Connect with us

National

ഗോഡ്‌സെയെ രാജ്യസ്‌നേഹിയാക്കിയതില്‍ മാപ്പ് പറഞ്ഞ് പ്രഗ്യാ സിംഗ് തടിയൂരി

Published

|

Last Updated

ലക്നോ: മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം വിനായക ഗോഡ്സെ രാജ്യ സ്നേഹിയായിരുന്നെന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥിയും മലേഗാവ് സ്ഫോടന കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍. പ്രസ്താവനക്ക് എതിരെ ബിജെപിയില്‍ നിന്ന് ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് ഠാക്കൂര്‍ മാപ്പ് പറയാന്‍ തയ്യാറായത്. പ്രഗ്യയുടെ വക്താവാണ് പ്രസ്താവന പിന്‍വലിച്ച് അവര്‍ മാപ്പ് പറഞ്ഞതായി അറിയിച്ചത്.

ഗോഡ്സയെ തീവ്രവാദി എന്ന വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും പ്രഗ്യാ പറഞ്ഞിരുന്നു. ഗോഡ്സയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും പ്രഗ്യ ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയെന്ന കമല്‍ ഹാസന്റെ പ്രസ്താവനക്ക് മറുപടി പറയുന്നതിനിടെയാണ് ഗോഡ്സയെ പ്രകീര്‍ത്തിച്ചത്.

ഗാന്ധി ഘാതകനെ രാജ്യ സ്നേഹിയാക്കി പ്രഗ്യാ സിംഗ് നടത്തിയ പ്രസ്താവന ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചക്കാണ് വഴിയൊരുക്കിയത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രഗ്യക്ക് എതിരെ രംഗത്ത് വന്നു. സ്വന്തം പാര്‍ട്ടി തന്നെ പ്രസ്താവന തള്ളിയതോടെയാണ് പ്രഗ്യ കുരുക്കിലായത്. മഹാത്മാ ഗാന്ധിയുടെ ഘാതകന് ഒരിക്കലും രാജ്യസനേഹിയാകാന്‍ കഴിയില്ലെന്ന് മധ്യപ്രദേശിലെ ബിജെപി നേതാവ് ലോകേന്ദര്‍ പരാശര്‍ പ്രതികരിച്ചിരുന്നു.

Latest