Connect with us

Sports

ഫിഫ്റ്റി ഫിഫ്റ്റി !

Published

|

Last Updated

ക്രിക്കറ്റ് അതിന്റെ തറവാട്ടിലേക്ക് തിരിച്ചെത്തുകയാണ്. ഈ മാസം 30ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഐ സി സി ഏകദിന ലോകകപ്പ് ബാറ്റ്‌സ്മാന്‍മാരുടെ പൂരപ്പറമ്പായി മാറുമെന്ന് ഉറപ്പ്. മുന്നൂറിലേറെ സ്‌കോര്‍ ചെയ്താലും രക്ഷയുണ്ടാകില്ലെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ പറയുന്നത്. വ്യക്തിഗത പ്രകടനം കൊണ്ട് കൊലമാസ് ആയി മാറും ടൂര്‍ണമെന്റ്. ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ രണ്ട് തവണ ബ്രേക്ക് ചെയ്യപ്പെട്ടത് ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു. അതാകട്ടെ ഇംഗ്ലണ്ട് ടീമും. 2016 ല്‍ പാക്കിസ്ഥാനെതിരെ മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ട് 444 റണ്‍സടിച്ചു. ആ പ്രകടനം 2018 ല്‍ ആസ്‌ത്രേലിയക്കെതിരെ ഇംഗ്ലണ്ട് തിരുത്തി. ആറ് വിക്കറ്റിന് 481 റണ്‍സടിച്ചു കൊണ്ട്.

ഇംഗ്ലീഷ് മണ്ണില്‍ പിറക്കുന്ന അര്‍ധസെഞ്ച്വറികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലെത്തുമെന്നാണ് സൂചന. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറികളുടെ റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. പതിനഞ്ച് ഫിഫ്റ്റികളാണ് സച്ചിന്റെ പേരില്‍. 1992 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ 45 ലോകകപ്പ് മത്സരങ്ങളാണ് സച്ചിന്‍ കളിച്ചത്.
പത്ത് രാജ്യങ്ങള്‍ക്കെതിരെ ഫിഫ്റ്റി നേടിയും സച്ചിന്‍ വ്യത്യസ്തനായി.
2003 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചൂറിയനില്‍ 98 റണ്‍സിന് പുറത്തായതാണ് സച്ചിന്റെ പ്രധാന അര്‍ധസെഞ്ച്വറി പ്രകടനം.
ഇന്ത്യ ആറ് വിക്കറ്റിന് മത്സരം ജയിച്ചു. പാക്കിസ്ഥാനെതിരെ മൂന്ന് ഫിഫ്റ്റികള്‍, ആസ്‌ത്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയും സിംബാബ്വെക്കെതിരെയും രണ്ടെണ്ണം വീതം.

ന്യൂസിലാന്‍ഡ്, വെസ്റ്റിന്‍ഡീസ്, ഹോളണ്ട്, ഇംഗ്ലണ്ട്, കെനിയ, ബര്‍ബൂഡ ടീമുകള്‍ക്കെതിരെ ഓരോന്ന് വീതം. ലോകകപ്പില്‍ സച്ചിന് ആറ് സെഞ്ച്വറികളുണ്ട്.
അര്‍ധസെഞ്ച്വറികളില്‍ രണ്ടാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസാണ്.

ഒമ്പതെണ്ണം. ലോകകപ്പിലെ ആള്‍ റൗണ്ട് പ്രകടനം കൊണ്ട് കാലിസ് ശ്രദ്ധേയനാണ്.
പതിനെട്ട് വര്‍ഷം രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. 1996 മുതല്‍ 2011 വരെ ലോകകപ്പ് കളിച്ചു.

36 ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണ് ഒമ്പത് ഫിഫ്റ്റികള്‍. ഹോളണ്ടിനെതിരെ 2007 ല്‍ നേടിയ 128 നോട്ടൗട്ടാണ് ഉയര്‍ന്ന പ്രകടനം. അഞ്ച് ലോകകപ്പുകളിലായി 21 വിക്കറ്റുകളും വീഴ്ത്തി.

ഇന്ത്യക്കെതിരെ രണ്ട് ഫിഫ്റ്റികള്‍ നേടിയ കാലിസ്, പാക്കിസ്ഥാന്‍, ന്യൂസിലാന്‍ഡ്, വെസ്റ്റിന്‍ഡീസ്, ആസ്‌ത്രേലിയ, ശ്രീലങ്ക, അയര്‍ലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ ഓരോന്ന് നേടി.

ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച് എട്ട് ഫിഫ്റ്റികളുമായി മൂന്നാം സ്ഥാനത്തുണ്ട്. ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്നു ഗൂച്.

ഇംഗ്ലണ്ടിനായി മൂന്ന് ലോകകപ്പുകള്‍ കളിച്ചു. 1979,1987,1992 ലോകകപ്പുകളിലായി 21 മത്സരങ്ങള്‍. 44.85 ശരാശരിയില്‍ 897 റണ്‍സാണ് ഗൂച് നേടിയത്.
1987 ലോകകപ്പില്‍ ഇന്ത്യക്കെതിരെ നേടിയതാണ് ഏക സെഞ്ച്വറി (115).
ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ക്രോ എട്ട് ഫിഫ്റ്റികള്‍ നേടി ഗൂചിനൊപ്പമുണ്ട്. 1992 ലോകകപ്പ് ഹീറോയാണ് ക്രോ.

ആ എഡിഷനില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 448 റണ്‍സാണ് ക്രോ നേടിയത്. കിവീസിനെ ഒറ്റക്ക് തന്നെയാണ് ക്രോ സെമിഫൈനലില്‍ എത്തിച്ചത്. പ്ലെയര്‍ ഓഫ ദ ടൂര്‍ണമെന്റായിരുന്നു.

1983, 1987, 1992 ലോകകപ്പുകളിലായിരുന്നു ക്രോയുടെ തിളക്കം.
21 മത്സരങ്ങളില്‍ നിന്നാണ് എട്ട് ഫിഫ്റ്റികള്‍. സിംബാബ് വെക്കെതിരെ മൂന്നെണ്ണം. ഇംഗ്ലണ്ടിനെതിരെ രണ്ട് ഫിഫ്റ്റികള്‍. പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരെയും ഫിഫ്റ്റി നേടി.

ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സും എട്ട് ഫിഫ്റ്റികള്‍ നേടിയിട്ടുണ്ട്.
പ്രോട്ടിയാസിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. ലോകകപ്പില്‍ 25 മത്സരങ്ങളില്‍ ബാറ്റിംഗ് ആവറേജ് 56 ആണ്.
ആകെ നേടിയത് 1076 റണ്‍സ്. ടോപ് സ്‌കോര്‍ 143. മൂന്ന് ലോകകപ്പുകളില്‍ കളിച്ചു. 1999,2003, 2007 വര്‍ഷങ്ങളില്‍.

ആസ്‌ത്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്, കെനിയയുടെ സ്റ്റീവ് ടികോലോ, ഇന്ത്യയുടെ മുഹമ്മദ് അസ്ഹറുദ്ദീന്‍, ആസ്‌ത്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദ് എന്നിവരും ലോകകപ്പില്‍ എട്ട് അര്‍ധസെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

Latest