Connect with us

Education

എം ജിയില്‍ ബിരുദ പ്രവേശനം: ഏകജാലകം നാളെ മുതല്‍

Published

|

Last Updated

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളില്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. മെയ് 27 ന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ UGCAP 2019 എന്ന ലിങ്കിലൂടെ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടത്താം. രജിസ്ടേഷന്‍ ഫീസ് 750 രൂപ (എസ്.സി/എസ്.ടി വിഭാഗത്തിന് 375 രൂപ).
ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്. ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ് വേ വഴി അപേക്ഷകര്‍ക്ക് ബാങ്കുകളില്‍ പോകാതെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് 24 മണിക്കൂറും ഫീസ് അടയ്ക്കാം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്മെന്റും മെയ് 30ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്മെന്റ് ജൂണ്‍ ആറിനും രണ്ടാം അലോട്മെന്റ് ജൂണ്‍ 15നും പ്രസിദ്ധീകരിക്കും.

മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ നേരിട്ട് നല്‍കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ നേരിട്ട് സമര്‍പ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍, ഭിന്നശേഷി ക്വാട്ടാകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.

ഭിന്നശേഷി/സ്പോര്‍ട്സ്/കള്‍ച്ചറല്‍ ക്വാട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്ത സീറ്റുകളിലേക്ക് മെയ് 24നകം അപേക്ഷ നല്‍കണം. ഈ സീറ്റുകളിലേക്കുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് മെയ് 25ന് പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത് കോളേജുകളില്‍ മെയ് 27, 28 തീയതികളില്‍ നടക്കും.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ടി വിപുലമായ സംവിധാനങ്ങള്‍ സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും ഒരുക്കിയിട്ടുണ്ട്. അക്ഷയ സെന്ററുകള്‍ വഴിയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. അഫിലിയേറ്റഡ് കോളേജുകളില്‍ ഏകജാലക ഹെല്‍പ് ഡെസ്‌കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest