Connect with us

National

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ നടപടി;പശ്ചിമ ബംഗാളിലെ പരസ്യ പ്രചാരണം വെട്ടിക്കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടപ്പിന്റെ അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെട്ടിക്കുറച്ചു .ഒരു ദിവസത്തെ പ്രചാരണമാണ് വെട്ടിക്കുറച്ചത്. ചൊവ്വാഴ്ച വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണു കമ്മിഷന്റെ അസാധാരണ നടപടി.

മേയ് 19ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കുമെന്നു കമ്മിഷന്‍ അറിയിച്ചു. 19നാണ് തിരഞ്ഞെടപ്പ്. ഭരണഘടനയുടെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ അധികാരം ഉപയോഗിക്കുന്നത്.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിക്കുശേഷം പ്രചാരണം നടത്താന്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നോര്‍ത്ത്, സൗത്ത് കൊല്‍ക്കത്ത, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പൂര്‍, മഥുരാപൂര്‍, ജയ്‌നഗര്‍, ബസിര്‍ഹത് തുടങ്ങി 9 സീറ്റുകളിലേക്കാണ് അവസാന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ബംഗാളിലെ സംഘര്‍ഷത്തിനു പിന്നാലെ ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി ഉന്നയിച്ചിരുന്നു.അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്നു തൃണമൂലും തൃണമൂലാണെന്നു ബിജെപിയും പരസ്പരം ആരോപണമുന്നയിക്കുകയാണ്. അമിത് ഷായുടെ റാലിക്കിടെ ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബിജെപി അക്രമികളുടെ നീക്കം വലിയ നാണക്കേടാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞു.

Latest