Connect with us

Ongoing News

ഹൃദയംകൊണ്ട് സംസാരിച്ച എഴുത്തുകാരൻ

Published

|

Last Updated

തോപ്പിൽ മുഹമ്മദ് മീരാൻ

തേങ്ങാപ്പട്ടണം എന്ന, മറ്റെന്തെങ്കിലും കാരണത്താൽ ശ്രദ്ധിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ലാതിരുന്ന തമിഴ് ഗ്രാമത്തെ സാഹിത്യലോകത്ത് അടയാളപ്പെടുത്തിയാണ് തോപ്പിൽ മുഹമ്മദ് മീരാൻ കളമൊഴിഞ്ഞിരിക്കുന്നത്. മീരാൻ എഴുത്തുകാരനാകാൻ ജനിച്ചയാളല്ല. ഒരെഴുത്തുകാരനെ രൂപപ്പെടുത്താൻ ചെറുതെങ്കിലും സാധ്യതയുണ്ടായിരുന്ന കുടുംബപശ്ചാത്തലമായിരുന്നില്ല അദ്ദേഹത്തിന്റെത്. എങ്കിലും ആ കടലോര ഗ്രാമം അതിന്റെ മണൽപ്പരപ്പിൽ കഥയുടെ മുത്തുകൾ ഒളിപ്പിച്ചുവെച്ചിരുന്നു. മീരാൻ അത് കണ്ടെടുത്തു, കടലാസിലേക്ക് പകർത്തി. കഥയായി, നോവലായി, അനുഭവാഖ്യാനമായി അത് വായനക്കാരിലേക്കൊഴുകി.

തന്റെ ജന്മദേശത്തെ മീരാൻ വരച്ചിട്ടതിങ്ങനെയാണ്: “എന്റെ നാടായ തേങ്ങാപ്പട്ടണം ഒരു തീരദേശ ഗ്രാമമാണ്. ഒരു മലബാർ ഗ്രാമപ്രദേശം അതേപടി പിഴുതെടുത്ത് സ്ഥലംമാറ്റി ഇട്ടതു പോലെയാണ് എന്റെ ഗ്രാമം. പ്രകൃതിരമണീയമാണ്. അറബിക്കടൽ, താമ്രപർണിക്കായൽ, മല. കേരവൃക്ഷങ്ങളാൽ നിബിഡമായ ഒരു മുസ്‌ലിം ഗ്രാമം. മാലിക് ഇബ്‌നു ദീനാറിന്റെ കാലത്ത് പണിത പുരാതനമായ ഒരു കരിങ്കൽ പള്ളിയുണ്ട്. ആ വലിയ പള്ളിയാണ് അവിടത്തെ ജുമുഅത്ത് പള്ളി. തങ്ങന്മാർ, മുസ്‌ലിയാക്കന്മാർ, ലബ്ബമാർ, ഒസ്സാന്മാർ, ഭൂവുടമകൾ, തൊഴിലാളികൾ, മീൻപ്പിടിത്തക്കാർ, പട്ടിണിപ്പാവങ്ങൾ, മന്ത്രവാദികൾ, ജിന്നുകൂടുന്നവർ തുടങ്ങിയ ആളുകളെല്ലാം അവിടെയുണ്ട്. കൂടാതെ ജിന്നുകൾ വസിക്കുന്ന വീടുകളും ഉണ്ടെന്നാണ് വിശ്വാസം. ധാരാളം ജിന്നുകഥകളും ജനങ്ങൾക്കിടയിൽ പ്രചാരം നേടിയിരുന്നു” (ആരോടും ചൊല്ലാതെ, ഐ പി ബി). കഥകൾക്ക് പഞ്ഞമില്ലായിരുന്നു ആ നാട്ടിൽ. അതുകൊണ്ട് അദ്ദേഹം കഥകൾ തേടിപ്പോയില്ല, കഥകൾ അദ്ദേഹത്തെ തേടിച്ചെന്നു.

സംസാരപ്രിയനായിരുന്നു തോപ്പിൽ മുഹമ്മദ് മീരാൻ. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഹൃദയം തുറന്നു സംസാരിച്ചു. നിഷ്‌കളങ്കമായി ചിരിച്ചു. നിർമല ഹൃദയത്തിന്റെ വാതിൽ തുറന്നിടുമ്പോഴുള്ള വെളിച്ചം ചിരിക്കുമ്പോൾ ആ മുഖത്ത് കാണാം. എത്ര നേരവും കേൾവിക്കാരനെ മുഷിപ്പിക്കാതെ അദ്ദേഹം സംസാരിക്കും. അറബിത്തമിഴിനെയും അറബിമലയാളത്തെയും കുറിച്ച് എത്ര പറഞ്ഞാലും അദ്ദേഹത്തിന് മതിയാകില്ല. അറബിത്തമിഴിലെ അമൂല്യമായ അനേകം കൃതികൾ സംരക്ഷിക്കാനാളില്ലാതെ നശിച്ചുപോയതിനെ കുറിച്ച് ഒട്ടേറെ വേദികളിലും സ്വകാര്യസംഭാഷണങ്ങളിലും അദ്ദേഹം രോഷപ്പെട്ടിട്ടുണ്ട്.

തമിഴിന്റെ ബഷീർ

പല എഴുത്തുകാരെയും പിടികൂടാറുള്ള കുശുമ്പും തലക്കനവും അദ്ദേഹത്തെ തെല്ലും സ്പർശിച്ചില്ല. തനിക്ക് കിട്ടാത്ത അംഗീകാരം മറ്റൊരാൾക്ക് കിട്ടുമ്പോൾ അദ്ദേഹം അസ്വസ്ഥനായില്ല. അവരെ അഭിനന്ദിക്കാൻ ഒരു മടിയും കാട്ടിയില്ല. ആ അഭിനന്ദനം അകം പൊള്ളയായ വാക്കുകൾ കുത്തിനിറച്ച കസർത്തായിരുന്നില്ല. അദ്ദേഹം ഹൃദയം കൊണ്ട് സംസാരിച്ച മനുഷ്യനായിരുന്നു. അങ്ങനെയൊരാൾക്ക് സഹയെഴുത്തുകാരന്റെ ഉയർച്ചയിൽ അസൂയ ഉണ്ടാകേണ്ടതില്ല. പി കെ പാറക്കടവിന്റെ മലയാളം നോവൽ “ഇടിമിന്നലുകളുടെ പ്രണയം” തമിഴിലേക്ക് മൊഴിമാറ്റാനുള്ള പണിപ്പുരയിലായിരിക്കെയാണ് അദ്ദേഹത്തെ മരണം വിളിച്ചുകൊണ്ടുപോയത്. തന്നെക്കാൾ ജൂനിയറായ ഒരെഴുത്തുകാരന്റെ രചന വിവർത്തനം ചെയ്യുക എന്നത് ഒരു കുറച്ചിലായി അദ്ദേഹത്തിന് തോന്നിയില്ല.

1997ലാണ് തോപ്പിലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. “തമിഴിലെ പ്രായംചെന്ന മറ്റൊരെഴുത്തുകാരന് കിട്ടണമെന്നാണ് ഞാനാഗ്രഹിച്ചത്; അദ്ദേഹമായിരുന്നു അർഹൻ”. വലിയ മനസ്സിന്റെ ഉടമകൾക്ക് മാത്രം സാധ്യമാകുന്ന ഔന്നത്യമാണിത്.
തമിഴിലെ ബഷീർ എന്നത് തോപ്പിലിന് നൽകാവുന്ന മികച്ച വിശേഷണമാണ്. പല തലങ്ങളിൽ ഒന്നായിച്ചേരുന്നുണ്ട് ഈ പ്രതിഭാശാലികൾ. എഴുത്തിലെന്ന പോലെ ജീവിതത്തിലും കൊണ്ടുനടന്ന മിസ്റ്റിക് ഭാവമാണ് അതിൽ മുഖ്യം. മതസ്വത്വം ഭാരമായി കരുതിയവരല്ല രണ്ട് പേരും. മതത്തിന്റെ ആധ്യാത്മികതയെ സ്വന്തം വഴികളിൽ പ്രകാശിപ്പിക്കാനുള്ള പ്രയത്‌നം അവരിൽ കാണാവുന്നതുമാണ്. വൈക്കം ബഷീറിനെയും തോപ്പിൽ മീരാനെയും ചേർത്തു നിർത്താവുന്ന മറ്റുകാര്യങ്ങളിതാ:
ഒന്ന്: സ്വന്തം ഭാഷകളിൽ വലിയ പദസമ്പത്തിനുടമകൾ ആയിരുന്നില്ല ഇരുവരും. പരിമിതമായ വാക്കുകൾ കൊണ്ടാണ് അവർ സാഹിത്യത്തിന്റെ ആകാശവിസ്തൃതിയിലേക്ക് പറന്നത്.

ഗൾഫ് സിറാജ് ദുബൈയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കവി സച്ചിദാനന്ദനോടൊപ്പം തോപ്പിൽ മുഹമ്മദ് മീരാൻ

രണ്ട്: നീട്ടിപ്പരത്തിയെഴുതുന്നതായിരുന്നില്ല രചനാശൈലി. അതുകൊണ്ട്തന്നെ അവരുടെ കൃതികൾ ബൃഹദാഖ്യാനങ്ങളല്ല.

മൂന്ന്: സ്വന്തം ജീവിതാനുഭവങ്ങളെ ആവിഷ്‌കരിക്കുകയും ചിരപരിചിത ജീവിതങ്ങളെ കഥാപാത്രങ്ങളാക്കുകയും ചെയ്തു. പ്രാന്തവത്കൃതർക്കും പുറമ്പോക്കുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർക്കും ചരിത്രമുണ്ടെന്ന് സാഹിത്യസൃഷ്ടികളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തി.

നാല്: അവാർഡുകൾക്കും അംഗീകാരങ്ങൾക്കും പിറകെ പോയില്ല. വായനക്കാരാണ് യഥാർഥ വിധികർത്താക്കൾ എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു രണ്ട് പേർക്കും. അതുകൊണ്ട്തന്നെ അവാർഡിന് വേണ്ടിയുള്ള ചരടുവലികളിൽ നിന്ന് എപ്പോഴും അകന്നുനിന്നു.

അഞ്ച്: മാനവികതയുടെ രാഷ്ട്രീയം ഇരുവരുടെയും കൃതികളുടെ മറ്റൊരു പൊതുസ്വഭാവമാണ്. വിശപ്പിനെ കുറിച്ച് സംസാരിക്കുമ്പോഴും സമൂഹത്തിലെ തെറ്റായ പ്രവണതകളെ കുറിച്ചെഴുതുമ്പോഴും ഈ നിലപാടുതറ തെളിഞ്ഞുകാണാം.
വറ്റൽ മുളക് കച്ചവടത്തിലൂടെയാണ് തോപ്പിൽ ഉപജീവനത്തിനുള്ള പണം കണ്ടെത്തിയത്. എഴുത്ത് അദ്ദേഹം ജീവസന്ധാരണത്തിനുള്ള മാർഗമായി കണ്ടില്ല. ഒരെഴുത്തുകാരൻ എന്ന പരിവേഷമില്ലാതെ തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും മാർക്കറ്റുകളിൽ അദ്ദേഹമുണ്ടായിരുന്നു. വിറ്റമുളകിന്റെ കാശ് വാങ്ങാൻ മണിക്കൂറുകളോളം കടകൾക്ക് മുമ്പിൽ കാത്തിരിക്കേണ്ടിവന്നതിനെ കുറിച്ച് അദ്ദേഹമെഴുതിയിട്ടുണ്ട്. വറ്റൽ മുളകിനെക്കാൾ എരിവുള്ള ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ആ എഴുത്തുകാരൻ മഷിവറ്റാത്ത പേന ബാക്കിവെച്ച് നിത്യതയിലേക്ക് യാത്രയായിരിക്കുന്നു. വീരബാഹു നഗറിലെ ബി- 26 നമ്പർ വീട്ടിലെ ചാരുകസേരയിൽ ഇനി അദ്ദേഹമില്ല. കഥാകാരൻ മിഴിയടച്ചെങ്കിലും കഥാബീജങ്ങൾ ആ മണൽപ്പരപ്പിൽ ഇനിയുമേറെയുണ്ട്. കഥയുറങ്ങാത്ത ആ കടലോരഗ്രാമം ഇനിയൊരു മീരാന് ജന്മം നൽകുമായിരിക്കും. അയാൾ കഥാചിപ്പികൾ തേടി കടലാഴങ്ങളിലേക്ക് സഞ്ചരിക്കുമായിരിക്കും…

മുഹമ്മദലി കിനാലൂർ
• mdalikinalurv@gmail.com

Latest