ഒ ഇ സി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഇനി ഇ-ഗ്രാൻസ് വഴി

Posted on: May 19, 2019 11:09 am | Last updated: May 19, 2019 at 11:09 am


കൊല്ലം: സംസ്ഥാനത്ത് പ്രീമെട്രിക് തലത്തിൽ പഠിക്കുന്ന ഒ ഇ സി വിദ്യാർഥികൾക്ക് സർക്കാർ ഐ ടി @ സ്‌കൂൾ(കൈറ്റ്) വഴി നൽകുന്ന വിദ്യാഭ്യാസ അനുകൂല്യങ്ങൾ ഇനി മുതൽ ഇ-ഗ്രാൻസ് സംവിധാനത്തിലേക്ക് മാറ്റും. പുതിയ സംവിധാനത്തിലൂടെ വിദ്യാർഥികളുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അനുകൂല്യങ്ങൾ ലഭ്യമാകും.

ഇ-ഗ്രാൻസ് പോർട്ടലിലേക്ക് വിദ്യാർഥികളുടെ വിവരങ്ങൾ അതത് സ്‌കൂളുകൾ ഡാറ്റാ എൻട്രി നടത്തണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് പട്ടികജാതി വികസന വകുപ്പ് വഴി യൂസർ ഐ ഡിയും പാസ്‌വേഡും ലഭ്യമാക്കിയിട്ടുണ്ട്. യൂസർ ഐ ഡിയും പാസ്‌വേർഡും ലഭിക്കാത്ത സ്ഥാപനങ്ങൾ പ്രദേശത്തെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ട് കരസ്ഥമാക്കണം. സമ്പൂർണ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ യൂസർ ഐ ഡിയും പാസ്‌വേഡും ലഭിക്കില്ല.
സമ്പൂർണ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഐ സി എസ് ഇ, സി ബി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് ഐ ടി @ സ്‌കൂൾ (കൈറ്റ്) മുഖേന രജിസ്‌ട്രേഷൻ നടത്താം. ജൂൺ അവസാനത്തോടെ ഇത്തരം സ്ഥാപനങ്ങൾക്ക് യൂസർ ഐ ഡിയും പാസ്‌വേഡും ലഭ്യമാക്കും. കൈറ്റ് രജിസ്‌ട്രേഷൻ നടത്തിയിട്ടും ജൂണിനകം യൂസർ ഐ ഡിയും പാസ്‌വേഡും ലഭിക്കാത്ത സ്‌കൂളുകൾ ഐ ടി @ സ്‌കൂൾ(കൈറ്റ്) ജില്ലാ കോ-ഓർഡിനേറ്റർമാരുമായോ ഓഫീസുമായോ ബന്ധപ്പെടണം. സ്‌കൂൾ അധികൃതരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നതിന് പകരം വിദ്യാർഥികൾക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സംവിധാനവുമായി ബന്ധിപ്പിക്കുന്ന വിദ്യാർഥികളുടെ ബേങ്ക് അക്കൗണ്ടുകൾ പ്രവർത്തനനിരതമാണെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം.

വിദ്യാർഥികളുടെ സ്വന്തം പേരിലോ മാതാപിതാക്കളുമായി ചേർന്നുള്ള ജോയിന്റ് ബേങ്ക് അക്കൗണ്ടുകളോ രജിസ്‌ട്രേഷന് ഉപയോഗിക്കാം. മാതാപിതാക്കളുടെ മാത്രം പേരിലുള്ള ബേങ്ക് അക്കൗണ്ടുകൾ വിദ്യാഭ്യാസ ആനുകൂല്യത്തിന് രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല.

സ്‌കൂൾ അധികൃതർ ആദ്യഘട്ടമായി സ്വന്തം ലോഗിനിൽ ഒ ഇ സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ പേരുകൾ ഇ-ഗ്രാൻസ് പോർട്ടലിൽ ചേർക്കണം. തുടർന്ന് രണ്ടാംഘട്ടമായി സ്‌കോളർഷിപ്പിന് അപേക്ഷിക്കണം. വിശദ വിവരങ്ങൾ ഇ-ഗ്രാൻസ് രജിസ്‌ട്രേഷന് ശേഷം അതത് സ്‌കൂളുകൾക്ക് ഇ-മെയിൽ മുഖേന ലഭ്യമാക്കുന്നതും വിദ്യാഭ്യാസ ജില്ലാതലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതുമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.