കര്‍ദിനാളിനെതിരായ വ്യാജ രേഖയുണ്ടാക്കിയത് വൈദികന്റെ നിര്‍ദേശ പ്രകാരം; നിര്‍ണായക മൊഴിയുമായി പ്രതി

Posted on: May 19, 2019 12:16 pm | Last updated: May 19, 2019 at 2:31 pm

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കിയത് വൈദികന്റെ നിര്‍ദേശ പ്രകാരമാണെന്ന് മൊഴി. കേസില്‍ അറസ്റ്റിലായ സഭാംഗം ആദിത്യന്റെതാണ് നിര്‍ണായക മൊഴി. ഫാദര്‍ കല്ലൂക്കാരനാണ് വ്യാജ രേഖ ചമക്കാന്‍ തന്നോട് ആവശ്യപ്പെട്ടത്.

സംഭവത്തില്‍ വൈദികരുടെ പേര് വരുന്നത് ഒഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഫാദര്‍ പോള്‍ തേലക്കാട്ടിന് രേഖ നേരിട്ട് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വൈദികര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടാകുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്ന പോലീസ് ചോദ്യം ചെയ്യല്‍ ഇവരിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെര്‍വറില്‍ നിന്നാണ് രേഖ കിട്ടിയതെന്ന് ആദിത്യന്‍ ആദ്യം നല്‍കിയ മൊഴി തെറ്റാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തേവരയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ആദിത്യന്‍ വ്യാജ രേഖ നിര്‍മിക്കുകയായിരുന്നുവെന്നും കണ്ടെത്തി. രേഖകള്‍ നിര്‍മിക്കുന്നതിനും ഇ മെയില്‍ മുഖേന അയച്ചുകൊടുക്കാനും ഉപയോഗിച്ച കമ്പ്യൂട്ടറും ഇവിടെ നിന്ന് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കളമശ്ശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ആദിത്യനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ആലഞ്ചേരിക്കെതിരെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.