11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ അരക്ഷിതരാണ്!

ശഫീഖ് കമ്മിറ്റി റിപ്പോര്‍ട്ടിനെ ആധാരമാക്കി സാമൂഹികനീതി വകുപ്പ് നടത്തിയ സര്‍വേ ഫലം സമീപ കാലത്ത് പുറത്തുവന്നു: കേരളത്തില്‍ 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ല. അങ്കൺവാടി ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ ഈ സര്‍വേ, ഇത്രയും വീടുകളിലെ കുട്ടികള്‍ക്ക് നേരെ ഏതെങ്കിലും നിലക്കുള്ള അക്രമ സാധ്യത ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. ഈ അക്രമ സാധ്യതക്ക് റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന കാരണങ്ങള്‍ പലതാണ്. മാതാപിതാക്കളുടെ മദ്യപാനം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ കുടുംബത്തിലെ സാന്നിധ്യം, മനോരോഗമുള്ള കുടുംബാംഗങ്ങള്‍, അച്ഛനോ അമ്മയോ ജീവിച്ചിരിപ്പില്ലാത്തതോ വേര്‍പിരിഞ്ഞ് ജീവിക്കുന്നതോ ആയ സാഹചര്യം... അരക്ഷിതമായ ബാല്യം എന്നത് കാൽപനികമായ ഒന്നല്ല എന്ന് ബോധ്യപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. എഴുതപ്പെട്ട അനേകം കഥകളിലും ജീവചരിത്രങ്ങളിലും വായിച്ചറിഞ്ഞതിനേക്കാള്‍ പതിന്‍മടങ്ങ് മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് വരച്ചിടാവുന്ന ഇന്നത്തെ മലയാളി ബാല്യങ്ങളുടെ അരക്ഷിതാവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ അതുകൊണ്ട് തന്നെ നമ്മള്‍ നിര്‍ബന്ധിതമായിരിക്കുന്നു. കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളില്‍ മുന്തിനില്‍ക്കുന്നു എന്നത് ഒരവകാശവാദമല്ല, യാഥാര്‍ഥ്യം തന്നെയാണ്. പക്ഷേ, കുട്ടികളോടുള്ള കരുതലില്‍ മാത്രം നമ്മള്‍ ഏറെ പിറകിലാണ്. എന്തുകൊണ്ട്? ഇനിയും ഉത്തരം കണ്ടെത്തേണ്ട സമസ്യയാണ്.
Posted on: May 16, 2019 6:13 pm | Last updated: May 16, 2019 at 6:13 pm

“നമ്മുടെ വീടുകളില്‍ കുട്ടികളോടുള്ള സ്‌നേഹം, വാത്സല്യം തുടങ്ങിയവ ഇപ്പോഴും വറ്റിത്തീര്‍ന്നിട്ടില്ല. സ്‌കൂള്‍ വിട്ട്, നിറഞ്ഞൊഴുകുന്ന മിനറല്‍ വാട്ടറിന്റെ വലിയ കുപ്പിപ്പുഴയില്‍ കുളിച്ച് തിമര്‍ത്താടുന്ന കൊച്ചുമോന് കാവല്‍ നില്‍ക്കുന്നുണ്ട് കരയില്‍ സ്‌നേഹത്തിന്റെ പുഴയായി ഒരമ്മ.
അമ്മയുടെ കയ്യില്‍ മിനറല്‍ വാട്ടറിന്റെ മറ്റൊരു കുപ്പി- മോന് ദാഹം മാറ്റാന്‍.
തൊടിയിലെ മാവും പ്ലാവും തേക്കും മുറിച്ചു വില്‍ക്കുമ്പോഴും അച്ഛന്‍ കൊച്ചുമോന് വേണ്ടി ഒരു ബോണ്‍സായ് മരം സ്വീകരണ മുറിയിലേക്ക് കൊണ്ടുവരുന്നുണ്ട്.
സ്‌നേഹത്തിന്റെ മറ്റൊരു മരമായി അച്ഛന്‍ മൊഴിയുന്നു:
“മോനേ, ഈ ബോണ്‍സായ് മരച്ചുവട്ടില്‍ ഇത്തിരി വിശ്രമിക്കൂ. അമ്മൂമ്മയെ സ്റ്റഫ് ചെയ്ത് ചുക്കിച്ചുളിഞ്ഞ തൊലിയോടെ മുറിയില്‍ വെച്ചിട്ടുണ്ട്. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ അമ്മൂമ്മ കഥകള്‍ പറഞ്ഞു തുടങ്ങും.’
ഈ ലോകത്ത് കഥകള്‍ ഇല്ലാത്തവരാണ് അധികമെങ്കിലും പരലോകത്ത് ആരുടെയും കഥ കഴിഞ്ഞിട്ടില്ലെന്ന് അമ്മൂമ്മ.
കുളിക്കാന്‍ കുപ്പിപ്പുഴ, വിശ്രമിക്കാന്‍ ബോണ്‍സായ് മരച്ചുവട്, കഥ പറയാന്‍ പരലോകത്ത് നിന്ന് അമ്മൂമ്മ.
എന്നിട്ടും നമ്മുടെ കുട്ടികളുടെ ശൈശവവും കൗമാരവും നഷ്ടപ്പെടുന്നുവെന്ന് നമ്മള്‍ വെറുതെ വിലപിച്ചു കൊണ്ടേയിരിക്കുന്നു.’

കഥയാണ്, പി കെ പാറക്കടവ് എഴുതിയ “നമ്മുടെ വീടുകള്‍’ എന്ന കഥ. പക്ഷേ, ഇനി പറയാന്‍ പോകുന്നത് കഥയല്ല, കാര്യമാണ്. എല്ലാ കഥകളെയും വെല്ലുന്ന കാര്യങ്ങള്‍. ഇതില്‍ മിനറല്‍ വാട്ടറിന്റെ കുപ്പിയുമായി മകനെ കാത്തിരിക്കുന്ന അമ്മയില്ല. മകന് തണല്‍ കിട്ടാന്‍ ബോണ്‍സായ് മരച്ചുവടൊരുക്കിയ അച്ഛനെ നിങ്ങളിവിടെ കാണില്ല, കൊച്ചുമോന് കഥപറഞ്ഞു കൊടുക്കാനെത്തുന്ന അമ്മൂമ്മയുമില്ല.

നമുക്ക് കുഞ്ഞു ശഫീഖില്‍ നിന്ന് തുടങ്ങാം. വര്‍ഷങ്ങള്‍ക്കപ്പുറം നമ്മുടെ അകം പൊള്ളിച്ച ആറ് വയസുകാരനെ മറക്കാനാകില്ല മലയാളിക്ക്. അച്ഛന്റെയും രണ്ടാനമ്മയുടെയും നിരന്തരമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ സ്വന്തം പിതാവിന്റെ തൊഴിയേറ്റു ബോധരഹിതനായി വീണ ശഫീഖ്. ആ കുഞ്ഞുശരീരം ഏറ്റുവാങ്ങിയ മര്‍ദനങ്ങള്‍ ചെറുതായിരുന്നില്ല. പൊള്ളലേല്‍ക്കാത്ത ഭാഗങ്ങള്‍ ആ ശരീരത്തില്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. കമ്പികൊണ്ടുള്ള അടിയേറ്റ്, ബലംവെച്ചിട്ടില്ലാത്ത കാല്‍ ഒടിഞ്ഞുതൂങ്ങിപ്പോയിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം 75 ശതമാനവും തകരാറിലായിരുന്നു. കേരളം അവനു വേണ്ടി കരഞ്ഞു, പ്രാര്‍ഥിച്ചു. അവന്‍ ഓരോ മലയാളിയുടെയും മൗന നൊമ്പരമായി. പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ലായിരുന്നു. എന്നിട്ടും കേരളത്തിന്റെ കരവും മനവും പിടിച്ച് അവന്‍ ജീവിതത്തിലേക്ക് തിരിച്ചുകയറി. അത്ഭുതകരമായ പിന്മടക്കം എന്ന് ഡോക്ടര്‍മാര്‍ പോലും വിശേഷിപ്പിച്ച തിരിച്ചു വരവായിരുന്നു അത്.

സമീപകാലത്ത് തൊടുപുഴയില്‍ നിന്നായിരുന്നു സമാനമായ മറ്റൊരു സംഭവം. അമ്മയുടെ സുഹൃത്ത് ആയിരുന്നു വില്ലന്‍. കുട്ടി സോഫയില്‍ മൂത്രമൊഴിച്ചതായിരുന്നു “കുറ്റം’. അമ്മയുടെയും കൊച്ചനുജന്റെയും കണ്‍മുന്നിലിട്ടാണ് അയാള്‍ ആ ഏഴ് വയസുകാരന്റെ തല തല്ലിപ്പൊളിച്ചത്. ഹോസ്പിറ്റലില്‍ കുട്ടിക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അയാള്‍ ഡോക്ടര്‍മാരോട് തര്‍ക്കിച്ചു, ചികിത്സ വൈകിച്ചു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം അയാള്‍ അങ്ങനെ നഷ്ടപ്പെടുത്തി. വേദനയുടെ മഹാപര്‍വം കൊച്ചു ശരീരത്തിലേറ്റുവാങ്ങിയ ആ കുട്ടി ഒടുക്കം വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി. ആ കേസില്‍ അമ്മയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇനിയൊരു സംഭവം കട്ടപ്പന ഉപ്പുതറയില്‍ നിന്നാണ്. ഇവിടെയും കുറ്റക്കാരന്‍ അമ്മയുടെ സുഹൃത്ത്. മര്‍ദനമേറ്റത് എട്ട് വയസ്സുകാരിക്ക്.

ശഫീഖ് സംഭവം കേരളത്തെ ശരിക്കും പിടിച്ചുലച്ചു; കുഞ്ഞുങ്ങളോട് ഇങ്ങനെയൊക്കെ ആകാമോ എന്ന് ഓരോരുത്തരും മൂക്കത്ത് വിരല്‍വെച്ചു. ഭരണതലത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. ശഫീഖ് കമ്മിറ്റി രൂപവത്കരിച്ചു. കുട്ടികളുടെ സുരക്ഷയെ കുറിച്ച് കനപ്പെട്ട ആലോചനകള്‍ നടന്നു. ശഫീഖ് കമ്മിറ്റി റിപ്പോര്‍ട്ടിനെ ആധാരമാക്കി സാമൂഹികനീതി വകുപ്പ് നടത്തിയ സര്‍വേ ഫലം സമീപ കാലത്ത് പുറത്തുവന്നു: കേരളത്തില്‍ 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ല. മുന്നില്‍ തിരുവനന്തപുരമാണ്; തൊട്ടുപിറകില്‍ എറണാകുളവും. അംഗന്‍വാടി ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ ഈ സര്‍വേ, ഇത്രയും വീടുകളിലെ കുട്ടികള്‍ക്ക് നേരെ ഏതെങ്കിലും നിലക്കുള്ള അക്രമ സാധ്യത ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. ഈ അക്രമ സാധ്യതക്ക് റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന കാരണങ്ങള്‍ പലതാണ്; മാതാപിതാക്കളുടെ മദ്യപാനം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ കുടുംബത്തിലെ സാന്നിധ്യം, മനോരോഗമുള്ള കുടുംബാംഗങ്ങള്‍, അച്ഛനോ അമ്മയോ ജീവിച്ചിരിപ്പില്ലാത്തതോ വേര്‍പിരിഞ്ഞ് ജീവിക്കുന്നതോ ആയ സാഹചര്യം..അരക്ഷിതമായ ബാല്യം എന്നത് കാല്പനികമായ ഒന്നല്ല എന്ന് ബോധ്യപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. എഴുതപ്പെട്ട അനേകം കഥകളിലും ജീവചരിത്രങ്ങളിലും വായിച്ചറിഞ്ഞതിനേക്കാള്‍ പതിന്‍മടങ്ങ് മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് വരച്ചിടാവുന്ന ഇന്നത്തെ മലയാളി ബാല്യങ്ങളുടെ അരക്ഷിതാവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ അതുകൊണ്ട് തന്നെ നമ്മള്‍ നിര്‍ബന്ധിതമായിരിക്കുന്നു.

എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാത്തതില്‍ അരിശം കയറി പിതാവ് മകനെ മണ്‍വെട്ടി കൊണ്ട് മര്‍ദിച്ചുവെന്ന വാര്‍ത്തയാണ് ഒടുവില്‍ കേട്ടത്. സംഭവം കിളിമാനൂരിലാണ്. നമ്മള്‍ നടുങ്ങിയോ? ഉണ്ടാകാനിടയില്ല. കാരണം, ഇത്തരം വാര്‍ത്തകള്‍ നമുക്ക് പുതുമയല്ല. കേട്ടുതഴമ്പിച്ചിരിക്കുന്നു, കേള്‍ക്കാനാഗ്രഹിക്കാത്ത വാര്‍ത്തകള്‍. കുഞ്ഞുടലുകളില്‍ ക്രൗര്യം പെയ്തിറങ്ങിയ അനേകം സംഭവങ്ങളാണ് കുറച്ചു കാലങ്ങള്‍ക്കിടെ കേരളത്തിലുണ്ടായത്. “മുതിര്‍ന്നവരുടെ’ അധമ വികാരങ്ങള്‍ക്ക് ഉറഞ്ഞു തുള്ളാനുള്ള രംഗവേദിയായി കുട്ടികളുടെ ജീവിതം മാറുന്നതിനെ കുറിച്ച് ഗൗരവതരമായൊരു ചര്‍ച്ച പോലും നടക്കുന്നില്ല എന്നതാണ് അതിശയകരമായ കാര്യം. ആനകളിലുള്ള താത്പര്യം പോലും നമുക്ക് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇല്ലേ എന്ന് സംശയിക്കുമാറ് ക്രൂരമായ നിസ്സംഗത.! എങ്ങനെ കഴിയുന്നു നമ്മള്‍ മലയാളികള്‍ക്ക് ഇങ്ങനെ അടങ്ങിയിരിക്കാന്‍ എന്നതിശയിപ്പിക്കുന്ന മറവികള്‍. ഓരോ സംഭവം ഉണ്ടാകുമ്പോഴും നമ്മള്‍ ഒന്നു ഞെട്ടും; “സാമ്പ്രദായികമായ’ ഒരു ഞെട്ടല്‍. സോഷ്യല്‍ മീഡിയയില്‍ കണ്ണീര്‍പ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കും. രണ്ടാം നാള്‍ അത് വാടിക്കരിയും.

11,72,433 കുടുംബങ്ങളിലെ കുട്ടികള്‍ അരക്ഷിതരായിരിക്കുന്ന കേരളം ഒരണുബോംബിന് മുകളിലാണ് ഉറങ്ങിയുണരുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഇനിയൊരു കുരുന്നിന്റെ കരച്ചില്‍ കൂടി കേള്‍ക്കാന്‍ നമുക്ക് കരുത്തുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. കുട്ടികളോട് കണ്ണില്ലാത്ത ക്രൂരത കാട്ടാന്‍ മാത്രം എന്താണ് കേരളത്തിന് സംഭവിക്കുന്നത്? കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളില്‍ മുന്തിനില്‍ക്കുന്നു എന്നത് ഒരവകാശവാദമല്ല, യാഥാര്‍ഥ്യം തന്നെയാണ്. പക്ഷേ, കുട്ടികളോടുള്ള കരുതലില്‍ മാത്രം നമ്മള്‍ ഏറെ പിറകിലാണ്. എന്തുകൊണ്ട്? ഇനിയും ഉത്തരം കണ്ടെത്തേണ്ട സമസ്യയാണ്.

വര്‍ധിച്ചു വരുന്ന ജീവിത സംഘര്‍ഷമാണ് മനഃശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങളിലൊന്ന്. കുടുംബ ബന്ധങ്ങളിലെ താളപ്പിഴ മുതല്‍ ജോലിയിടങ്ങളിലെ അസ്വസ്ഥത വരെ കുട്ടികളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മുതിര്‍ന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് കുട്ടികള്‍ ബലിയാടാകുന്നു എന്നര്‍ഥം.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്‌നങ്ങളേക്കാള്‍ എത്രയോ പതിന്മടങ്ങാണ് വീടകങ്ങളില്‍ ഒതുങ്ങിപ്പോകുന്ന നിലവിളികള്‍. മക്കളുടെ മേല്‍ നിയന്ത്രണം ഇല്ലാതാകുന്നുവോ എന്ന അപകര്‍ഷതയില്‍ നിന്ന് കൂടിയാണ് പലപ്പോഴും രക്ഷിതാക്കള്‍ ക്രുദ്ധരാകുന്നത്. മക്കളെ നിയന്ത്രിക്കുക എന്നതിനര്‍ഥം അവരെ “വരച്ച വരയില്‍’ നിര്‍ത്തുകയാണെന്ന് തെറ്റുദ്ധരിച്ച രക്ഷിതാക്കള്‍ കുറവല്ല. മക്കള്‍ക്ക് അവരുടേതായ ലോകമുണ്ട് എന്ന് രക്ഷിതാക്കള്‍ തിരിച്ചറിയാത്ത കാലത്തോളം മക്കളുടെ മേലുള്ള അതിക്രമങ്ങള്‍ക്ക് അറുതിയാകില്ല. എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടുകയെന്ന, പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ പരിശ്രമിക്കാനേ കുട്ടിക്ക് കഴിയൂ. അത് നിര്‍ബന്ധമായും നേടിയെടുക്കുക എന്നത് ബൗദ്ധികമായി അസാധ്യമായ മകനെ മണ്‍വെട്ടിക്ക് അടിച്ചാല്‍ കിട്ടാതെ പോയ എ പ്ലസ് വീണ്ടെടുക്കാനാകുമോ? എല്ലാ വിഷയങ്ങളിലും എ പ്ലസ് എന്ന, മലയാളി രക്ഷിതാവിന്റെ ദുരഭിമാനം തലയിലേറ്റാന്‍ വയ്യാത്ത ഭാരമായി മക്കളുടെ ജീവിതത്തെ വേട്ടയാടുന്നത് ആരറിയുന്നു? മാതാപിതാക്കളുടെ ഇച്ഛാഭംഗങ്ങള്‍ക്ക് മക്കള്‍ തല്ലുവാങ്ങേണ്ടി വരുന്ന ദുര്‍ഗതി ഇക്കേരളത്തിലല്ലാതെ മറ്റെവിടെയുണ്ട്? കുട്ടികളെ മണ്‍വെട്ടി കൊണ്ട് അടിക്കുന്നത് മാത്രമല്ല, വയ്യാത്ത ഭാരം അവരുടെ ചുമലില്‍ കയറ്റിവെക്കുന്നതും പീഡനമാണ് എന്ന് നമ്മളെന്നാണ് മനസിലാക്കുക?

പ്രിയപ്പെട്ട രക്ഷിതാവേ, നിങ്ങളുടെ മകള്‍/ മകന്‍ നിങ്ങളുടെ അടിമയല്ല. നിങ്ങള്‍ അവരുടെ അധികാരിയുമല്ല. നിങ്ങള്‍ക്ക് എറിഞ്ഞുടക്കാനുള്ള കളിക്കോപ്പുകളല്ല കുട്ടികള്‍. മക്കളെ വഴിനടത്താനാണ് രക്ഷിതാക്കളുടെ നിയോഗം, അവരുടെ വഴി മുടക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടിരിക്കാനായില്ലെങ്കിലും അവരുടെ സ്വപ്‌നങ്ങളുടെ ചിറകരിയാതിരിക്കുക. ഈ ലോകം അവരുടേത് കൂടിയാണ്.

മുഹമ്മദലി കിനാലൂര്‍