ആര്‍ എസ് എസിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി കമല്‍നാഥ്; ശാഖകള്‍ നിരോധിക്കും

Posted on: May 15, 2019 12:41 pm | Last updated: May 15, 2019 at 5:02 pm

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആര്‍ എസ് എസിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മുഖ്യമന്ത്രി കമല്‍നാഥ്. പൊതു ഇടങ്ങളില്‍ ആര്‍ എസ് എസ് ശാഖകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും ഗോവധത്തിന് ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനുമാണ് നീക്കം. ബി ജെ പിയുടെ ഹിന്ദുത്വ പരിപാടി സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നത് തടയാന്‍ ഒരുപരിധി വരെ സാധിച്ചിട്ടുണ്ടെന്നും ആര്‍ എസ് എസിന്റെ പ്രവര്‍ത്തനം ശക്തമായി തടയുമെന്നും കമല്‍നാഥ് വ്യക്തമാക്കി. മതത്തെ രാഷ്ട്രീയമായി ചൂഷണം ചെയ്യുകയാണ് ബി ജെ പി. അത് ന്യായീകരിക്കാനോ അനുവദിക്കാനോ കഴിയില്ല.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധവുമായി ബന്ധപ്പെട്ട് ചിലരുടെ പേരില്‍ കേസെടുത്തത് വലിയ വിവാദങ്ങള്‍ക്കു തിരി കൊളുത്തിയിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിലപാടുമായി കമല്‍നാഥ് രംഗത്തെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ 29 സീറ്റുകളില്‍ 22 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.