Connect with us

Articles

കോണ്‍ഗ്രസിന്റെത് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ വ്യവഹാരം

Published

|

Last Updated

ഫാസിസത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന ഖിന്നതകള്‍ അവതരിപ്പിക്കുന്നതിലും അത് പൊതുജനങ്ങള്‍ക്കിടയില്‍ ഉറപ്പിക്കുന്നതിലും മാധ്യമങ്ങളടങ്ങുന്ന കേരളത്തിലെ സാംസ്‌കാരിക വൃത്തങ്ങള്‍ക്ക് കഴിഞ്ഞു എന്നത് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന കാഴ്ചയായിരുന്നു. കേരളത്തില്‍ സാംസ്‌കാരിക രംഗത്തെ മേല്‍ക്കോയ്മയുടെ ആനുകൂല്യം രാഷ്ട്രീയമായി തന്നെ വേണ്ടുവോളം മുതലെടുക്കാന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞിട്ടുണ്ട്. ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് പരക്കെ വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഒരു തലം വരെ മുഖ്യശത്രുവായ ഫാസിസത്തേക്കാളേറെ വിമര്‍ശിക്കപ്പെടുകയുണ്ടായത്. എന്നാല്‍ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും കൂടുതല്‍ കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയാഖ്യാനം ഫാസിസ്റ്റു വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസ് ലക്ഷണമൊത്ത പോരാളി തന്നെയാണ് എന്നുള്ളതാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ വാര്‍ധയില്‍ ചേര്‍ന്ന ഒടുവിലത്തെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പിലെ അവരുടെ അജന്‍ഡ വ്യക്തമാക്കിയിരുന്നു. ഫാസിസത്തോടാണ് പോരാട്ടം. എന്ത് വിലകൊടുത്തും മോദിയുടെ ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് ദൗത്യം. സാധാരണക്കാരന്റെ പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിന്റെ അജന്‍ഡ. കാലമിത്രയും ഇന്ത്യ എന്ന ആശയത്തിന് വേണ്ടി നിലകൊണ്ടു എന്നതിനാല്‍ തന്നെ എവിടെയും പാര്‍ട്ടിയുടെ അസ്തിത്വം അടിയറവു പറയേണ്ടതില്ല. എങ്കിലും ലക്ഷ്യം നേടാന്‍ പ്രധാനമന്ത്രി പദം അടക്കമുള്ള നിര്‍ണായക സാധ്യതകള്‍ വരെ ത്യജിക്കാനും പാര്‍ട്ടി സന്നദ്ധമായിരിക്കും. ഇതൊക്കെയായിരുന്നു വാര്‍ധ പ്രവര്‍ത്തക സമിതിയിലെ പ്രധാന തീരുമാനങ്ങള്‍.

ഈ തിരഞ്ഞെടുപ്പില്‍ ഉടനീളം കോണ്‍ഗ്രസ് ഈ വിഷയങ്ങളില്‍ ഊന്നി നില്‍ക്കുകയും ചെയ്തു. പുല്‍വാമക്കും ബാലാകോട്ടിനും ശേഷമുള്ള രാജ്യസുരക്ഷ/ ദേശഭക്തി സംവാദങ്ങളില്‍ പെട്ടുപോകാതെ റാഫേല്‍, നോട്ടുനിരോധനം, ജി എസ് ടി, കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് അജന്‍ഡയെന്ന് ഉറപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസിന്റെ “അബ് ഹോഗാ ന്യായ്” എന്ന മുദ്രാവാക്യത്തിനെതിരെ “അബ് കി ബാര്‍ ചാര്‍ സൗ പാര്‍”, “നമോ എഗൈന്‍”, “ഫിര്‍ ഏക് ബാര്‍ മോദി സര്‍കാര്‍” എന്നിങ്ങനെ മുദ്രാവാക്യങ്ങളും അജന്‍ഡകളും മാറ്റിക്കൊണ്ടേയിരിക്കുകയായിരുന്നു ബി ജെ പി. വിശാല പ്രതിപക്ഷം എന്നത് പൂര്‍ണാര്‍ഥത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിയാതിരിക്കുമ്പോഴും മോദി വിരുദ്ധ ചേരി എന്ന വികാരം ഭദ്രമാക്കി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. വോട്ടെണ്ണുന്ന ദിവസമായ മെയ് 23ന് എന്‍ ഡി എ ഇതര പാര്‍ട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന നിര്‍ദേശവുമായി യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തെഴുതുകയും ചെയ്തു. 2004ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടായേക്കുമെന്ന കണക്കു കൂട്ടലിലാണിത്. മാത്രവുമല്ല, പ്രധാനമന്ത്രി പദത്തിന് വേണ്ടി അവകാശവാദമുന്നയിച്ചേക്കുമെങ്കിലും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ദുര്‍വാശിയുണ്ടാകില്ലെന്നാണ് ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തത്.

ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ വ്യവഹാരവും സഖ്യ സാധ്യതകളും ഉറപ്പിക്കുന്നതിനു പുറമെ സംഘ്പരിവാറിനോട് നേരിട്ടുള്ള ആശയ സംഘട്ടനം കൂടി നടത്താന്‍ കോണ്‍ഗ്രസ് മുതിരുന്നു. ഇത് തന്നെയാണ് ഫലമെന്തായാലും ഈ തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മതനിരപേക്ഷ നിലപാടുകളിലൊന്നും. ആര്‍ എസ് എസ്സിന്റെ ശാഖകള്‍ പൊതു സ്ഥലങ്ങളില്‍ നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ കര്‍ശനമായി നേരിടുമെന്നും ഗോവധം യു എ പി എ പോലുള്ള കരിനിയമങ്ങള്‍ ചുമത്താന്‍ പോന്ന കുറ്റമായി കാണില്ലെന്നും കൂടി കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സംഘ്പരിവാറിന്റെ ബി ടീം കളിക്കുകയാണെന്ന് വിമര്‍ശനം കേട്ട മധ്യപ്രദേശില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ ഈ നിലപാടുയരുന്നത്. 90 ശതമാനത്തിലധികം ഹിന്ദു മതവിശ്വാസികളുള്ള ഒരു സംസ്ഥാനമാണ് മധ്യപ്രദേശ് എന്നത് ഇവിടെ കൂട്ടി വായിക്കണം. ഗോശാലകള്‍ പണിയുമെന്ന പ്രഖ്യാപനത്തെ സംഘ്പരിവാറിന്റെതിന് സമാനമായ പശുപ്രേമമാണെന്ന് വ്യാഖ്യാനിച്ചവര്‍ക്കുള്ള തിരുത്ത് കൂടിയാണ് കമല്‍നാഥ് മുന്നോട്ടു വെച്ചത്. ചാണക വറളികളുണ്ടാക്കുന്ന യൂനിറ്റുകള്‍ തുടങ്ങുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം കേരളത്തിലെ തന്നെ ചില വാര്‍ത്താ ചാനലുകളിലെ പ്രൈം ചര്‍ച്ചയില്‍ ചാണക കേക്കുണ്ടാക്കുന്ന ഫാക്ടറികള്‍ തുറക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു എന്നാണ് തര്‍ജമ ചെയ്തു കണ്ടത്. പശു എന്ന വളര്‍ത്തു മൃഗം കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഉത്തരേന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് എത്ര കണ്ട് പ്രധാനപ്പെട്ടതാണെന്ന വസ്തുതയെ മനസ്സിലാക്കുകയേ വേണ്ടൂ.

ബി ജെ പിയുടെ മറ്റൊരു ശക്തി കേന്ദ്രമായി അറിയപ്പെടുന്ന രാജസ്ഥാനിലും സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത് ശക്തമായ നടപടിയാണ്. 2016-2018 കാലഘട്ടത്തില്‍ വ്യാപകമായി കാവിവത്കരിക്കപ്പെട്ട സ്‌കൂള്‍ കരിക്കുലവും പാഠപുസ്തകങ്ങളും ഒരു ശുദ്ധികലശത്തിന് വിധേയമാക്കിയിരിക്കുകയാണ് ഗെഹ്ലോട് സര്‍ക്കാര്‍. സവര്‍ക്കറിന്റെ പേരിനൊപ്പമുള്ള വീര്‍ ഒഴിവാക്കി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം കുട്ടികള്‍ പഠിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത കുറ്റം ചുമത്തപ്പെട്ട ആളായിരുന്നു സംഘ്പരിവാറിന്റെ ഈ ആചാര്യനെന്ന് വളര്‍ന്നു വരുന്ന തലമുറ അറിയണമെന്ന് നിര്‍ബന്ധം കാണിക്കുക എന്നത് മതനിരപേക്ഷ ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ ഒന്നാണ്, അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്.

മോദിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ആര്‍ എസ് എസ്സിന്റെ ആശയധാര ഇന്ത്യയുടേതിന് വിഘാതമാണെന്നും ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗോഡ്സെയെ ദേശാഭിമാനിയെന്ന് പുകഴ്ത്തിയ ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാസിംഗ് ഠാക്കൂറിനെ വിമര്‍ശിക്കുന്നതിന് പ്രിയങ്ക ഗാന്ധി യാതൊരു മയവും കാണിച്ചിട്ടില്ല. മതാത്മകതക്ക് അപാരമായ വേരോട്ടമുള്ള ഇന്ത്യന്‍ സാഹചര്യത്തെ മതാത്മക മതനിരപേക്ഷത കൊണ്ടുവേണം അഭിമുഖീകരിക്കാന്‍ എന്ന് കോണ്‍ഗ്രസ് കണ്ടെത്തിയ നിഗമനം തെറ്റല്ല. ക്ഷേത്ര ദര്‍ശനങ്ങളും മറ്റു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയതയുടെ ഭാഗമാണെന്ന് വ്യാഖ്യാനിക്കുന്നത് ഇന്ത്യയുടെ സാമൂഹികതയെ പറ്റിയുള്ള അജ്ഞതയോ മൗഢ്യമോ ആണ്.

കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് കുടിയേറുന്നവരുടെ കണക്കെടുപ്പ് നടത്തിയാണ് കോണ്‍ഗ്രസിന്റെ ഫാസിസ്റ്റു വിരുദ്ധത അളക്കുന്നതെങ്കില്‍ അത് ഒരു പ്രശ്‌നമാണ്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ ലോക്കല്‍ കമ്മിറ്റികള്‍ ഒന്നാകെ ബി ജെ പിയില്‍ ചേരുന്ന സ്ഥിതിയാണ് സി പി എമ്മിനെ സംബന്ധിച്ചുണ്ടായത്. സീറ്റ് കിട്ടാത്തതിനും അധികാരം കൊടുക്കാത്തതിനും മറുകണ്ടം ചാടുന്ന കോണ്‍ഗ്രസുകാരുടെ ജാതകം നോക്കി കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമെന്ന് സിദ്ധാന്തിക്കുന്നവര്‍ക്ക് ത്രിപുരയിലെയും ബംഗാളിലെയും ഇടതുപക്ഷത്തിന്റെ അവസ്ഥ അതേ കണ്ണോടെ കാണാന്‍ കഴിയാത്തതിനെ എന്തു പേരിട്ട് വിളിക്കും?

കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധതയോട് താരതമ്യം ചെയ്യാനായി നമ്മുടെ സാംസ്‌കാരിക വൃത്തങ്ങള്‍ എടുത്തത് അമ്പതില്‍ താഴെ മാത്രം സീറ്റില്‍ മത്സരിച്ച സി പി എമ്മിനെയാണ്. ഇത് വലിയ വൈരുധ്യമാണ്. ബംഗാളില്‍ ബി ജെ പിയോട് ഇടതുപക്ഷം കൈകോര്‍ക്കുന്നത് അവിടുത്തെ നിയമസഭാ തിരഞ്ഞെടുപ്പിലല്ല, ഇതേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെയാണെന്ന് കൂടി ഓര്‍മവേണം.

എന്‍ എസ് അബ്ദുല്‍ ഹമീദ്

Latest