Connect with us

National

സിദ്ധാരാമയ്യ ധിക്കാരി, വേണുഗോപാല്‍ കോമാളി; ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ്

Published

|

Last Updated

ബെംഗളൂരു: എന്‍ ഡി എക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ആടിയുലഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ്. ആരോപണ പ്രത്യാരോപണങ്ങള്‍ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ നയിക്കുന്നത്. കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ റോഷന്‍ ബെയ്ഗ് മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും പാര്‍ട്ടി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്.

35 വര്‍ഷമായി തനിക്ക് വ്യക്തിപരമായി അറിയാവുന്ന സിദ്ധാരാമയ്യ സ്വാര്‍ഥനും ധിക്കാരിയും വേണുഗോപാല്‍ കോമാളിയും ഗുണ്ടുറാവു പ്രദര്‍ശനപരത മാത്രമുള്ള പരാജയപ്പെട്ട നേതാവാണെന്നും മറ്റുമാണ് ബെയ്ഗ് ആരോപിച്ചത്. എം എല്‍ എയാണെന്നതിന്റെ പേരില്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ തനിക്ക് സീറ്റ് നിഷേധിച്ച ഈ നേതാക്കള്‍ ബ്യാത്രയന്‍പുര എം എല്‍ എ. കൃഷ്ണ ബൈറെ ഗൗഡെയെ ബാംഗ്ലൂര്‍ നോര്‍ത്തിലും ഈശ്വര്‍ കന്ദ്രെ എം എല്‍ എയെ ബിദറിലും സ്ഥാനാര്‍ഥിയാക്കിയെന്ന് ബെയ്ഗ് പറഞ്ഞു.

വിവാദ പ്രസ്താവനകളില്‍ ബെയ്ഗിന്‌ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബെയ്ഗിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടതായും അദ്ദേഹത്തെ പോലുള്ള ഒരു നേതാവ് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് നിരാശാജനകമാണെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപ മുഖ്യമന്ത്രി ഡി ആര്‍ ജി പരമേശ്വരയും പറഞ്ഞു.