posted on: May 22, 2019 11:09 am | Last updated: May 22, 2019 at 11:09 am


തിരുവനന്തപുരം: ഫീസ് ഉൾപ്പെടെയുള്ള തുക അടച്ചില്ലെന്ന പേരിൽ വിദ്യാർഥികളുടെ രേഖകൾ തടഞ്ഞുവെക്കാൻ സ്‌കൂൾ അധികൃതർക്ക് അവകാശമില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ.
വിദ്യാർഥികൾ നൽകാനുള്ള നിയമാനുസൃതമായ ഫീസോ മറ്റ് തുകയോ അടച്ചില്ലെന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മാർക്ക്‌ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖകൾ തടഞ്ഞുവെക്കാൻ പ്രധാനാധ്യാപകനോ പ്രിൻസിപ്പലിനോ അധികാരമില്ലെന്നാണ് ബാലാവകാശ സംരക്ഷണ കമ്മീഷൻ വ്യക്തമാക്കിയത്. കണ്ണൂർ മട്ടന്നൂർ മലബാർ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടിയുടെ ടി സി തടഞ്ഞ പരാതി തീർപ്പാക്കി കമ്മീഷൻ ചെയർമാൻ പി സുരേഷ്, കെ നസീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്. ഇത്തരം നടപടികൾ ഗുരുതര അച്ചടക്കലംഘനമായി പരിഗണിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് തുടങ്ങിയ രേഖകൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ഹയർ സെക്കൻഡറി ഡയറക്ടർ, സി ബി എസ് ഇ റീജ്യനൽ ഓഫീസർ എന്നിവർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.അതോടൊപ്പം കുട്ടികൾക്ക് പഠന-ചികിത്സാ സഹായങ്ങൾ വിതരണം ചെയ്യുന്നത് അവരുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്ന തരത്തിലാകരുതെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കുട്ടികളുടെ സ്വകാര്യതയും ആത്മാഭിമാനവും പൊതുസമൂഹത്തിലും അവർ വ്യാപരിക്കുന്ന ഇടങ്ങളിലും സംരക്ഷിക്കപ്പെടേണ്ടത് ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സർക്കാർ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. ഇക്കാര്യത്തിൽ സർക്കാർ പൊതുവായ നിർദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ശിപാർശ ചെയ്തു. കുട്ടിയുടെ ദരിദ്രപശ്ചാത്തലം മറ്റുളളവരാൽ അവമതിക്കപ്പെടാനോ അവരുടെ മനസിനെ മുറിപ്പെടുത്താനോ കാരണമാകുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ നിരീക്ഷിച്ചു. സാമൂഹികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച സംസ്ഥാനത്ത് 12 ലക്ഷത്തിലധികം കുട്ടികൾ പാർശ്വവത്കരിക്കപ്പെട്ടും കുറഞ്ഞ പശ്ചാത്തലത്തിലും ജീവിക്കുന്നുണ്ടെന്ന് സർക്കാർ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പദ്ധതികൾ നടപ്പാക്കുമ്പോൾ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. കൊട്ടിഘോഷിച്ച് കുട്ടികളെ അപഹാസ്യരാക്കുന്ന സഹായ വിതരണ പരിപാടികൾ സ്‌കൂൾതലത്തിലും പൊതുസമൂഹത്തിലും നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.