Kerala
15 സീറ്റുകളില്‍ കടുത്ത മത്സരം; യു ഡി എഫിന് മികച്ച വിജയം- മുല്ലപ്പള്ളി

തിരുവനന്തപുരം: 20 മണ്ഡലങ്ങളിലും യു ഡി എഫ് ജയിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഞ്ച് മണ്ഡലങ്ങളില്‍ അനായാസം ജയിക്കും. മറ്റിടങ്ങളില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന കെ പി സി സി നേതൃയോഗത്തിന് ശേഷം മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിഞ്ഞതും അനുകൂല ഘടകങ്ങള്‍ ഏറെയുള്ളതും കോണ്‍ഗ്രസിനും യു ഡി എഫിനുമായിരുന്നു. കേന്ദ്രം ഭരിച്ച ബി ജെ പി സര്‍ക്കാറിനും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാറിനുമെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യു ഡി എഫിന് എതിരെ ഒരിടത്തും അടിയൊഴുക്ക് ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളുടെ ഉറച്ച പിന്തുണ യു ഡി എഫിന് ലഭിച്ചു. അസാധാരണമായ ഐക്യമാണ് ന്യൂനപക്ഷങ്ങള്‍ പുലര്‍ത്തിയത്. എല്ലായിടത്തും അതിരാവിലെ ന്യൂനപക്ഷങ്ങള്‍ വോട്ട് ചെയ്യാനെത്തിയത് ഇതിന് ഉദാഹരണം. യു ഡി എഫിലെ ഘടകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിനുള്ളിലും ഇത്ര ഐക്യത്തോടെ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഈ അനുകൂല സാഹചര്യങ്ങളുടെ ഭലത്തില്‍ യു ഡി എഫ് വന്‍ വിജയം നേടും.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വലിയ ശ്രമങ്ങളുണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങളെ വലിയ തോതില്‍ സി പി എം ദുരപയോഗം ചെയ്തു. മലബാറിലാണ് കള്ളവോട്ട് അട്ടിമറികള്‍ ഏറെയുണ്ടായി. ഇത് സംബന്ധിച്ച് വിശദമായ ഒരു അന്വേഷണം നടത്താന്‍ കെ പി സി സി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. എല്ലാ പാര്‍ലിമെന്റ് മണ്ഡലങ്ങളിലും ഈ സമിതി പര്യടനം നടത്തി തെളിവുകള്‍ ശേഖരിക്കും. ഇതിന് അനുസൃതമായി നിയമ നടപടികള്‍ സ്വീകരിക്കും.
തൃശൂരിലെ സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ ഒരു ആശങ്കയും പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വിജയ പ്രതീക്ഷയാണ് പങ്കുവെച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.