Connect with us

National

മോദി ഉൾപ്പെടെ പ്രമുഖർ ജനവിധി തേടുന്നു; അവസാന അങ്കം നാളെ

Published

|

Last Updated

ഉത്തർ പ്രദേശിലെ മിർസാപൂരിൽ പ്രിയങ്കാ ഗാന്ധി നടത്തിയ റോഡ് ഷോ

ന്യൂഡൽഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനത്തേതും ഏഴാമത്തേതുമായ ഘട്ടം നാളെ നടക്കും. ഏഴ് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശത്ത് നിന്നുമായി 59 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. പശ്ചിമ ബംഗാളിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ പ്രചാരണം അവസാനിച്ചിരുന്നു.
ബിഹാർ (ഒമ്പത്), ഹിമാചൽ പ്രദേശ് (4), ഝാർഖണ്ഡ് (3), മധ്യപ്രദേശ് (8), പഞ്ചാബ് (13), ഉത്തർ പ്രദേശ് (13), പശ്ചിമ ബംഗാൾ (9), ചണ്ഡീഗഢ് (1) എന്നിവടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏഴാം ഘട്ടത്തിൽ 918 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. യു പിയിലെ വാരാണസി മണ്ഡലത്തിൽ നിന്നാണ് പ്രധാനമന്ത്രി മത്സരിക്കുന്നത്.
ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന ശത്രുഘ്‌നൻ സിൻഹയും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദും ഏറ്റുമുട്ടുന്ന ബീഹാറിലെ പട്‌നാ സാഹിബ് മണ്ഡലത്തിലും സിനിമാ നടൻ സണ്ണി ഡിയോളും പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജഖാറും തമ്മിൽ നേർക്കുനേർ വരുന്ന ഗുരുദാസ്പൂർ മണ്ഡലത്തിലും നാളെയാണ് വോട്ടെടുപ്പ്.

ഫെറോസ്പൂരിൽ മത്സരിക്കുന്ന അകാലിദൾ മേധാവി സുഖ്ഭിർ സിംഗ് ബാദൽ, ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ മത്സരിക്കുന്ന ബി ജെ പിയിലെ രവി കിഷൻ, ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ ഏറ്റുമുട്ടുന്ന തൃണമൂൽ കോൺഗ്രസിലെ അഭിഷേക് ബാനർജി, സി പി എമ്മിന്റെ ഫുആദ് അലിം എന്നിവരും അവസാന ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറും ഈ ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്.

3,435 മൂന്നാം ലിഗക്കാർ ഉൾപ്പടെ 10,01,75,153 വോട്ടർമാർ വിധി എഴുതും. 5,27,14,890 പുരുഷ വോട്ടർമാരും 4,74,56,828 സ്ത്രീ വോട്ടർമാരുമാണ് ഏഴാം ഘട്ടത്തിലുള്ളത്. 1,12,986 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. അക്രമങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ച പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണ് ഈ ഘട്ടത്തിൽ ഏറെ ശ്രദ്ധേയമാകുന്നത്. ഈ ഘട്ടത്തോടെ രാജ്യത്ത് പുതിയ സർക്കാറിനെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകും. ഏപ്രിൽ പതിനൊന്നിന് മുതൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ക്രമീകരിച്ചിട്ടുള്ളത്.

Latest