അനുസ്മരണ യോഗത്തില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കരുത്; പിജെ ജോസഫിനെതിരെ കോടതി വിധി സമ്പാദിച്ച് ജോസ് കെ മാണി

Posted on: May 15, 2019 9:42 pm | Last updated: May 16, 2019 at 9:27 am

തിരുവനന്തപുരം: കെഎം മാണി അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാനെ തെരെഞ്ഞെടുക്കാനുള്ള പി ജെ ജോസഫിന്റെ നീക്കത്തിനെതിരെ ജോസ് കെ മാണി വിഭാഗം കോടതിയില്‍നിന്നും അനുകൂല വിധി സമ്പാദിച്ചു. മാണി അനുസ്മരണ ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കോടതി അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു. കൊല്ലം ജില്ലാ ജനറല്‍ സെക്രെട്ടറി മനോജിന്റെ ഹര്‍ജിയില്‍ ആണ് നടപടി. ബൈലോ പ്രകാരമല്ല നടപടി എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

അതേ സമയം തെറ്റിദ്ധാരണ കൊണ്ടാണ് ചിലര്‍ കോടതിയെ സമീപിച്ചതെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ചെയര്‍മാനെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മറ്റിയാണെന്നും അക്കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ താത്കാലിക ചുമതല പിജെ ജോസഫിന് കൈമാറിയിരുന്നു. സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ആണ് ഇക്കാര്യം അറിയിച്ചത്. താല്‍ക്കാലിക ചെയര്‍മാന്‍ പദവി ഉപയോഗിച്ച് പിജെ ജോസഫ് പാര്‍ട്ടി പിടിച്ചെടുത്തേക്കുമെന്ന് ജോസ് കെ മാണി വിഭാഗം ആശങ്കപ്പെടുന്നുണ്ട്.