Connect with us

Religion

സ്വാതന്ത്ര്യ സമരത്തിന് വീര്യം പകർന്ന കാനാഞ്ചേരി ജുമുഅ മസ്ജിദ്

Published

|

Last Updated

കൽപകഞ്ചേരി: നൂറ്റാണ്ടുകൾ പഴക്കമുള്ള കാനാഞ്ചേരി ജുമുഅ മസ്ജിദ് സ്വാതന്ത്ര്യ സമരത്തിന് വീര്യം പകർന്നിരുന്നു. ബ്രിട്ടീഷുകാർക്കെതിരിൽ പോരാട്ടം നടത്തിയിരുന്ന മലബാറിലെ മാപ്പിളമാരുടെ രഹസ്യ കേന്ദ്രമായിരുന്നു കാനാഞ്ചേരി പള്ളിപ്പറമ്പ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി രഹസ്യ യോഗങ്ങൾ ഇവിടെ വെച്ച് നടന്നിരുന്നു. പള്ളി സ്ഥാപിതമായിട്ട് എത്ര കാലമായെന്ന് കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും 400ലധികം വർഷത്തെ പഴക്കമുണ്ടെന്ന് ചിലർ പറയുമ്പോൾ പള്ളിയുടെ മിമ്പറിൽ കാണപ്പെടുന്ന ഒരു പ്രത്യേക ലിപിയിലുള്ള ലിഖിതം അടിസ്ഥാനമാക്കി 700ലധികം കാലപ്പഴക്കമുണ്ടെന്നും ചിലർ പറയുന്നു. മമ്പുറം സയ്യിദ് അലവി തങ്ങൾക്ക് കാനാഞ്ചേരിയുമായി ബന്ധമുണ്ടായിരുന്നു.

പള്ളിയുടെ കിഴക്കു ഭാഗത്ത് പോയി നിസ്‌കാരം ആരംഭിക്കാനുള്ള നിർദേശവുമായി തങ്ങൾ കിഴക്കേപുറത്തേക്ക് ആളെ പറഞ്ഞയച്ചു എന്നതാണ് ചരിത്രം. അദ്ദേഹം പള്ളിയിൽ വന്നിട്ടുണ്ടെന്നും വടക്കുഭാഗത്ത് ഒരു പാറപ്പുറത്ത് നിസ്‌കരിച്ചുവെന്നും ആ സ്ഥലം ആരോ പാറയിൽ കൊത്തി അടയാളപ്പെടുത്തിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ കാനാഞ്ചേരി മസ്ജിദിന്റെ പരിപാലന ചുമതല ഇവിടത്തെ ചില പ്രമുഖ തറവാട്ടുകാർക്കായിരുന്നു. നടുവഞ്ചേരി ആലിമമ്മദ് ഹാജി, ഓടായപ്പുറത്ത് അഹമ്മദ് കുട്ടി എന്നിവർ ഇവരിൽ പ്രമുഖരായിരുന്നു.

1916 ൽ മുനവ്വിറുൽ ഇസ് ലാംസഭ രൂപവത്കരിച്ചതു മുതലാണ് മഹല്ല് ഭരണ സംവിധാനം നിലവിൽ വന്നത്. മണ്ടായപ്പുറത്ത് മൂപ്പൻമാരാണ് മമ്പുറം തങ്ങളുടെ നിർദേശ പ്രകാരം പള്ളിയുടെ മേൽക്കൂരയുടെ ഓലമാറ്റി മാറോട് ആക്കി പള്ളി വിപുലീകരിച്ചത്. 1911 ന് ശേഷമാണ് പിന്നീട് മാറോട് മാറ്റി ഓടിട്ടത്. 2008 ൽ പുതുക്കി പണിയുന്നതിന് മുമ്പ് പള്ളിയുടെ തറനിലയുടെ മേൽത്തട്ടും മേൽക്കൂരയുമെല്ലാം മുഴുവൻ മരത്തടി കൊണ്ട് നിർമിച്ചതായിരുന്നു. ഒരോ തൂണുകളും വലിയ മരങ്ങളായിരുന്നു. മേൽക്കൂരയുടെ കഴുക്കോലുകൾ ഇന്ന് വീടുണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന കഴുക്കോലിന്റെ ഇരട്ടിയിലധികം വീതിയും കനവുമുണ്ടായിരുന്നു. ഇന്നത്തെ ആശാരിമാർക്ക് ഈ രീതിയിൽ ഒരു കൂട്ടുകയറ്റാൻ കഴിയില്ലെന്നതാണ് പൊതുവേയുള്ള ധാരണ.

പഴയ പള്ളിയുടെ മിമ്പർ ഒരു മാറ്റവും വരുത്താതെ തന്നെയാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുണ്ടായിട്ടും നിറം മങ്ങുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടില്ല. പഴയ പള്ളിയുടെ തറയിൽ പാകിയിരുന്നത് മണ്ണുകൊണ്ടുള്ള ടൈൽസായിരുന്നു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സഹോദരൻ ഉമറലി ശിഹാബ് തങ്ങളും കാനാഞ്ചേരി പള്ളി ദർസിലെ വിദ്യാർഥികളായിരുന്നു. ഇവിടെ ദർസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈജിപ്തിലെ കെയ്റോ യൂനിവേഴ്‌സിറ്റിയിലേക്ക് ഉപരിപഠനത്തിനായി പോയത്. 2008 ൽ പുതുക്കിപണിത കാനാഞ്ചേരി ജുമുഅ മസ്ജിദ് ഉദ്ഘാടനം നിർവഹിച്ചതും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഏറെ പ്രൗഢവും മാതൃകാപരവുമായിരുന്നു.