Connect with us

Kozhikode

കാറ്റിലും കോളിലും പതറാതെ അത്താഴവും നോമ്പുതുറയും

Published

|

Last Updated

ബേപ്പൂർ: ആഴക്കടലിന്റെ മടിത്തട്ടിലിരുന്ന് നിസ്‌കരിച്ചും നോമ്പ് തുറന്നും ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം വേറിട്ടൊരു കാഴ്ചയാണ്. ഉൾക്കടലിന്റെ ഓളപ്പരപ്പിന് മീതെ മത്സ്യ ബന്ധനത്തിന് പോകുമ്പോഴും മതവിശ്വാസവും അനുഷ്ഠാനങ്ങളും മുറുകെപ്പിടിച്ച് ജീവിക്കുന്നവരാണ് കടലിന്റെ മക്കൾ. ഉൾനാടുകളിലെ മുസ്‌ലിം ജീവിത രീതിയിൽ നിന്ന് ഏറെ വൃത്യസ്തമാണ് കടലോര മേഖലയിലെ നോമ്പുകാലം.

ആഴക്കടലിൽ വലിയ മത്സ്യങ്ങൾ പിടിക്കാൻ പോകുന്ന വള്ളക്കാരും കടലോരത്ത് ചെറിയ മത്സ്യങ്ങൾ പിടിക്കുന്ന ചാളവലക്കാരുമാണ് മത്സ്യബന്ധന മേഖലയിലുള്ളത്. ഇതിൽ ആഴക്കടലിൽ പോകുന്നവർ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് മടങ്ങിയെത്തുക. ഈ ദിവസങ്ങളിൽ ഇവരുടെ നോമ്പും നിസ്‌കാരവുമെല്ലാം കടലിന് മുകളിൽ തന്നെയാണ്. ളുഹർ നിസ്‌കാരത്തിന് ശേഷം കടലിൽപോകുന്നവർ നോമ്പുതുറക്കും അത്താഴത്തിനുമുളള വിഭവങ്ങളുമായാണിറങ്ങുക. അരിയും ആവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളും വേവിച്ചെടുക്കാൻ സ്റ്റൗ ഉൾപ്പെടെയുള്ളവയും കൊണ്ടുപോകും. കരയിൽ നിന്ന് ഏറെ ദൂരം കടലിൽ സഞ്ചരിച്ച് വലയിട്ട് തുടങ്ങും. വല വിരിച്ച് കഴിയുമ്പോഴേക്കും അസ്തമയമാവും. പിന്നീട് നോമ്പ്തുറയും നിസ്‌കാരവും വള്ളത്തിൽ വെച്ച് തന്നെ.

ആദ്യ ദിനത്തിൽ വീട്ടിൽ നിന്ന് കൊണ്ടുവന്ന വിഭവങ്ങളുണ്ടാവും. പിന്നീടുള്ള ദിവസങ്ങളിൽ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കും. അത്താഴത്തിനുള്ള ഭക്ഷണവും തയ്യാറാക്കും. വീട്ടിൽ നിന്നും കൊണ്ട് വരുന്ന ചോറ് തന്നെയാണ് അത്താഴത്തിന് ഒരുക്കുന്നത്. ഇതിലേക്ക് അപ്പോൾ പിടിക്കുന്ന മത്സ്യവും വേവിച്ചെടുക്കും. അത്താഴ സമയം വരെ ഒരാൾ ഉറക്കമൊഴിച്ച് കടൽ നിരീക്ഷിക്കും. മറ്റുള്ളവർ അന്നേരം ഉറങ്ങും. കടൽക്ഷോഭം, വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതടക്കം നിരീക്ഷിക്കാനാണ് ഒരാൾ കാവൽ നിൽക്കുന്നത്.

കടൽ ക്ഷോഭിച്ചാൽ ഭക്ഷണം പാകം ചെയ്യാനടക്കം കഴിയില്ല. ഇതോടെ രാത്രിയിലും നോമ്പുകാരനപ്പോലെ കഴിയേണ്ടി വരും. പ്രതിസന്ധികളില്ലെങ്കിൽ നേരത്തെ തയ്യാറാക്കിയ അത്താഴം കഴിച്ച്, സുബ്ഹി നിസ്‌കാരം നിർവഹിച്ച് നോമ്പിലേക്കും പിന്നെ തങ്ങളുടെ ജോലിയിലും വ്യാപൃതരാകും. രണ്ടു ദിവസം കഴിഞ്ഞുളള മടക്കത്തിൽ വലിയ മത്സ്യങ്ങളുമായാണ് തിരിച്ചെത്തുക.

കടൽപ്പരപ്പിന് മീതെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് രാത്രിയിലുളള പ്രാർഥനക്കും നിസ്‌കാരത്തിനും ഭക്തിനിർഭരമായ അന്തരീക്ഷവും മാനസികമായ അനുഭൂതിയുമാണ് ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതും കൂട്ടുകാരോടൊത്ത് സൗഹൃദ നോമ്പുതുറയിൽ കൂടുന്നതും അവർക്ക് ജീവിതത്തിന്റെ ഭാഗമാണ്. ഏത് ജോലിയായാലും വിശ്വാസവും മതാനുഷ്ഠാനങ്ങളും ചേർത്തുപിടിക്കുമ്പോഴാണ് തൊഴിലിന് മഹത്വമുണ്ടാവുക എന്ന് കടലിന്റെ മക്കൾ സാക്ഷ്യപ്പെടുത്തുന്നു.

---- facebook comment plugin here -----

Latest