Connect with us

Ramzan

ബദ്‌റിന്റെ സന്ദേശവും ബദ്‌രീങ്ങളുടെ മഹത്വവും

Published

|

Last Updated

ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഹിജ്‌റ രണ്ട് റമസാൻ 17 ന് ബദ്‌റിൽ വെച്ച് വിശ്വാസികളും അവിശ്വാസികളും തമ്മിൽ നടന്ന പോരാട്ടം. ഒരു പതിറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന പീഡനത്തിനൊടുവിൽ മദീനയിലേക്ക് പലായനം ചെയ്തിട്ടും ശത്രുക്കളുടെ അക്രമങ്ങൾ തുടർന്നതോടെയാണ് ഗത്യന്തരമില്ലാതെ ബദ്ർ ഒരു സായുധ സമരത്തിന് സാക്ഷിയാവുന്നത്. ഔസ്, ഖസ്‌റജ് ഗോത്രങ്ങളിലെ ബഹുദൈവാരാധകരുമായി സഖ്യം ചേർന്നാണ് ഖുറൈശികൾ മുസ്‌ലിംകളെ മദീനയിൽ നിന്ന് പുറത്താക്കാൻ കരുക്കൾ നീക്കിയത്.
സത്യദീനിന്റെ സംരക്ഷണത്തിന് വേണ്ടി ഈ നീക്കത്തെ എന്തുവില കൊടുത്തും ചെറുത്തു തോൽപ്പിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയായിരുന്നു. അതോടെ തങ്ങൾ ഹൃദയത്തിൽ കാത്തുസൂക്ഷിച്ച വിശ്വാസദീപ്തിയെ ഊതിക്കെടുത്താൻ തക്കം പാർത്തിരിക്കുന്ന ശത്രുവ്യൂഹത്തിന്റെ ഗൂഢതന്ത്രങ്ങളെ മനസ്സുകൊണ്ടും ശരീരം കൊണ്ടും നേരിടാനുറച്ച് പ്രവാചകരും അനുചരന്മാരും ബദ്‌റിലേക്ക് മാർച്ച് ചെയ്യുകയും ധിക്കാരികളായ അബൂജഹ‌ലിനെയും കൂട്ടരെയും അതിജയിച്ച് ഇസ്‌ലാമിക മുന്നേറ്റത്തിന്റെ അനുസ്യൂത പ്രവാഹത്തിന് അസ്ഥിവാരമിടുകയും ചെയ്തു. കായിക ബലം കൊണ്ടായിരുന്നില്ല ബദ്‌രീങ്ങൾ മക്കാ മുശ്‌രിക്കുകളെ പരാജയപെടുത്തിയത്. മറിച്ച് അചഞ്ചലമായ വിശ്വാസത്തിന്റെ കരുത്ത് കൊണ്ടായിരുന്നു. യുദ്ധക്കളത്തിൽ മുസ്‌ലിം പക്ഷത്തെ മുന്നൂറ്റിപ്പതിമൂന്ന് പേർക്ക് സഞ്ചരിക്കാൻ ആകെയുണ്ടായിരുന്നത് എഴുപത് ഒട്ടകങ്ങളും അഞ്ച് കുതിരകളും മാത്രം. ശത്രുവിന്റെ അംഗബലമോ ആയിരത്തോളവും ആയുധങ്ങൾ അതിലധികവും. പക്ഷെ തങ്ങളുടെ ബൗദ്ധികവും ആത്മീയവുമായ മികവിനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിൽ അവർ ശരിക്കും വിജയിച്ചുവെന്ന് വേണം പറയാൻ. അധർമത്തിന്റെ മുഴുവൻ പ്രതിനിധാനങ്ങളും അങ്ങനെ ആ ആത്മധൈര്യത്തിന് മുമ്പിൽ അടിയറവ് പറഞ്ഞു. ഭൗതിക സംവിധാനങ്ങളുടെയും ഭൂരിപക്ഷ ധാർഷ്ട്യത്തിന്റെയും മുമ്പിൽ പണയപ്പെടുത്താനുള്ളതല്ല വിശ്വാസം.

അധർമം കൊടുങ്കാറ്റ് കണക്കെ ശക്തി പ്രാപിച്ചാലും സത്യമതത്തിന്റെ വിളക്കുവെളിച്ചം അണയാതെ സൂക്ഷിക്കണം. ഉദാത്തമായ അത്തരം മൂല്യങ്ങളുയർത്തിപ്പിടിച്ച് ഏത് പ്രതികൂല സാഹചര്യത്തിലും ദീനീ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ആർജവമാണ് വിശ്വാസികൾക്ക് ബദ്ർ സമ്മാനിച്ചത്. എന്നാൽ, സമകാലിക സാഹചര്യത്തിൽ ബദ്‌റിനെ കുറിച്ചും പ്രവാചക കാലത്ത് നടന്ന മറ്റ് യുദ്ധങ്ങളെ കുറിച്ചും പൊതു സമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന തരത്തിലാണ് പലരുടെയും പ്രവർത്തനങ്ങളും അഭിപ്രായ പ്രകടനങ്ങളും . ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ച് പ്രാഥമിക വിവരം പോലുമില്ലാത്തവരോ പ്രമാണങ്ങളെ വളച്ചൊടിച്ച് തീവ്ര നിലപാടുകൾ സ്വീകരിച്ചവരോ ആണ് അത്തരം അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് പറയാതെ വയ്യ. ന്യായയുക്തവും തീർത്തും അനിവാര്യവുമായ ഘട്ടങ്ങളിൽ നടന്ന പ്രതിരോധനീക്കങ്ങളെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും അക്കൗണ്ടിൽ വരവു ചേർക്കുന്നത് അംഗീകരിക്കാനാകില്ല.

ചരിത്രത്തിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്ത് അബദ്ധ ധാരണകളുടെ മുനയൊടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ബദ്‌റിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഈ ധന്യമുഹൂർത്തത്തിൽ ഓരോ വിശ്വാസിക്കും നിർവഹിക്കാനുള്ള ബാധ്യത. സ്വഹാബികളിൽ ഏറ്റവും ഉത്കൃഷ്ടരാണ് ബദരീങ്ങൾ. വർധിത പരിഗണനയാണ് അവർക്ക് മുത്ത് നബി(സ) നൽകിയിരുന്നത്.അവരെല്ലാം സ്വർഗീയാവകാശികളാണെന്ന് നബി(സ) പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. ബദ്‌റിലോ ഹുദൈബിയയിലോ പങ്കെടുത്ത ഒരാളും നരകാഗ്‌നിക്കിരയാകില്ലെന്ന പ്രവാചക വചനവും ഇതോടുകൂടെ ചേർത്തുവായിക്കാം. ബദർ സ്മരണ സ്വഹാബികൾ വിശുദ്ധ കർമമായാണ് കണ്ടിരുന്നത്. പ്രവാചക കാലഘട്ടത്തിലും ശേഷവും മദീനയിൽ നടക്കാറുണ്ടായിരുന്ന മുഴുവൻ സദസ്സുകളിലും ബദ്‌രീങ്ങൾക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചിരുന്നത്. വിശ്വാസികൾക്കിടയിൽ വിതരണം ചെയ്യാൻ ലഭിച്ചിരുന്ന ധനത്തിൽ നിന്ന് ഒരു പ്രത്യേക വിഹിതം തന്നെ മാറ്റിവെക്കുക ഉമർ (റ)ന്റെ പതിവായിരുന്നു. ഇതേപ്രകാരം മറ്റു സ്വഹാബികളും താബിഉകളുമെല്ലാം ബദ്‌രീങ്ങളെ പ്രത്യേക ബഹുമാനത്തോടെയാണ് അഭിമുഖീകരിച്ചിരുന്നതും വിശേഷിപ്പിച്ചിരുന്നതും.

Latest