Connect with us

Religion

നിരാശ വേണ്ട; അല്ലാഹുവിന്റെ കാരുണ്യമുണ്ട്‌

Published

|

Last Updated

അലക്ഷ്യമായി അലഞ്ഞു തിരിയുകയാണ് ഒരു കൊച്ചുകുട്ടി. ഇത് ശ്രദ്ധയില്‍പ്പെട്ട തിരുനബി (സ്വ) കൂടെയുണ്ടായിരുന്ന ഉമര്‍(റ)വിനോട് പറഞ്ഞു. “കുട്ടിയെ അരികില്‍ വെക്കുക, വഴിതെറ്റിയതാണത്”. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീയുടെ ആര്‍ത്തനാദം കേള്‍ക്കുന്നു. “ആ സ്ത്രീയെ വിളിക്കൂ, കുഞ്ഞിന്റെ ഉമ്മയാണത്”. തിരുനബി നിര്‍ദേശിച്ചു. വിഭ്രാന്തി പൂണ്ട വദനവുമായി സ്ത്രീ ഓടി വന്ന് കുഞ്ഞിനെ ഉമര്‍(റ)വിന്റെ മടിത്തട്ടില്‍ നിന്ന് വാരിയെടുത്തു കൊണ്ട് പോയി. അന്നേരം തിരുനബി(സ്വ) അനുയായി വൃന്ദത്തോട് ചോദിച്ചു. “ഈ ഉമ്മ തന്റെ കുഞ്ഞിനോട് ദയാവായ്പും കാരുണ്യവുമുള്ളവളാണെന്ന് നിങ്ങള്‍ക്കഭിപ്രായമുണ്ടോ?”
“അതെ”, സ്വഹാബികള്‍ പ്രതിവചിച്ചു. ശേഷമവിടുന്നരുളി; അല്ലാഹു സത്യം, ഈ മാതൃഹൃദയം തന്റെ കുഞ്ഞിനോട് പ്രകടിപ്പിച്ചതിനേക്കാള്‍ കരുണാവാരിധിയാണ് അല്ലാഹു. സ്രഷ്ടാവിന്റെ ദയാവായ്പിന്റെ അനന്തതയിലേക്ക് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ക്ഷണിക്കുകയാണ് തിരുനബി(സ്വ).

മറ്റൊരു ഹദീസില്‍ കാണാം. ഒരാള്‍ ഒരു പക്ഷിക്കുഞ്ഞിനെ പിടിച്ചു മടിയില്‍ വെച്ചു. കുഞ്ഞിനെ തേടി വന്ന തള്ളപ്പക്ഷി അയാളുടെ മടിയിലേക്ക് പാറി വന്നു. അങ്ങനെ അയാള്‍ അതിനെയും പിടിച്ചു. അപ്പോള്‍ മുത്ത് നബി(സ്വ) പറഞ്ഞു. “അത്ഭുതം തന്നെ, കുഞ്ഞിനോടുള്ള ദയാവായ്പ് നിമിത്തം ഒരു പക്ഷി സ്വജീവന്‍ പോലും പണയപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവാണ് സത്യം, ഈ പക്ഷിക്ക് കുഞ്ഞിനോടുള്ളതിനേക്കാള്‍ അല്ലാഹു അവന്റെ വിശ്വാസിയായ അടിമയോട് കാരുണ്യമുള്ളവനാണ്.”
സ്രഷ്ടാവിന്റെ അനന്തമായ കരുണാവായ്പിനെ അനാവരണം ചെയ്യുന്ന ഇത്തരം നിരവധി പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും തിരുവചനങ്ങളിലും ദര്‍ശിക്കാം. ഖുര്‍ആനിലെ “തൗബ” അല്ലാത്ത മുഴുവന്‍ സൂറത്തുകളുടെയും ആദ്യ സൂക്തമായ ബിസ്മിയില്‍ പരാമര്‍ശിക്കപ്പെട്ട അല്ലാഹുവിന്റെ രണ്ട് വിശേഷങ്ങള്‍ “റഹ്മാന്‍, റഹീം” എന്നിവയാണ്. ആദ്യത്തേത് സൃഷ്ടി ജാലങ്ങളോടൊന്നടങ്കം ഇഹലോകത്ത് അല്ലാഹു കാണിക്കുന്ന കാരുണ്യത്തെയും രണ്ടാമത്തേത് തന്നെ വിശ്വസിച്ചവരോടുള്ള അവന്റെ ദയാവായ്പിനെയും കുറിക്കുന്നു. മനുഷ്യന്റെ നിലനില്‍പ്പിന്നാധാരവും അമൂര്‍ത്തവുമായ സ്‌നേഹ കാരുണ്യാതി സ്വഭാവഗുണങ്ങള്‍ സൃഷ്ടികളില്‍ സന്നിവേശിപ്പിച്ച സ്രഷ്ടാവ് എങ്ങനെ നിസ്തുലമായ കാരുണ്യത്തിന്റെ പ്രതീകമാകാതിരിക്കും?
നബി(സ്വ)പറഞ്ഞു: അല്ലാഹുവിന്റെ അരികില്‍ കാരുണ്യത്തിന്റെ നൂറ് ഭാഗങ്ങളുണ്ട്. അതിലൊരു ഭാഗം മലക്കുകളിലും മനുഷ്യ-ഭൂത വിഭാഗങ്ങളിലും ഇതര ജീവികളിലുമല്ലാഹു വര്‍ഷിച്ചു. സൃഷ്ടികള്‍ തമ്മിലുള്ള കാരുണ്യത്തിന്റെയും സ്‌നേഹോഷ്മള പെരുമാറ്റങ്ങളുടെയും നിദാനമതാണ്. ബാക്കി 99 ഭാഗങ്ങള്‍ അല്ലാഹു അന്ത്യനാളിലേക്ക് മാറ്റി വെച്ചിരിക്കുന്നു.

അല്ലാഹുവിന്റെ കരുണാകടാക്ഷം സൃഷ്ടികളെ മുഴുവന്‍ തഴുകുന്നു. “ഞാനുദ്ദേശിക്കുന്നവര്‍ക്ക് എന്റെ ശിക്ഷ എത്തുന്നു. എന്റെ കാരുണ്യം സര്‍വ വസ്തുക്കളിലും വ്യാപിച്ചുകിടക്കുന്നു.” ലൗകികവും ആത്മീയവുമായ ഉള്‍പിരിവുകളില്‍ കുരുങ്ങി കെട്ടുപിണഞ്ഞു കിടക്കുന്ന മനസ്സുകള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരാണ് അല്ലാഹുവിന്റെ കാരുണ്യം.

അവന്‍ പറഞ്ഞു: “അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിങ്ങള്‍ നിരാശരാകരുത്”
ഒരിക്കലും വിമോചിതനാകില്ലെന്ന് നിനച്ച് ജീവിതം ഹോമിക്കാനുറച്ചവന് പോലും ഈ ആഹ്വാനം പുതുജീവന്‍ നല്‍കുന്നു. തെമ്മാടിത്തത്തിന്റെ പടുകുഴിയിലാപതിച്ച് ഹൃദയം കറുത്തിരുണ്ടവനോട് ഇനിയും വഴിയുണ്ടെന്ന് ഈ വചനം ഓര്‍മപ്പെടുത്തുന്നു.
അല്ലാഹുവിന്റെ കാരുണ്യത്തിന് ചിത്രീകരണമാണ് ഈ പ്രപഞ്ചം മുഴുക്കയും. വിസ്മയവും രമണീയവുമായ സസ്യലതാദികള്‍, പഴവര്‍ഗങ്ങള്‍, ഗോളങ്ങള്‍.. എല്ലാം മനുഷ്യ-ഇതര ജീവജാലങ്ങളുടെ സുഖദായക ജീവിതത്തിന് പടച്ചവന്‍ ഒരുക്കൂട്ടിയതാണ്.

ഭൂമിയിലുള്ളത് മുഴുക്കെയും നിങ്ങള്‍ക്ക് വേണ്ടിയാണ് അല്ലാഹു പടച്ചത്. പക്ഷേ ചില നിയന്ത്രണ രേഖകള്‍ സംവിധാനിച്ചുവെന്ന് മാത്രം. അതിന്റെ ഉള്ളില്‍ വേണ്ടുവോളമിതൊക്കെ ആസ്വദിക്കാന്‍ മനുഷ്യനല്ലാഹു അനുവാദം നല്‍കുന്നു. അല്ലാഹുവിന്റെ കാരുണ്യം തെറ്റുകളില്‍ അഭിരമിക്കാനുള്ള പ്രോത്സാഹനമല്ല, പ്രത്യുത അനുനിമിഷം അവന്‍ ചെയ്യുന്ന അനുഗ്രഹങ്ങളെ കുറിച്ചാലോചിച്ചു അവനിലേക്ക് മടങ്ങാനുള്ള ഉല്‍ക്കടമായ ആശ ആവാഹിക്കാനുള്ള ഊര്‍ജമാണത്.
മരണശയ്യയില്‍ കിടക്കുന്ന ഒരു യുവാവിന്റെ സന്നിധിയില്‍ തിരുനബി പ്രവേശിച്ചു വിവരങ്ങളന്വേഷിച്ചു. അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയുണ്ടെനിക്ക്, എന്നാല്‍ എന്റെ പാപങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. അപ്പോള്‍ തിരുനബി പറഞ്ഞു: ഈ രണ്ട് വിചാരങ്ങളും സംഗമിച്ച അടിമക്കല്ലാഹു പ്രതീക്ഷ നിറവേറ്റിക്കൊടുക്കുകയും ഭയത്തില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യും.

കരുണാമയന്റെ കരുണ കടാക്ഷങ്ങള്‍ കൂടുതല്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ അവനെ പ്രീതിപ്പെടുത്തുകയും അവന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ജീവിതം പാകപ്പെടുത്തുകയും വേണം. കാരുണ്യം ലഭിക്കാനുള്ള വിവിധ വഴികള്‍ അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്.

പാപമോചനം നടത്തുക, ക്ഷമാശീലം, സൃഷ്ടികളോട് കരുണ കാണിക്കുക, ദൈവിക ഭയം, ദാന ധര്‍മങ്ങള്‍,
നന്മ കൊണ്ടുള്ള കല്‍പ്പനയും തിന്മ നിരോധിക്കലും തുടങ്ങി വിവിധ വഴികള്‍ അല്ലാഹു പറഞ്ഞു തന്നിട്ടുണ്ട്.
അല്ലാഹുവിന്റെ പ്രവിശാലമായ കാരുണ്യത്തിലേക്ക് കൈകള്‍ ഉയര്‍ത്തുന്ന റമസാനിലെ ആദ്യത്തെ പത്തില്‍ അവശേഷിക്കുന്നത് വളരെ കുറച്ച് സമയം മാത്രം. കാരുണ്യവാനോട് മനമുരുകി തേടുക.

ഫാറൂഖ് അലി അഹ്‌സനി പെരുവയല്‍ • kfarukali2013@gmail.com