“അവര്‍ വ്യാജസഖാക്കള്‍, സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്”

സോഷ്യലിസ്റ്റ്
www.facebook.com/advprathibha
Posted on: May 14, 2019 6:05 pm | Last updated: May 14, 2019 at 6:05 pm

കായകുളം: ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ വിമര്‍നവുമായി എത്തിയവര്‍ക്ക് കായംകുളം എം എല്‍ എ യു. പ്രതിഭയുടെ മറുപടി.
മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് താന്‍ സ്‌പോര്‍ടിസ്മാന്‍ സ്പിരിറ്റോടെ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ആളുകള്‍ സംഭവം ആഘോഷമാക്കിയപ്പോള്‍ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചുവെന്ന് പ്രതിഭ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എന്റെ അക്കൗണ്ട് വരെ പൂട്ടിക്കുമെന്ന് പറഞ്ഞതിനാല്‍ പേടിച്ച് പനിയായി കിടപ്പിലായിരുന്നുവെന്ന് പ്രതിഭ വിമര്‍ശകരെ പരിഹസിച്ചു. വ്യക്തിപരമായി ചിലര്‍ക്കൊക്കെ തന്നോട് ചില്ലറ വിരോധമൊക്കെ ഉണ്ടെന്ന് ചില കമന്റിലൂടെ മനസ്സിലായിയെന്നും എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചവരെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്. കൂടുതല്‍ പറയുന്നില്ല.-പ്രതിഭ പറഞ്ഞു. കമന്റ് വിവാദത്തില്‍ രണ്ടാം തവണയും ഫേസ്ബുക്കിലൂടെ പ്രതികരിച്ച പ്രതിഭ ഇനി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമൻറിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നു.