ആത്മാവിനെ സംസ്‌കരിക്കുക

Posted on: May 18, 2019 11:06 am | Last updated: May 18, 2019 at 11:06 am

ചെയ്യുന്ന കര്‍മങ്ങളെയെല്ലാം നിഷ്ഫലമാക്കുന്ന മഹാമാരിയാണ് ലോകമാന്യം(രിയാഅ്). കര്‍മാനുഷ്ടാനമാരംഭിക്കുമ്പോഴും അനുഷ്ടാന വേളയിലും അനുഷ്ടാനാനന്തരവുമാണ് ലോകമാന്യം കടന്നുവരിക. ഇതില്‍ കര്‍മാനന്തരമുള്ള ലോകമാന്യം ആരാധനയെ നിഷ്ഫലമാക്കുന്നില്ല. കാരണം ഇഖ്‌ലാസോടെ പൂര്‍ത്തിയാക്കിയ ശേഷമാണല്ലോ ലോകമാന്യം പിടികൂടുന്നത്. എന്നാല്‍ ആദ്യത്തെ രണ്ടെണ്ണവും ഇബാദത്തിനെ നിഷ്ഫലമാക്കിത്തീര്‍ക്കുന്ന തനിച്ച ലോകമാന്യമാണ്. കര്‍മശാസ്ത്ര ലോകത്തെ കുലപതി സൈനുദ്ദീന്‍ മഖ്ദൂം തന്റെ വിശ്വപ്രസിദ്ധമായ അദ്കിയാഇല്‍ ഇബാദത്തുകളെ നഷ്ടപ്പെടുത്തുന്ന ലോകമാന്യത്തില്‍ നിന്ന് സൂക്ഷിക്കാനും എല്ലാമറിയുന്ന സ്രഷ്ടാവിന്റെ നോട്ടത്തിലേക്ക് നോക്കാനുമാണ് ആവശ്യപ്പെടുന്നത്. ആയതിനാല്‍ രിയാഇല്‍ നിന്ന് രക്ഷനേടി പരമാവധി റബ്ബിലേക്കടുക്കാന്‍ നമുക്ക് സാധിക്കണം.

അസൂയയാണ് അടുത്തത്. തീ വിറകിനെ തിന്നുന്നതുപോലെ അസൂയ സല്‍കര്‍മങ്ങളെ തിന്നുനശിപ്പിക്കുമെന്ന തിരുവചനം ഇവിടെ നാം ചേര്‍ത്തുവായിക്കണം. ഓരോരുത്തര്‍ക്കും അല്ലാഹു കണക്കാക്കുന്നതേ ലഭിക്കൂ. അതിന് വോറൊരുത്തന്‍ വിഷമിച്ചിട്ട് കാര്യമില്ല. അസൂയാലുക്കളെ കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് കാണുക. അവരാണോ താങ്കളുടെ നാഥന്റെ കാരുണ്യം വീതിച്ചു കൊടുക്കുന്നത്. ഐഹിക ജീവിതത്തില്‍ ജീവിത വിഭവങ്ങള്‍ അവര്‍ക്കിടയില്‍ നാം വീതിച്ചു കൊടുത്തിരിക്കുകയാണ്. അവരില്‍ ചിലരെ നാം മറ്റു ചിലരേക്കാള്‍ പദവി ഉയര്‍ത്തി. ചിലര്‍ ചിലരുടെ താഴെ ആയിരിക്കുന്നതിന് വേണ്ടി. താങ്കളുടെ നാഥന്റെ കാരുണ്യം, അവര്‍ സംഭരിക്കുന്നതിനേക്കാള്‍ ഉത്തമമാകുന്നു (വിശുദ്ധ ഖുര്‍ആന്‍ 43:32).

മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് അവര്‍ക്ക് ഇല്ലാതായി തനിക്ക് ലഭിക്കണമെന്ന് കൊതിക്കുന്നവരാണ് അസൂയാലുക്കളില്‍ ഒരു വിഭാഗം. തനിക്കു കിട്ടിയില്ലെങ്കിലും മറ്റവന്റെത് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മറ്റൊരു വിഭാഗം. ഇവ രണ്ടും കെട്ട മനസ്ഥിതിയില്‍ നിന്ന് ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ പരാമര്‍ശിച്ച ഹദീസിന്റെ ഒരു വിവക്ഷയില്‍ അസൂയാലുവിന്റെ നന്മകളത്രയും അവന്റെ അസൂയക്ക് പാത്രമായവന് നല്‍കപ്പെടുമെന്ന് കാണാം. അപരന്റെ സമ്പാദ്യം, പദവി, പ്രശസ്തി, വിവിധ മേഖലകളിലുള്ള വളര്‍ച്ച തുടങ്ങിയവയാണ് പലപ്പോഴും അസൂയക്ക് നിദാനമാകുന്നത്. അസൂയയാല്‍ നിറഞ്ഞ മനസ്സ് അങ്ങേയറ്റം ഊഷരമാകും. നന്മയുടെ ലാഞ്ചന പോലും പിന്നീട് ആ മനസ്സില്‍ നിന്നും പ്രതീക്ഷിക്കേണ്ട. തലച്ചോറില്‍ അസ്വസ്ഥകളുടെ മേഘപടലങ്ങളായി അസൂയ വ്യാപിച്ചു കൊണ്ടേയിരിക്കും. പിന്നീട് മാരകമായ പല ചെയ്തികളിലേക്കും അവ നയിക്കുകയും ചെയ്യും. അസൂയ മൂത്താണ് ഖാബീല്‍ ഹാബീലിനെ കൊല്ലുന്നത് എന്നത് ചരിത്രത്തില്‍ ഇതിനുദാഹരണമായി നമുക്ക് കണ്ടെത്താനാകും. ആദ്യ കൊലപാതകമായിരുന്നല്ലോ അത്.

ഒരു ഇസ്‌ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം അസൂയപ്പെടാന്‍ അവന്റെ മനസ്ഥിതി അവനെ സമ്മതിക്കുകയില്ല. മുസ്‌ലിം എന്നാല്‍ നന്മയെ സ്‌നേഹിക്കുകയും മറ്റുള്ളവര്‍ക്ക് തന്നേക്കാള്‍ പരിഗണന നല്‍കുന്നവനുമെന്നാണല്ലോ തിരുവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പിന്നെങ്ങനെ ഒരു മുസ്‌ലിമിന് അസൂയ മനസ്സില്‍ വെച്ച് നടക്കാന്‍ സാധിക്കും?! ഇവ മാത്രമല്ല, ഉള്‍നാട്യമടക്കമുള്ള മറ്റു പല രോഗങ്ങളില്‍ നിന്നും ശരീരത്തെയും ആത്മാവിനെയും സ്ഫുടം ചെയ്‌തെടുക്കല്‍ അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നതായി കാണാം. ആത്മാവും അതിനെ തികവൊത്തതാക്കിയവനും തന്നെ സത്യം, ധര്‍മാധര്‍മങ്ങളെക്കുറിച്ച് അവനതിന് ബോധം നല്‍കി. അതിനെ സംസ്‌കരിക്കുന്നവന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു. ആര് അതിനെ ദുഷിപ്പിച്ചമര്‍ത്തുന്നുവോ അവന്‍ പരാജയപ്പെട്ടിരിക്കുന്നു.(വി.ഖു 91/7-10)

മനുഷ്യ മനസ്സ് ചലനാത്മകമാണ്. സന്തുലിത ഭാവത്തില്‍ നിന്ന് എപ്പോഴും അതിനെ പരിവര്‍ത്തനം ചെയ്യപ്പെട്ടേക്കാം. ശരീരത്തിന് തിന്മയോടുള്ള അഭിനിവേശമാണ് ധര്‍മാധര്‍മ വേര്‍തിരിവില്ലാതെ ചീത്തയായ കാര്യങ്ങളോട് അടുപ്പം പുലര്‍ത്താന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നത്. ഒപ്പം പൈശാചിക ദുര്‍ബോധനവും കൂടിച്ചേരുമ്പോള്‍ പറയുകയും വേണ്ട. പിടിച്ചാല്‍ കിട്ടാത്തത്ര അകലത്തിലേക്ക് അതോടെ ശരീരം എത്തിച്ചേരുന്നു. ഇവിടെയാണ് ആത്മസംസ്‌കരണമെന്ന സംജ്ഞക്ക് പ്രാധാന്യമേറുന്നത്. തസ്‌കിയത്തുന്നഫ്‌സ് എന്ന് അറബിയില്‍ പറയും. ആത്മസംസ്‌കരണത്തില്‍ പരാജിതനാകുന്നവന്‍ യഥാര്‍ഥ പരാജയത്തിന്റെ കയ്പ്പ് നുണയും.

സ്രഷ്ടാവ് ഓരോ സൃഷ്ടിയിലും ധര്‍മാധര്‍മ വിവേചന ശക്തി (കസ്ബ് ഇഖ്തിയാര്‍) നല്‍കിയിട്ടുണ്ട്. മോഷണം തെറ്റാണെന്ന് സാമാന്യ ബുദ്ധി കൊണ്ട് തിരിച്ചറിയാനും അതില്‍ നിന്ന് പിന്തിരിയാനും സാധിക്കും. എന്നാല്‍ അതില്‍ നിന്ന് പിന്തിരിയാതെ മോഷണം കര്‍മതലത്തില്‍ കൊണ്ടുവരുന്നതോടെ അവന്‍ അധര്‍മത്തെ തിരഞ്ഞെടുക്കുകയും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. ഇതൊരു ഉദാഹരണം മാത്രമാണ്. ഇങ്ങനെ ഏതൊരു തിന്മയും താരതമ്യം ചെയ്താല്‍ കുറച്ചുകൂടി വ്യക്തമായി ബോധ്യപ്പെടും.

ആത്മസംസ്‌കരണം സാധ്യമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നായിരിക്കും അടുത്ത ചോദ്യം. അതിന് ആദ്യമായി വേണ്ടത് ബോധപൂര്‍വമായ ശ്രമമാണ്. അതായത്, പ്രലോഭനങ്ങളില്‍ വശംവദരാകാതെ നന്മയില്‍ ഉറച്ചുനില്‍ക്കണമെന്ന ദൃഢനിശ്ചയമുണ്ടെങ്കിലേ കാല്‍ തെന്നിവീഴുന്നതും പ്രതീക്ഷിച്ച് വാപിളര്‍ത്തി നില്‍ക്കുന്ന തിന്മകളിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കുകയുള്ളൂ. ചില സൂഫി ചിന്തകര്‍ ആത്മാവിനെ കണ്ണാടിയോടുപമിച്ചതായി കാണാം. കണ്ണാടിയുടെ തെളിഞ്ഞ പ്രതലം അഴുക്കുകള്‍ നിറയുന്നതോടെ ഉപയോഗ ശൂന്യമാകുന്നു. എന്നാല്‍ അത് കഴുകി വൃത്തിയാക്കുമ്പോള്‍ പഴയ തെളിച്ചം വീണ്ടും കിട്ടുന്നു. എന്നത് പോലെയാണത്രെ ആത്മാവ്. ആത്മസംസ്‌കരണം വഴി ശരീരത്തിനും ഹൃദയത്തിനും തെളിച്ചം നേടിയവര്‍ക്ക് ഖുര്‍ആന്റെ പദപ്രയോഗം നഫ്‌സുല്‍ മുത്വ്മഇന്ന എന്നാണ്. ശാന്തമായ മനസ്സ് എന്നാണ് ഇതിനര്‍ഥം. അല്ലയൊ.. ശാന്തമായ ആത്മാവെ… നീ നിന്റെ നാഥന്റെയടുത്തേക്ക് പൂര്‍ണ സംതൃപ്തിയോടെ മടങ്ങുക (വി.ഖു 89/27,28) എന്ന ഖുര്‍ആനിക വചനം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ട ഒന്നാണ് പാപത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന പ്രവാചക പാഠം. ഏതൊരാള്‍ക്കും ഏതെല്ലാം സാഹചര്യത്തില്‍ താന്‍ വഴിപിഴച്ചുപോകുമെന്നതിനെ കുറിച്ച് ബോധ്യമുണ്ടാകും. അത്തരം സാഹചര്യത്തില്‍ താനകപ്പെട്ടാല്‍ സ്വയം നിയന്ത്രിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന ഉത്തമ ബോധ്യമുണ്ടാകുന്ന പക്ഷം അത്തരം സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ് ഏറ്റവും അഭികാമ്യം. കൂട്ടത്തിലായാല്‍ താന്‍ മദ്യപിക്കുമെന്ന് ബോധ്യമുള്ളവന്‍ മദ്യപരുടെ കൂട്ടത്തില്‍ കൂടാതിരിക്കലാണല്ലോ ബുദ്ധി. സന്ദര്‍ഭം ലഭിച്ചാല്‍ താന്‍ വ്യഭിചരിക്കാനിടയുണ്ടെന്ന് ബോധ്യമുള്ളവന്‍ സാഹചര്യം സൃഷ്ടിക്കാതിരിക്കലാണല്ലോ വേണ്ടത്. പ്രലോഭനങ്ങളെ മറികടക്കാന്‍ വേണ്ടത് പ്രലോഭനങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ തടഞ്ഞുവെക്കലാണ്. നീന്താനറിയാത്തവന്‍ സ്വയം ഒഴുക്കുള്ള നദിയിലേക്ക് ചാടിയാലുള്ള അവസ്ഥ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.