Connect with us

Gulf

എണ്ണ പമ്പിംഗ് സ്റ്റേഷന് നേരെ ആക്രമണം; യമനില്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കി സഊദി

Published

|

Last Updated

റിയാദ്/സന്‍ആ: സഊദിയിലെ പ്രധാന രണ്ട് എണ്ണ വിതരണകേന്ദ്രങ്ങള്‍ക്ക് നേരെ യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായി സഊദി സഖ്യസേന യമന്‍ തലസ്ഥാനമായ സന്‍ആയിലെ വിമത കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം ശക്തമാക്കി. സന്‍ആക്ക് തെക്ക്-പടിഞ്ഞാറുള്ള മൗണ്ട് അതാന്‍, നഹ്ദീന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ഹൂത്തികള്‍ക്ക് ആയുധവും മറ്റ് സൈനിക സഹായങ്ങളും നല്‍കുന്നത് ഇറാനാണെന്ന് സഊദി അറേബ്യ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ ഹൂത്തികള്‍ സഊദിയുടെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അയച്ച ഡ്രോണുകള്‍ സഊദി സഖ്യ സേന തകര്‍ക്കുകയും ചെയ്തു. പിടിച്ചെടുത്ത ഡ്രോണുകള്‍ ഇറാനില്‍ നിര്‍മ്മിച്ചവയായിരുന്നു.

ഹൂത്തികളുടെ ആയുധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് സഖ്യ സേന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.യു.എന്‍ രക്ഷാ സമിതിയുടെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഡ്രോണ്‍ ആക്രമണം നടക്കുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്‍ സഹായത്തോടെ സഊദിയുടെ അന്തരാഷ്ട്ര എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയത്.