Connect with us

National

എന്‍ ഡി എ ഇതര സര്‍ക്കാര്‍ രൂപവത്കരണം; നീക്കങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി ചന്ദ്രബാബു നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ ബി ജെ പി ഇതര സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതം. ഇതിന്റെ ഭാഗമായി തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും എന്‍ സി പി നേതാവ് ശരദ് പവാറുമായും രണ്ടാംഘട്ട കൂടിക്കാഴ്ച നടത്തി. ഇന്നു വൈകീട്ടോടെ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനും നായിഡുവിന് പദ്ധതിയുണ്ട്.

വെള്ളിയാഴ്ച തലസ്ഥാനത്തെത്തിയ നായിഡു ശനിയാഴ്ച രാഹുലിനു പവാറിനും പുറമെ ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ എന്നിവരെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് ലക്‌നൗവിലേക്കു പോയ അദ്ദേഹം സമാജ്‌വാദി പാര്‍ട്ടി (എസ് പി), അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) നേതാവ് മായാവതി എന്നിവരെയും കണ്ടു. ഇതില്‍ എസ് പിയും ബി എസ് പിയും ഇതേവരെ പ്രതിപക്ഷ സഖ്യത്തിനു അനുകൂലമായി പരസ്യമായി രംഗത്തു വന്നിട്ടില്ല.

എന്‍ ഡി എക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനായി എന്‍ ഡി എ ഇതര കക്ഷികളെ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നായിഡുവിന്റെ നീക്കങ്ങള്‍.
വിവിധ പ്രതിപക്ഷ നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി ടി ഡി പി നേതാവ് നേരത്തെ നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്‍ ഡി എയില്‍ അംഗമായിരുന്ന ടി ഡി പി കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് മുന്നണി വിട്ടത്.

Latest