പാര്‍ട്ടിക്കും തനിക്കുമെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു: പി ജയരാജന്‍

Posted on: May 20, 2019 3:09 pm | Last updated: May 20, 2019 at 8:07 pm

കോഴിക്കോട്: വെട്ടേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ ഇടത് സ്ഥാനാര്‍ഥി പി ജയരാജന്‍ സന്ദര്‍ശിച്ചു. കൂത്ത്പറമ്പ് വെടിവെപ്പിലെ ഇര പുഷ്പന്‍ അസുഖത്തെ തുടര്‍ന്ന് ഇതേ ആശുപത്രിയിലുണ്ട്. അദ്ദേഹത്തെ കാണാനെത്തിയ ജയരാജന്‍ നസീറിനെയും സന്ദര്‍ശിക്കുകയായിരുന്നു.

നസീറിന് നേരെയുള്ള ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കുമെതിരായി അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് സന്ദര്‍ശം കഴിഞ്ഞ പുറത്തെത്തിയ ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കും പാര്‍ട്ടിക്കും ഇതില്‍ ഒരു പങ്കുമില്ല. അദ്ദേഹവുമായി പാര്‍ട്ടിക്ക് ഒരു പ്രശ്‌നവുമില്ല. നേരത്തെ നഗരസഭാ കൗണ്‍സിലറും പാര്‍ട്ടി അംഗവുമായിരുന്നു നസീര്‍. പാര്‍ട്ടി അംഗത്വം പുതുക്കേണ്ട സമയത്ത് സാമ്പത്തിക അവസ്ഥ അറിയിക്കണമെന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന നസീര്‍ അംഗത്വം പുതുക്കാതിരിക്കുകയായിരുന്നു.

വടകരയില്‍ നസീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പഴയ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ നേരില്‍കണ്ട് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം മത്സര രംഗത്ത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹവുമായി ഒരു വിഷയവുമുണ്ടായിട്ടില്ല.
തന്നെ അക്രമിച്ചത് സി പി എമ്മുകാരാണെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് നസീര്‍ തന്നോട് പറഞ്ഞത്. മൂന്ന് പേരാണ് അക്രമം നടത്തിയതെന്നാണ് നസീര്‍ പറഞ്ഞത്. ഇതാരായാലും കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം. നസീറിനെ അക്രമിച്ചതിന് പിന്നില്‍ സി പി എമ്മാണെന്ന് വരുത്തി തീര്‍ക്കാനാണ് ചില വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത് എല്ലാകാലത്തും ഉള്ളതാണെന്നും ജയരാജന്‍ പറഞ്ഞു.