Connect with us

Articles

മഴക്കാല പൂര്‍വ മലിനീകരണം

Published

|

Last Updated

രാവിലെ ടൗണിലെത്തണേ. കുറച്ചു നാളായി ഉദ്ഘാടനങ്ങളൊന്നുമില്ലാത്തത്. പെരുമാറ്റച്ചട്ടമല്ലേ. ചാടാന്‍ പറ്റില്ല. രാവിലെ എന്താണെന്നല്ലേ? ഉദ്ഘാടനം ഉണ്ട്. മഴക്കാലമല്ലേ വരുന്നത്. നാടും നഗരവും ഒന്ന് ശുചിയാക്കേണ്ടേ. കൈക്കോട്ടും തൂമ്പായും എടുക്കാന്‍ മറക്കേണ്ട. ടൗണിന്റെ അങ്ങേ മൂലയില്‍ തുടങ്ങാം. അവിടെ വന്നാല്‍ മതി.

എല്ലാവരും വന്നല്ലോ. കുടുംബശ്രീക്കാരും സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടിക്കാരും. നേതാവിന് സന്തോഷമായി. ഫോട്ടോഗ്രാഫര്‍ എത്തിയോ? മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ പടം നാളെ പത്രത്തില്‍ വരേണ്ടതല്ലേ?
അതാ, ഫോട്ടോഗ്രാഫര്‍ വരുന്നു. എന്നാല്‍ ഇനി തുടങ്ങാം. എല്ലാവരും വട്ടം കൂടി നില്‍ക്കുക. തൂമ്പ ശരിയായി പിടിച്ചോ, എല്ലാവരും വെളുക്കനെ ചിരിച്ചാട്ടേ. മതി, മതി… ഫോട്ടോഗ്രാഫറുടെ വകയാണ്. ഉദ്ഘാടനം കഴിഞ്ഞു. ശുചീകരണം തുടരുകയാണ്. ഉച്ചയായപ്പോള്‍ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ നേതാവിന്റെ അടുത്തെത്തി. ടൗണിലെ ഓട മുഴുവന്‍ വൃത്തിയാക്കി. ഈ മാലിന്യം എവിടെ കൊണ്ടിടും?

അതാ ഞാനും ആലോചിക്കുന്നത്? ഏതെങ്കിലും പുറമ്പോക്കില്‍ തട്ടുക. നാലഞ്ചു പണിക്കാരെ കൂടെ കൂട്ടിക്കോ.
എല്ലാവരും പിരിഞ്ഞു. പിറ്റേന്ന് പത്രത്തില്‍ പടം വന്നു. തീര്‍ന്നു, മഴക്കാല പൂര്‍വ ശുചീകരണം. ഇതിനെ മഴക്കാല അപൂര്‍വ ശുചീകരണം എന്ന് വിളിക്കാമോ? ഇതൊക്കെ പേരിനാണ്. ഒരു തരം കാട്ടിക്കൂട്ടലുകള്‍. ചിലപ്പോള്‍ ഓടയില്‍ നിന്നെടുത്ത മാലിന്യം റോഡരികില്‍ കിടക്കും. മാസങ്ങളോളം. അത് മഴയത്ത് വീണ്ടും ഓടയില്‍ തന്നെ എത്തും. അടുത്ത സീസണില്‍ വീണ്ടും ശുചീകരണം.
വീട്ടിലോട്ട് വരാം. മഴക്കാല പൂര്‍വ മലിനീകരണം തുടങ്ങുന്നത് അവിടെ നിന്നാണ്. മാലിന്യങ്ങള്‍ സഞ്ചിയിലാക്കി പൊതുസ്ഥലത്തെത്തിക്കുന്നു. അല്ലെങ്കില്‍ അയല്‍ക്കാരന്റെ വീട്ടുവളപ്പിലേക്ക്. മോണിംഗ് വാക്ക് വിത്ത് മാലിന്യം. ആരും കാണാതെ അറിയാതെ ശുചീകരണം. ഇതാണ് അടുത്ത വര്‍ഷം മഴക്കാല പൂര്‍വ ശുചീകരണത്തിനുള്ള വകയാകുന്നത്.

അടിപൊളി വിവാഹമായിരുന്നു. രണ്ടായിരത്തില്‍ പരം അതിഥികള്‍. സദ്യ. ഈ മാലിന്യങ്ങളൊക്കെ എന്തു ചെയ്തു? മാലിന്യ മാഫിയയുണ്ട്. പണം കൊടുത്താല്‍ മതി. അര്‍ധരാത്രി വന്ന് എടുത്തു കൊണ്ടു പോകും. ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് തള്ളും. നമ്മള്‍ രക്ഷപ്പെട്ടു.

തോടും പുഴയും കായലും വയലും മാലിന്യം നിറഞ്ഞു കഴിഞ്ഞു. ഓരോ ദിവസവും അത് കൂടുന്നു. മാലിന്യത്തുരുത്താകുന്നു. ചിലയിടങ്ങളില്‍ ജാഗ്രതാ സമിതിയുണ്ട്. രാത്രി മാലിന്യം തള്ളുന്ന മാഫിയക്കെതിരെയാണ്. കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നില്‍ക്കുന്നു.

മാലിന്യം ഇല്ലാതാക്കാന്‍ എന്തൊക്കെയോ നമ്മള്‍ നടപ്പിലാക്കി. കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, സംസ്‌കരണശാലകള്‍. പഞ്ചായത്തുകാര്‍ ഉദ്ഘാടനം കേമമാക്കി. പക്ഷേ, മാലിന്യം അന്നന്ന് വര്‍ധിക്കുന്നു.

മഴക്കാലമാകുമ്പോള്‍ മലയാളി പേടിക്കുന്നത് മാലിന്യത്തെയല്ല, രോഗങ്ങളെയാണ്. വീട്ടില്‍ നിന്ന് പുറന്തള്ളിയ മാലിന്യം രോഗമായി തിരിച്ചെത്തുകയാണ്.
അവശ്യം വേണ്ടത് മഴക്കാല പൂര്‍വ ശുചീകരണമല്ല, സംസ്‌കരണമാണ്. മഴക്കാല പൂര്‍വ മലിനീകരണം ഇല്ലാതാക്കുക എന്നതാണ്. എങ്കില്‍ മലയാളി മാലിന്യത്തില്‍ നിന്ന് രക്ഷപ്പെടും. പക്ഷേ, മാലിന്യത്തിനാര് മണി കെട്ടും?

മാലിന്യം അയലത്തേക്കയച്ചാല്‍ രക്ഷപ്പെട്ടു എന്നാണ്. വലിച്ചെറിഞ്ഞാല്‍ സമാധാനമായി എന്നാണ്. മനസ്സ് നിറയെ ഈ മനോഭാവമാണ്. ഇതും ഒരു തരം മാലിന്യമാണ്. കുന്നുകൂടുകയാണ്. ഇതും നീക്കേണ്ടതല്ലേ. മഴക്കാലം വരെ കാത്തിരിക്കേണ്ടതില്ല എന്നു മാത്രം.

Latest